ജലഗതാഗത വകുപ്പില്‍ പുതുവിപ്ളവം ആദ്യ സോളാര്‍ ബോട്ട് യാത്രക്കൊരുങ്ങി

കോട്ടയം: സംസ്ഥാന ജലഗതാഗത മേഖലയില്‍ പുതുചരിത്രമെഴുതി സോളാര്‍ ബോട്ട് വരുന്നു. ജലഗതാഗത വകുപ്പിനായി ഫ്രഞ്ച് സങ്കേതിക സഹായത്തോടെ രൂപകല്‍പന ചെയ്ത ബോട്ടിന്‍െറ നിര്‍മാണം പൂര്‍ത്തിയായി. അവസാന മിനുക്കുപണിക്കുശേഷം നവംബര്‍ പകുതിയോടെ ബോട്ട് വേമ്പനാട്ട് കായലില്‍ സര്‍വിസ് തുടങ്ങും. കോട്ടയം ജില്ലയിലെ വൈക്കം മുതല്‍ തവണക്കടവുവരെ സര്‍വിസ് നടത്താന്‍ ഇന്ത്യന്‍ രജിസ്ട്രാര്‍ ഓഫ് ഷിപ്പിങ്ങിന്‍െറ അനുമതിയും ലഭിച്ചുകഴിഞ്ഞു.
ഡീസല്‍ എന്‍ജിന്‍ പ്രവര്‍ത്തിപ്പിക്കുമ്പോഴുണ്ടാകുന്ന ജലമലിനീകരണം പൂര്‍ണമായി ഒഴിവാക്കാന്‍ സൗരോര്‍ജം ഉപയോഗിക്കുന്നതിലൂടെ കഴിയും. ഇതിനൊപ്പം ശബ്ദ-അന്തരീക്ഷ മലിനീകരണവും ഇല്ലാതാകും. കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിന്‍െറ സബ്സിഡി ലഭിക്കുന്നതിനാല്‍ അടുത്തഘട്ടമായി ജലഗതാഗതവകുപ്പിന്‍െറ കീഴില്‍ സര്‍വിസ് നടത്തുന്ന മുഴുവന്‍ ബോട്ടുകളും സൗരോജത്തിലേക്ക് മാറ്റാനും ആലോചിക്കുന്നുണ്ട്. 728 ബോട്ടാണ് നിലവില്‍ സര്‍വിസ് നടത്തുന്നത്. ഇവ സൗരോര്‍ജത്തിലേക്ക് മാറ്റാന്‍ കഴിയുമെന്ന് കുസാറ്റിലെ ഷിപ്പിങ് ഡിപാര്‍ട്മെന്‍റ് നടത്തിയ പഠനത്തില്‍ കണ്ടത്തെിയിട്ടുണ്ട്. പുതുതായി നിര്‍മിക്കുന്ന ബോട്ടുകള്‍ക്കെല്ലാം സോളാര്‍ സാങ്കേതികവിദ്യ ഉപയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്.

സോളാര്‍ ബോട്ടില്‍ 75 പേര്‍ക്ക് ഇരുന്ന് യാത്രചെയ്യാം. ഇതിനുമുകളിലാണ് സൗരോര്‍ജപാനലുകള്‍ സ്ഥാപിച്ചിരിക്കുന്നത്. 20 മീറ്റര്‍ നീളവും ഏഴുമീറ്റര്‍ വീതിയുമുള്ള ബോട്ടിന് മണിക്കൂറില്‍ 14 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാനാകും. സാധാരണ വെയിലുള്ള ദിവസങ്ങളില്‍ ആറരമണിക്കൂര്‍ തുടര്‍ച്ചയായി യാത്രചെയ്യാം. രണ്ട് ഇലക്ട്രിക് മോട്ടോറുകള്‍ക്കൊപ്പം ലിഥിയം ബാറ്ററികളാണ് ഉപയോഗിക്കുന്നത്.  ഫ്രാന്‍സില്‍നിന്നാണ് ബാറ്ററികള്‍ എത്തിച്ചത്. ഇത് ഘടിപ്പിക്കുന്ന ജോലി ഫ്രാന്‍സില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ നടന്നുവരികയാണ്. ഫ്രഞ്ച് കമ്പനിയായ ‘ആള്‍ട്ട്’ എന്നും ഇന്ത്യന്‍ കമ്പനിയായ ‘നവ്ഗതി’യും ചേര്‍ന്ന സംയുക്തസംരംഭമായ നവ്ആള്‍ട്ട് കമ്പനിയാണ് ബോട്ട് രൂപകല്‍പന ചെയ്തത്. 1.5 കോടിയോളമാണ് ചെലവ്. ആദ്യ ഒരുവര്‍ഷം കമ്പനി പൂര്‍ണ ഗാരന്‍റി നല്‍കും. തുടര്‍ന്നുള്ള അഞ്ചുവര്‍ഷം അറ്റകുറ്റപ്പണിയുടെ ചുമതലയും ഈ കമ്പനിക്ക് തന്നെയാകും.

സാധാരണ ബോട്ടുകളെ അപേക്ഷിച്ച് ചെലവ് കൂടുമെങ്കിലും കേന്ദ്ര സബ്സിഡിയുള്ളതിനാല്‍ സര്‍ക്കാറിന് വലിയ സാമ്പത്തികബാധ്യത വരുന്നില്ളെന്ന് സംസ്ഥാന ജലഗതാഗത ഡയറക്ടര്‍ ഷാജി വി.നായര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. ഡീസല്‍ ചെലവും കണക്കിലെടുക്കുമ്പോള്‍ ഇത് ലാഭകരമാണ്. മെയിന്‍റനന്‍സ് ചെലവും കുറയും. ഒരോ ബോട്ടിനും വര്‍ഷാവര്‍ഷം ഡീസലിനായി 25 ലക്ഷം രൂപവരെയാണ് ചെലവിടുന്നത്. ഇത് ലാഭിക്കാനാകും.
ബോട്ടുകള്‍ തള്ളിവിടുന്ന മാലിന്യം മീനുകളുടെ ആവാസവ്യവസ്ഥയുടെ തകര്‍ച്ചക്കും ജലജന്യരോഗങ്ങളുടെ വ്യാപനത്തിനും കാരണമാകുന്നുണ്ട്. ഇതിനും സോളാര്‍ ബോട്ടുകളിലൂടെ പരിഹാരം കാണാനാവുമെന്നാണ് പ്രതീക്ഷ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.