കൊച്ചി: 51കാരിയെ വിവാഹം കഴിച്ച ശേഷം സ്വത്ത് തട്ടിയെടുക്കാൻ രണ്ട് മാസത്തിനകം ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ 29കാരന് ഹൈകോടതിയുടെ ജാമ്യം. കാരക്കോണം ത്രേസ്യാപുരം സ്വദേശിയും ഇൻഷുറൻസ് കമ്പനി ജീവനക്കാരിയുമായ ശാഖാകുമാരിയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് നെയ്യാറ്റിൻകര പത്താംകല്ല് സ്വദേശിയും സ്വകാര്യ ആശുപത്രി ജീവനക്കാരനുമായ അരുണിനാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കേസിന്‍റെ വിചാരണ ആറുമാസത്തിനകം പൂർത്തിയാക്കാനും കോടതി നിർദേശിച്ചു.
2020 ഒക്ടോബർ 16നാണ് അരുൺ ശാഖാകുമാരിയെ വിവാഹം കഴിച്ചത്. ഒരു കുഞ്ഞുവേണമെന്നാവശ്യപ്പെട്ട് ശാഖാകുമാരി വഴക്കുണ്ടാക്കിയതിനെത്തുടർന്ന് 2020 ഡിസംബർ 26ന് ഇവരെ ഷോക്കടിപ്പിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. അറസ്റ്റിലായ അരുണിന്‍റെ ജാമ്യാപേക്ഷ 2021 മാർച്ച് 23ന് ഹൈകോടതി തള്ളിയെങ്കിലും കുറ്റപത്രം നൽകിയതിനാൽ ഏപ്രിൽ മൂന്നിന് മജിസ്ട്രേറ്റ് കോടതി ജാമ്യം നൽകി.
ഇതിനെതിരെ പ്രോസിക്യൂഷൻ നൽകിയ ഹരജിയിൽ 2022 ജൂൺ പത്തിന് സെഷൻസ് കോടതി ജാമ്യം റദ്ദാക്കി. ശാഖാകുമാരിയുടെ മുത്തശ്ശി ഹൈകോടതിയെയും സമീപിച്ചു. എന്നാൽ, പൊലീസിൽ കീഴടങ്ങാതിരുന്ന അരുണും സെഷൻസ് കോടതി ഉത്തരവിനെതിരെ ഹൈകോടതിയെ സമീപിച്ചു.
ഈ രണ്ട് ഹരജികളും പരിഗണിച്ച ഹൈകോടതി സിംഗിൾ ബെഞ്ച് പത്തുദിവസത്തിനകം ജാമ്യത്തിനായി സെഷൻസ് കോടതിയെയോ ഹൈകോടതിയെയോ സമീപിക്കാമെന്നും അതുവരെ അറസ്റ്റ് ചെയ്യരുതെന്നുമുള്ള നിർദേശത്തോടെ ജാമ്യം റദ്ദാക്കിയ സെഷൻസ് കോടതി ഉത്തരവ് ശരിവെച്ചു. തുടർന്ന് അരുൺ നൽകിയ ജാമ്യ ഹരജിയിലാണ് ജാമ്യം അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.