നിയമം നടപ്പാക്കുന്നതിലും മതവിഭാഗങ്ങളുടെ എതിര്‍പ്പ് അധികാരികള്‍ക്ക് ഭയം –ഹൈകോടതി

കൊച്ചി: ജനാധിപത്യമാണെന്നു പറയുമ്പോഴും നിയമം നടപ്പാക്കുന്നതില്‍പോലും മതവിഭാഗങ്ങളുടെ എതിര്‍പ്പ് ഭരണാധികാരികള്‍ ഭയക്കുന്നുവെന്ന് ഹൈകോടതി. നിയമം വേണ്ടവിധം നടപ്പാക്കിയാല്‍ ഇന്നത്തെ പല പ്രശ്നങ്ങളും ഉണ്ടാകില്ളെന്നും ജസ്റ്റിസ് പി. ഉബൈദ് വാക്കാല്‍ അഭിപ്രായപ്പെട്ടു.
പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ക്ഷേത്രം ഭാരവാഹികള്‍ അടക്കമുള്ളവരുടെ ജാമ്യഹരജി പരിഗണിക്കവേയായിരുന്നു കോടതിയുടെ നിരീക്ഷണം. കക്ഷികളുടെ വാദം പൂര്‍ത്തിയാക്കിയ കോടതി ഹരജികള്‍ വിധി പറയാന്‍ മാറ്റി. വെടിക്കെട്ട് നടത്തുന്നത് ജില്ലാ ഭരണകൂടം വിലക്കിയിട്ടും അനുമതി നല്‍കിയ പൊലീസ് ഉദ്യോഗസ്ഥരുടെ നടപടി ഗൗരവതരമാണ്.
ഒരു തരത്തില്‍ പറഞ്ഞാല്‍, ഇതല്ലാതെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ചെയ്യാനും കഴിയില്ല. അനുമതി സംബന്ധിച്ച രേഖകള്‍ ചോദിച്ചിരുന്നെങ്കില്‍ ആ പൊലീസ് ഉദ്യോഗസ്ഥന്‍ ചിലപ്പോള്‍ സര്‍വിസില്‍ ഉണ്ടാകുമായിരുന്നില്ല. കുറഞ്ഞപക്ഷം മറ്റേതെങ്കിലും നാട്ടിലേക്ക് സ്ഥലംമാറ്റപ്പെടും. ഇതാണ് നാട്ടിലെ അവസ്ഥയെന്ന് കോടതി നിരീക്ഷിച്ചു.
5000 കിലോ സ്ഫോടകവസ്തുക്കള്‍ വെടിക്കെട്ടിനായി എത്തിച്ചെന്നത് അവിശ്വസനീയമാണെന്ന് പ്രതികളുടെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. ഇത്രയും അളവ് വെടിമരുന്ന് കൊണ്ടുവരണമെങ്കില്‍ അഞ്ച് ട്രക്കെങ്കിലും വേണ്ടിവരും. എന്നാല്‍, പെട്ടി ഓട്ടോറിക്ഷയിലും ഒമ്നി വാനിലുമായാണ് അളവില്‍ കവിഞ്ഞ വെടിമരുന്ന് എത്തിച്ചതെന്ന കേസാണ് നിലവിലുള്ളതെന്നും ഇത് നിലനില്‍ക്കുന്നതല്ളെന്നും ഹരജിക്കാര്‍ വ്യക്തമാക്കി.
നിരോധിത രാസവസ്തുവായ പൊട്ടാസ്യം ക്ളോറേറ്റ് ആരാണ് എത്തിച്ചതെന്ന ചോദ്യത്തിന് അധികൃതര്‍ക്ക് രേഖാമൂലം മറുപടി നല്‍കാനായില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.