നാദാപുരം: യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അസ്ലം വധത്തിനുപിന്നാലെ ദുബൈ കെ.എം.സി.സി യോഗത്തില്‍ വിദ്വേഷ പ്രസംഗം നടത്തിയതിന് പാറക്കല്‍ അബ്ദുല്ല എം.എല്‍.എക്കെതിരെ നാദാപുരം പൊലീസ് കേസെടുത്തു. ഡി.വൈ.എഫ്.ഐ ബ്ളോക് പ്രസിഡന്‍റ് ടി. അബീഷ് റൂറല്‍ എസ്.പിക്ക് നല്‍കിയ പരാതിയില്‍ നാദാപുരം ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയുടെ അനുമതിയോടെയാണ് പൊലീസ് കേസെടുത്തത്. ഐ.പി.സി 505 (1) ബി പ്രകാരം പൊതുജനങ്ങള്‍ക്ക് പ്രകോപനമുണ്ടാകുന്ന തരത്തില്‍ സംസാരിച്ചതിനാണ് കേസ്. സി.പി.എം നാദാപുരം ഏരിയ സെക്രട്ടറി പി.പി. ചാത്തുവിനെതിരെയും ഇതേ വകുപ്പുകള്‍ പ്രകാരം യൂത്ത് ലീഗ് നേതാവിന്‍െറ പരാതിയില്‍ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. തൂണേരിയില്‍ നടന്ന പൊതുയോഗത്തിലാണ് ഷിബിന്‍ വധത്തിലെ പ്രതികള്‍ക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയതായി പരാതി ഉയര്‍ന്നത്.
സി.പി.എം ഗൂഢാലോചന -പാറക്കല്‍ അബ്ദുല്ല എം.എല്‍.എ
കോഴിക്കോട്: ദുബൈ കെ.എം.സി.സി യോഗത്തില്‍ നടത്തിയ പ്രസംഗത്തിന്‍െറ പേരില്‍ തനിക്കെതിരെ പൊലീസ് കേസെടുത്തത് സി.പി.എം ഗൂഢാലോചനയാണെന്ന് പാറക്കല്‍ അബ്ദുല്ല എം.എല്‍.എ. കുറ്റ്യാടി മണ്ഡലത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിക്കുണ്ടായ പരാജയമാണ് പകപോക്കലിന് കാരണമെന്നും കേസിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
അസ്ലമിന്‍െറ ഘാതകര്‍ക്കെതിരെ കൊലവിളി നടത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. അസ്ലം കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തുന്ന ആരോപണങ്ങള്‍ക്കുള്ള മറുപടിയാണ് പ്രസംഗം. അസ്ലമിന്‍െറ കൊലയാളികളെ കൊല്ലണമെന്നാണ് എസ്.ഡി.പി.ഐക്കാര്‍ പ്രചരിപ്പിക്കുന്നത്. ഇവര്‍ കൊലപ്പെടുത്തിയ ലീഗ് പ്രവര്‍ത്തകനെ കുറിച്ച് മിണ്ടാത്തതെന്തെന്നാണ് പ്രസംഗത്തില്‍ ചോദിച്ചത്. നാട്ടില്‍ സമാധാനം വേണമെന്നതുകൊണ്ടാണ് എസ്.ഡി.പി.ഐക്കാരനെ കൊല്ലാത്തതെന്നും താന്‍ പറയുന്നുണ്ട്. എസ്.ഡി.പി.ഐക്കെതിരെ പറയുന്നതിന് സി.പി.എമ്മിന് എന്തിനാണ് പൊള്ളുന്നത്.
ഏത് നിയമോപദേശത്തിന്‍െറ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് അറിയില്ല. കോടതി നിര്‍ദേശ പ്രകാരമാണ് കേസെന്നത് പൊലീസിന്‍െറ തെറ്റായ പ്രചാരണമാണ്. പാര്‍ട്ടിയുടെ ദാസ്യപ്പണിയാണ് പൊലീസ് നാദാപുരം മേഖലയില്‍ നടത്തുന്നത്. ഏതന്വേഷണത്തിനും തയാറാണെന്നും പാറക്കല്‍ അബ്ദുല്ല കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്‍റ് ഉമ്മര്‍ പാണ്ടികശാല, ജനറല്‍ സെക്രട്ടറി എന്‍.സി. അബൂബക്കര്‍ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.