കണ്‍സ്യൂമര്‍ഫെഡ് അരി ടെന്‍ഡറില്‍ ക്രമക്കേട് ഓര്‍ഡറെടുത്തത് ആന്ധ്ര അരിക്ക്; വിതരണം ചെയ്യുന്നത് തമിഴ്നാട് അരി


തൃശൂര്‍: കണ്‍സ്യൂമര്‍ ഫെഡ് ഓണച്ചന്തയിലേക്ക് അരി വാങ്ങിയതില്‍ വന്‍ ക്രമക്കേട്. കണ്‍സ്യൂമര്‍ ഫെഡിന്‍െറ ആഭ്യന്തര അന്വേഷണ വിഭാഗമാണ് ക്രമക്കേട് കണ്ടത്തെിയത്. ആന്ധ്ര അരി നല്‍കണമെന്ന ടെന്‍ഡര്‍ വ്യവസ്ഥക്ക് വിരുദ്ധമായി തമിഴ്നാട് അരി ഇറക്കുമതി ചെയ്തതിലൂടെ കോടികളുടെ ക്രമക്കേട് നടന്നതായാണ് ആഭ്യന്തര അന്വേഷണ വിഭാഗം കണ്ടത്തെിയിരിക്കുന്നത്. ആന്ധ്ര അരിക്ക് പകരം തമിഴ്നാട് അരിയാണ് കണ്‍സ്യൂമര്‍ ഫെഡ് ഓണച്ചന്തയിലൂടെ വില്‍ക്കുന്നത്. ആന്ധ്ര അരി വാങ്ങാനാണ് ക്വട്ടേഷനും പര്‍ച്ചേസ് ഓര്‍ഡറും നല്‍കിയിരുന്നത്. ആന്ധ്ര അരിയേക്കാള്‍ നാലുരൂപ വരെ തമിഴ്നാട് അരിക്ക് വില കുറവാണ്. സബ്സിഡി നിരക്കില്‍ ലഭിച്ച അരി വില്‍ക്കുമ്പോള്‍ കണ്‍സ്യൂമര്‍ഫെഡിന് വലിയ ലാഭമാണ് ലഭിക്കുന്നത്. ടെന്‍ഡര്‍ നടപടികളുടെ രേഖകള്‍ പൂര്‍ണമായി പരിശോധിച്ചാലേ ക്രമക്കേടിന്‍െറ വ്യാപ്തി അറിയാനാകൂ.

കെടുകാര്യസ്ഥതയും അഴിമതിയെയും തുടര്‍ന്ന് സര്‍ക്കാര്‍ സാമ്പത്തിക സഹായം അനുവദിക്കാത്ത സാഹചര്യത്തില്‍ പ്രാഥമിക സഹകരണ സംഘങ്ങളില്‍നിന്ന് വായ്പയെടുത്താണ് കണ്‍സ്യൂമര്‍ഫെഡ് ഇത്തവണത്തെ ഓണച്ചന്ത നടത്തുന്നത്. ടെന്‍ഡര്‍, പര്‍ച്ചേസ് നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി കഴിഞ്ഞ 28നുതന്നെ അതത് സംഘങ്ങളിലേക്കുള്ള  ഉല്‍പന്നങ്ങളും എത്തിച്ചു. വിനായക, ജമാല്‍ എന്നീ ബ്രാന്‍ഡുകളുടെ കമ്പനികള്‍ക്കാണ് ടെന്‍ഡര്‍ നല്‍കിയത്. ടെന്‍ഡറിനുശേഷം നടത്തിയ നെഗോഷിയേഷനില്‍ ബ്രാന്‍റ് മാറ്റാന്‍ തീരുമാനിച്ചുവെന്നാണ് കണ്‍സ്യൂമര്‍ ഫെഡ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ വിശദീകരണം. ടെന്‍ഡര്‍ വിളിച്ചശേഷം വിലയില്‍ മാറ്റം വരുത്താമെങ്കിലും ബ്രാന്‍റ് മാറ്റരുതെന്നാണ് ചട്ടം. ബ്രാന്‍റ് മാറ്റണമെങ്കില്‍ റീടെന്‍ഡര്‍ വിളിക്കണം.  ബ്രാന്‍റ് മാറ്റിയാല്‍ കരാര്‍ റദ്ദാകുമെന്നും വ്യവസ്ഥയുണ്ട്.

25 ലക്ഷത്തോളം കിലോ അരിയിടപാടിന്‍െറ രേഖകളാണ് ആഭ്യന്തര അന്വേഷണ സംഘം പരിശോധിച്ചത്. മറ്റ് പര്‍ച്ചേസ്, ടെന്‍ഡര്‍ രേഖകള്‍ പരിശോധിച്ചാലേ ക്രമക്കേടുകളുടെ ആഴം അറിയാനാകൂ. നേരത്തേതന്നെ ധൂര്‍ത്തും അഴിമതിയും കാരണം കോടികളുടെ കടത്തിലാണ് കണ്‍സ്യൂമര്‍ഫെഡ്.  സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് നന്മ, മൊബൈല്‍ ത്രിവേണി അടക്കമുള്ളവ അടച്ചുപൂട്ടി. 2500ഓളം താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു. ടോമിന്‍ തച്ചങ്കരി എം.ഡിയായശേഷം നടത്തിയ ആഭ്യന്തര അന്വേഷണത്തിലാണ് അന്ന് ക്രമക്കേടുകള്‍ കണ്ടത്തെിയത്. നിലനില്‍പിന് വഴി തേടുമ്പോഴാണ് കണ്‍സ്യൂമര്‍ഫെഡില്‍ അഴിമതി തുടരുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.