ആറന്മുള വിമാനത്താവളം: മണ്ണിട്ടുനികത്തിയ തോടും ചാലുംപൂര്‍വസ്ഥിതിയിലാക്കും –മന്ത്രി

ആറന്മുള വിമാനത്താവളം: മണ്ണിട്ടുനികത്തിയ തോടും ചാലുംപൂര്‍വസ്ഥിതിയിലാക്കും –മന്ത്രി


തിരുവനന്തപുരം: ആറന്മുള വിമാനത്താവള പദ്ധതിയുടെ പേരില്‍ നിയമവിരുദ്ധമായി മണ്ണിട്ടുനികത്തിയ കരിമാരം തോടും ആറന്മുള ചാലും ഒരു മാസത്തിനകം മണ്ണ് നീക്കി പൂര്‍വസ്ഥിതിയിലാക്കുമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍. റവന്യൂ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുകൂട്ടിയതിലാണ് തീരുമാനമെന്നും ഇതുസംബന്ധിച്ച് കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

2014ലെ ഹൈകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. കോടതി നിര്‍ദേശമുണ്ടായി രണ്ട് വര്‍ഷക്കാലവും  ഭൂമാഫിയയുടെ ഒത്താശയോടെ മുന്‍ സര്‍ക്കാര്‍ വിധി അട്ടിമറിക്കുകയായിരുന്നു. പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചെലവ് എത്രയായാലും സര്‍ക്കാര്‍ വഹിക്കും.

നീരൊഴുക്ക് പുന$സ്ഥാപിക്കുന്നതിന് കൂടുതല്‍ പണികള്‍ ആവശ്യമെങ്കില്‍ റിവര്‍ മാനേജ്മെന്‍റ് ഫണ്ടില്‍നിന്ന് ആവശ്യമായ തുക വിനിയോഗിക്കും. റോയല്‍റ്റി നല്‍കി മണ്ണ് ഏറ്റെടുക്കാന്‍ ആവശ്യക്കാരില്ല എന്ന കാരണത്താലാണ് മണ്ണ് നീക്കംചെയ്യാത്തതെന്ന വാദം ശരിയല്ല. റെയില്‍വേയുടെയും കെ.എസ്.ടി.പിയുടെയും നിരവധി പദ്ധതികള്‍ക്ക് മണ്ണ് ആവശ്യമായിരിക്കെ ഈ തടസ്സങ്ങള്‍ക്ക് ന്യായീകരണമില്ല.
മണ്ണെടുപ്പ് സംബന്ധിച്ച് ഈമാസം 17ന് റെയില്‍വേയുടെയും കെ.എസ്.ടി.പിയുടെയും അധികൃതരുടെ യോഗം വിളിച്ചിട്ടുണ്ട്. ഇവര്‍ സന്നദ്ധരല്ളെങ്കില്‍ പുറത്തുള്ളവര്‍ക്ക് നല്‍കുന്ന കാര്യം ആലോചിക്കും. 24 ഹെക്ടറോളം സ്ഥലമാണ് മണ്ണിട്ട് നികത്തിയിട്ടുള്ളത്. ഇതില്‍ ചാലുകളും തോടുകളുമുള്ള ഭാഗമാണ് ആദ്യം പുന$സ്ഥാപിക്കുകയെന്നും മന്ത്രി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.