നിലമ്പൂർ: വിദേശയിനം വേട്ടനായ്ക്കളെ ഉപയോഗിച്ച് നായാട്ട് നടത്തി മാംസം ഓൺലൈനിൽ വിറ്റ മൂന്നുപേർ നിലമ്പൂരിൽ അറസ്റ്റിൽ. മുഖ‍്യപ്രതികൾ ഉൾെപ്പടെ അഞ്ചുപേർ ഇനിയും പിടിയിലാകാനുണ്ടെന്ന് വനംവകുപ്പ്. അകമ്പാടം നമ്പൂരിപൊട്ടി രാമത്തുപറമ്പിൽ ദേവദാസ് (49), എരുമമുണ്ട മതിൽമൂല അരഞ്ഞികുണ്ടൻ തൗസിഫ് നെഹ്മാൻ (27), എരഞ്ഞിമങ്ങാട് മുസ്ലിയാരകത്ത് മുഹമ്മദ് ഹാസിഫ് (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
സൈബർ കുറ്റകൃത്യം ഉൾപ്പെടുത്തി വനംവകുപ്പ് എടുക്കുന്ന സംസ്ഥാനത്തെ ആദ്യ കേസാണിത്. വേട്ടനായ്ക്കൾ വന്യജീവികളെ കടിച്ചുകീറുന്ന ദൃശ്യം മൊബൈലിൽ പകർത്തുകയും ഇതുകാണിച്ച് മാംസം ഓൺലൈനിൽ വിൽക്കുകയുമാണ് ചെയ്തിരുന്നത്. നായ്ക്കളെയും കുഞ്ഞുങ്ങളെയും വൻ തുകക്ക് വിൽപന നടത്തുകയും ചെയ്തിരുന്നു.
ഈമാസമാദ്യം അകമ്പാടത്തുനിന്ന് തോക്കുകളും കാട്ടുപന്നിയിറച്ചിയുമായി അറസ്റ്റിലായ ദേവദാസിെൻറ മൊബൈൽ ഫോൺ പരിശോധിച്ചതിൽനിന്നാണ് വേട്ടപ്പട്ടികളെ ഉപയോഗിച്ചുള്ള നായാട്ടുദൃശ‍്യങ്ങൾ ലഭിച്ചത്. തുടർന്ന് എടവണ്ണ റേഞ്ച് ഫോറസ്റ്റ് ഓഫിസർ ഇംറോസ് ഇല്യാസ് നവാസിെൻറ നേതൃത്വത്തിൽ അകമ്പാടം ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകർ 'ഓപറേഷൻ ദൃശ്യം' എന്ന പേരിൽ നടത്തിയ അന്വേഷണത്തിലാണ് മറ്റു പ്രതികളെ പിടികൂടിയത്.
അമേരിക്കൻ ബുൾഡോഗ്, ബുള്ളി, ഡോബർമാൻ തുടങ്ങിയ വിദേശയിനം നായ്ക്കളെ പരിശീലിപ്പിച്ചാണ് വേട്ടക്കായി ഉപയോഗിച്ചിരുന്നത്. 2019 ഡിസംബർ മുതൽ ഇത്തരം വേട്ടയാടൽ നടത്തിയതിെൻറ വിഡിയോ ദൃശ‍്യങ്ങൾ വനപാലകർക്ക് ലഭിച്ചിട്ടുണ്ട്. അമേരിക്കൻ ബുൾഡോഗിനെയും ഇതിെൻറ എട്ടു കുഞ്ഞുങ്ങളെയും പ്രതിയായ ഹാസിഫിെൻറ ഓട്ടോയും വനംവകുപ്പ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
റേഞ്ച് ഓഫിസറെ കൂടാതെ സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാരായ പി.എൻ. സജീവൻ, വി.പി. അബ്ബാസ്, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ ശരത് ബാബു, പി.എം. ശ്രീജിത്ത്, എം.എസ്. തുളസി, കെ. അശ്വതി, എൻ.പി. പ്രദീപ് കുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.