നഗരസഭ നെടുങ്കാട് യു.പി സ്കൂൾ കോമ്പൗണ്ടിൽ മൾട്ടി ജിം കെട്ടിടത്തിന് 28.92 ലക്ഷം ചെലവഴിച്ചതും പാഴ് വേലയായെന്ന് റിപ്പോർട്ട്

കോഴിക്കോട് : തിരുവനന്തപുരം നഗരസഭ നഗരസഭ നെടുങ്കാട് യു.പി സ്കൂൾ കോമ്പൗണ്ടിൽ മൾട്ടി ജിം കെട്ടിടത്തിന് 28.92 ലക്ഷം ചെലവഴിച്ചതും പാഴ് വേലയായെന്ന് ഓഡിറ്റ് റിപ്പോർട്ട്. കോർപ്പറേഷൻ 2017-18 സാമ്പത്തിക വർഷത്തിലാണ് നെടുങ്കാട് വാർഡിൽ മൾട്ടി ജിമ്മിന് പുതിയ കെട്ടിട നിർമാണം" എന്ന പദ്ധതിക്ക് അനുമതി നൽകിയത്. വികസന ഫണ്ടിൽ നിന്ന് ഒമ്പത് ലക്ഷം രൂപ തടങ്കൽ തുക വകയിരുത്തിയതോടെയാണ് പദ്ധതി തുടങ്ങിയത്.

വിവിധ വർഷങ്ങളിലായി ഈ മൾട്ടിജിം കെട്ടിടത്തിനും ഉപകരണങ്ങൾക്കുമായി തിരുവനന്തപുരം നഗരസഭ ആകെ 28.92 ലക്ഷം രൂപ ചെലവഴിച്ചിട്ടും കെട്ടിടത്തിൽ കൗൺസിലർ ഓഫീസ് ഒഴികെ അക്ഷയകേന്ദ്രവും, മൾട്ടിജിമ്മും ഉപകരണങ്ങൾ ഉൾപ്പെടെ പ്രവർത്തന രഹിതമാണെന്നാണ് പരിശോധനയിലെ കണ്ടെത്തൽ.

നെടുംകാട് യു.പി.സ്കൂളിന്റെ (കോർപ്പറേഷനു കൈമാറിക്കിട്ടിയ സ്ഥാപനം) കോമ്പൗണ്ടിനുള്ളിൽ ഒരു നിലയുള്ള ഒരു പുതിയ കെട്ടിടം നിർമിക്കുക (ഒരു മുറിയും ഒരു ടോയിലറ്റും) എന്നതായിരുന്നു പദ്ധതി. തുടർന്ന് 2018- 19 സാമ്പത്തിക വർഷം സ്പിൽ ഓവർ ആയി ഒമ്പത് ലക്ഷം രൂപ ചെലവിൽ പദ്ധതി പൂർത്തികരിച്ചു.

2019-20 സാമ്പത്തിക വർഷം നിലവിലുള്ള മൾട്ടി ജിം കെട്ടിടം നിർമിച്ച സ്ഥലത്ത് ആവശ്യത്തിന് സൗകര്യമില്ലാത്തതിനാൽ ഒരു മുറി കൂടി കൂട്ടിചേർക്കുന്നതിന് അസി. എഞ്ചിനീയർ നിർവഹണ ഉദ്യോഗസ്ഥനായി നെടുങ്കാട് വാർഡിലെ മൾട്ടി ജിം ബിൽഡിങ് നിർമാണം രണ്ടാംഘട്ടം' എന്നൊരു പുതിയ പദ്ധതി അംഗീകരിച്ചു. വികസന ഫണ്ടിൽ നിന്ന് 4,76,991 രൂപ വകയിരുത്തി. തുടർന്ന് ആ വർഷം തന്നെ 4,76,089 രൂപ ചെലവിൽ ഒരു മുറി കൂടി നിലവിലുള്ള കെട്ടിടത്തിൽ കൂട്ടി ചേർത്തു.

തുടർന്ന് മൾട്ടി ജം കെട്ടിടത്തിൽ വാർഡ് കമ്മിറ്റി ഓഫീസും അക്ഷയ കേന്ദ്രവും കൂടി ഉൾപ്പെടുത്തുന്നത്തിനായി ഒന്നാം നില കൂടി പണിയുവാൻ 2019-20 സാമ്പത്തിക വർഷം നെടുംങ്കാട് വാർഡിലെ വാർഡ് കമ്മിറ്റി ഓഫീസ്, അക്ഷയ കേന്ദ്രം, ഹെൽത്ത് സെന്റർ എന്ന കെട്ടിടങ്ങളുടെ അറ്റകുറ്റപണി” എന്നൊരു പുതിയ പദ്ധതി ആവിഷ്കരിച്ചു. വികസന ഫണ്ടിൽ നിന്ന് 10,14,000 രൂപ അടങ്കൽ തുക വകയിരുത്തി. തുടർന്ന് 2020-21ൽ 10,13,285 രൂപ ചെലവിൽ കെട്ടിടത്തിന്റെ ഒന്നാം നിലകൂടി പൂർത്തിയാക്കി.

മൾട്ടി ജിമ്മിന് ആവശ്യമുള്ള ഉപകരണങ്ങൾ വാങ്ങുന്നതിനായി 2019-20 വർഷം എട്ട് ലക്ഷം രൂപയുടെ പദ്ധതി ആവിഷ്ക്കരിച്ചെങ്കിലും അത് നടപ്പാക്കിയില്ല. തുടർന്ന് 2020-21 സാമ്പത്തിക വർഷം തനതു ഫണ്ടിൽനിന്ന് ഉപകരണങ്ങൾ അഞ്ച് ലക്ഷം രൂപക്ക് വാങ്ങി കെട്ടിടത്തിൽ സ്ഥാപിച്ചു.

പരിശോധനയിൽ വിവിധ വർഷങ്ങളിലായി ഈ മൾട്ടിജിം കെട്ടിടത്തിനും ഉപകരണങ്ങൾക്കുമായി തിരുവനന്തപുരം നഗരസഭ ആകെ 28.92 ലക്ഷം രൂപ ചെലവഴിച്ചിട്ടും കെട്ടിടത്തിൽ കൗൺസിലർ ഓഫീസ് ഒഴികെ അക്ഷയകേന്ദ്രവും, മൾട്ടിജിമ്മും ഉപകരണങ്ങൾ ഉൾപ്പെടെ പ്രവർത്തന രഹിതമാണ്.

സ്ഥല പരിശോധനയിൽ ഈ കെട്ടിടത്തിന്റെ ഉദ്ഘാടനം 2020 സെപ്തംബർ ഒമ്പതിന് നടന്നു. കെട്ടിടം വനിത മൾട്ടി ജിം എന്ന പേരിലായി. താഴത്തെ നിലയിൽ ഒരു വാർഡ് കമ്മിറ്റി ഓഫീസ്, (കൗൺസിലർ ഓഫീസ് എന്ന പേരിലും) മറ്റൊരു മുറി അക്ഷയ കേന്ദ്രം എന്ന പേരിലുമായി. ഒന്നാം നില വനിത മൾട്ടി ജിം ആയി. എന്നാൽ കൗൺസിലർ ഓഫീസ് ഒഴികെ അക്ഷയ സെന്ററും മൾട്ടി ജിമ്മും പ്രവർത്തന രഹിതമാണ്.

മൾട്ടി ജിമ്മിലെ ഉപകരണങ്ങൾ ഉപയോഗിക്കാതെ പൊടിയടിച്ചുകിടക്കുന്നു. ഉപകരണങ്ങൾ പ്രവർത്തിക്കാൻ മൂന്ന് ഫേസ് വൈദ്യുതി കണക്ഷൻ ആവശ്യമാണ്. കെട്ടിടത്തിന് ടി.സി നമ്പർ ലഭിക്കാത്തതുമൂലം മൂന്ന് ഫേസ് കണക്ഷൻ ലഭ്യമായിട്ടില്ലാത്തതിനാലാണ് അക്ഷയ സെന്ററും ജിമ്മും പ്രവർത്തിക്കുന്നില്ലെന്ന് കോർപ്പറേഷൻ ജീവനക്കാർ അറിയിച്ചു.

ഹൈക്കോടതിയുടെ 2000 ഏപ്രിൽ അഞ്ചിലെ വിധിപ്രകാരം സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സ്കൂൾ കെട്ടിടങ്ങളും കാമ്പസും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കല്ലാതെ മറ്റാവശ്യവങ്ങൾക്ക് ഉപയോഗിക്കുവാൻ പാടില്ല. സർക്കാർ സർക്കുലർ പ്രകാരം തദ്ദേശഭരണ സ്ഥാപനങ്ങൾ കൈമാറിക്കിട്ടിയ സ്ഥാപനങ്ങളിൽ നിർമാണ പ്രവർത്തികൾ ചെയ്യുന്നതിന് മുന്നോടിയായി അതാത് വകുപ്പ് മേധാവിയുടെ അനുവാദം വാങ്ങണമെന്നാണ്.

വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിന്റെ കത്ത് പ്രകാരം നെടുംങ്കാട് യു.പി സ്കൂളിൽ മൾട്ടി ജീം കെട്ടിടം പണിയുന്നതിന് വിദ്യാഭ്യാസ വകുപ്പിൽ നിന്നും അനുമതി നൽകിയിട്ടില്ല. അതിനാൽ അനുമതിയില്ലാതെ കെട്ടിടം നിർമിച്ചത് ക്രമവിരുദ്ധമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. സാധാരണ ജനങ്ങളുടെ നികുതിപണമാണ് നഗരസഭ പാഴാക്കിയത്.

Tags:    
News Summary - 28.92 lakhs spent by Municipal Corporation on multi gym building in Nedunkad UP School compound was also reported as wasteful work

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.