തിരുവനന്തപുരം: ആവശ്യമുള്ളത്ര തറികള്‍ ലഭിക്കാതായതോടെ അടുത്ത അധ്യയന വര്‍ഷത്തെ കൈത്തറി സ്കൂള്‍ യൂനിഫോം പദ്ധതി പ്രതിസന്ധിയില്‍. സര്‍ക്കാര്‍-എയ്ഡഡ് സ്കൂളുകളിലെ ഒന്ന് മുതല്‍ എട്ടുവരെ ക്ളാസുകളിലെ 25 ലക്ഷം കുട്ടികള്‍ക്ക് യൂനിഫോമിന് 1.30 കോടി മീറ്റര്‍ തുണിയാണ് വേണ്ടത്. എന്നാല്‍, നിലവില്‍ സന്നദ്ധത അറിയിച്ച തറികളുടെ ശേഷി അനുസരിച്ച് 40 ലക്ഷം മീറ്റര്‍ തുണി മാത്രമേ നിശ്ചയിച്ച സമയത്തിനുള്ളില്‍ നിര്‍മിക്കാനാവൂ. മിക്ക കൈത്തറി സംഘങ്ങളും മറ്റ് ഏജന്‍സികളുമായി നേരത്തേ കരാറുണ്ടാക്കിയതിനാല്‍ യൂനിഫോം ജോലികള്‍ക്ക് ഇവയെ കിട്ടാത്തതാണ് പ്രശ്നം സൃഷ്ടിക്കുന്നത്. അടുത്ത ഓണത്തിനുള്ള ഓര്‍ഡറടക്കം സ്വീകരിച്ച് പല കൈത്തറികളും ഇപ്പോള്‍തന്നെ ജോലി തുടങ്ങിയിട്ടുമുണ്ട്. സെപ്റ്റംബര്‍ ആദ്യവാരം യൂനിഫോമിനുള്ള ജോലികള്‍ തുടങ്ങാനും ഏപ്രില്‍ അവസാനത്തോടെ പൂര്‍ത്തിയാക്കാനുമാണ് വ്യവസായവകുപ്പ് ആലോചിച്ചിരുന്നത്.
എന്നാല്‍, തറികള്‍ ലഭ്യമാകാത്ത സാഹചര്യത്തില്‍ പ്രവര്‍ത്തനങ്ങളും വൈകുകയാണ്. 300 കോടിയുടെ ചെലവ് പ്രതീക്ഷിക്കുന്നത് പദ്ധതി റിപ്പോര്‍ട്ട് സര്‍ക്കാറിന്‍െറ പരിഗണനയിലാണെങ്കിലും ഇതുവരെ അംഗീകാരവും നല്‍കിയിട്ടില്ല. യന്ത്രവത്കൃത തറികളെ സഹകരിപ്പിച്ച് പ്രവര്‍ത്തനമാരംഭിക്കാനാണ് നീക്കം നടക്കുന്നത്. വിശദ പദ്ധതി റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചാലേ ഇതും തുടങ്ങാനാവൂ. യൂനിഫോം വിതരണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ സംസ്ഥാന-ജില്ലാ തലങ്ങളില്‍ പ്രത്യേക സമിതികള്‍ രൂപവത്കരിച്ചിട്ടുണ്ട്. ഒന്നരക്കോടി തുണി നെയ്യാന്‍ 35-40 ലക്ഷം കിലോ നൂല്‍ വേണ്ടിവരും. കൈത്തറികളില്‍ ഉപയോഗിക്കാനുള്ള പ്രത്യേക നൂല്‍ കണ്ണൂരിലെയും ആലപ്പുഴയിലെയും സഹകരണ സ്പിന്നിങ്ങ് മില്ലുകളില്‍ മാത്രമേ ഉല്‍പാദിപ്പിക്കുന്നുള്ളൂ.
പഞ്ഞിക്ക് ദൗര്‍ലഭ്യം നേരിടുന്നതിനാല്‍ സെപ്റ്റംബറില്‍ തുടങ്ങുന്ന ജോലികള്‍ക്ക് ഈ മില്ലുകളില്‍നിന്ന് നൂല്‍ സംഭരിക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. അതിനാല്‍ ഇക്കൊല്ലത്തെ ജോലികള്‍ക്കാവശ്യമായ നൂല്‍ കണ്ണൂരിലെ നാഷനല്‍ ഹാന്‍ഡ്ലൂം ഡെവലപ്മെന്‍റ് കോര്‍പറേഷനില്‍നിന്ന് വാങ്ങാനാണ് ധാരണ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.