ആറന്മുള വിമാനത്താവള പദ്ധതി ഇല്ലാതാകും

പത്തനംതിട്ട: ആറന്മുള വിമാനത്താവള പദ്ധതിക്കു തത്ത്വത്തില്‍ നല്‍കിയ അംഗീകാരവും വ്യവസായ മേഖലാ പ്രഖ്യാപനവും പിന്‍വലിക്കുമെന്ന് സര്‍ക്കാര്‍  ഹൈകോടതിയില്‍ അറിയിച്ചതോടെ ആറന്മുള വിമാനത്താവള പദ്ധതി ഇല്ലാതാകും. പദ്ധതിയുമായി സഹകരിക്കില്ളെന്ന് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ വ്യക്തമാക്കിയതോടെ വിമാനത്താവളവുമായി ഇനി ആര്‍ക്കും മുന്നോട്ടു പോകാനും കഴിയില്ളെന്ന് വിലയിരുത്തുന്നു. ഇനി കെ.ജി.എസിന് പുതിയ രൂപത്തില്‍ മറ്റെവിടെങ്കിലും സ്ഥലം കണ്ടെത്തേണ്ടിവരും. ഇതിനുള്ള പ്രാഥമിക ചര്‍ച്ചകള്‍ നടക്കുന്നതായും പറയപ്പെടുന്നു.

നിലവിലുള്ള നിയമവ്യവസ്ഥകള്‍ക്ക് വിധേയമായി സ്വന്തം നിലയില്‍ കമ്പനി ഭൂമി കണ്ടത്തെണമെന്ന വ്യവസ്ഥയില്‍ തത്ത്വത്തില്‍ അംഗീകാരം നല്‍കാന്‍ 2010 സെപ്റ്റംബര്‍ രണ്ടിനു ചേര്‍ന്ന എല്‍.ഡി.എഫ് മന്ത്രിസഭ തീരുമാനിച്ചു. 2011 ഫെബ്രുവരി 24ന് വ്യവസായ വകുപ്പ് 500 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് കൊടുക്കാന്‍ ഉത്തരവിറക്കി. ഇതിന്‍െറ ഗസറ്റ് വിജ്ഞാപനം മാര്‍ച്ച് ഒന്നിനു പുറത്തിറങ്ങിയിരുന്നു. ഗസറ്റ് വിജ്ഞാപനം വന്ന് മാസങ്ങള്‍ക്ക് ശേഷമാണ് നാട്ടുകാര്‍ തങ്ങളുടെ ഭൂമി നഷ്ടപ്പെടാന്‍ പോകുന്ന വിവരം അറിയുന്നത്. ഇതോടെ ആറന്മുള, കിടങ്ങന്നൂര്‍, മല്ലപ്പുഴശേരി, മെഴുവേലി വില്ളേജുകളിലെ ജനം സംഘടിച്ചു സമരരംഗത്തേക്ക് ഇറങ്ങുകയായിരുന്നു. വ്യവസായ മേഖലാ പ്രഖ്യാപനത്തിനുശേഷം പിന്നീട് അധികാരത്തില്‍ വന്ന യു.ഡി.എഫ് സര്‍ക്കാറും ഈ പദ്ധതിയെ സഹായിക്കുകയായിരുന്നു.  

2014 മേയില്‍ വിമാനത്താവളത്തിനുള്ള പരിസ്ഥിതി അനുമതി ദേശീയ ഹരിത ട്രൈബ്യൂണല്‍ റദ്ദാക്കിയിരുന്നതാണ്. ഇത് സ്പ്രീംകോടതി ശരിവെക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇതിനിടെയാണ് കെ.ജി.എസ് കമ്പനിക്ക് വിമാനത്താവള പദ്ധതിക്കായി പരിസ്ഥിതി ആഘാത പഠനം നടത്താന്‍ കഴിഞ്ഞ മാസം കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയത്. ഇത് വിവാദമായപ്പോള്‍ വിമാനത്താവളത്തിന്‍െറ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സംസ്ഥാന സര്‍ക്കാറാണെന്നാണ് കേന്ദ്രവനം പരിസ്ഥിതി മന്ത്രി പറഞ്ഞത്. പഠനാനുമതി നല്‍കിയതിനെതിരെ ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തെ സമീപിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.