തിരുവനന്തപുരം: അച്ചടിവകുപ്പിൽ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ സ്ഥാനക്കയറ്റം മുടങ്ങിയതുമൂലം രണ്ടരവർഷമായി പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാതിരുന്ന ഒഴിവുകൾ അവസാനം വെളിച്ചം കണ്ടു. 'മാധ്യമം' വാർത്തയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ നിർദേശത്തെതുടർന്ന് വിവിധ പ്രസുകളിൽ ഒഴിഞ്ഞുകിടന്ന 32 രണ്ടാം ഗ്രേഡ് ബൈൻറർ തസ്തികകളാണ് ലാസ്റ്റ് ഗ്രേഡ് സർവിസ് കേഡറിലേക്ക് താൽക്കാലികമായി തരംതാഴ്ത്തി ഉത്തരവ് പുറപ്പെടുവിച്ചത്. ഇതോടെ നിലവിലെ റാങ്ക് ലിസ്റ്റിലെ 32 പേർക്കുകൂടി അച്ചടിവകുപ്പിൽ നിയമനം ലഭിക്കും.
2016ൽ അച്ചടിവകുപ്പിൽ ഒരുവിഭാഗം ജീവനക്കാർക്ക് ചട്ടവിരുദ്ധമായി തയാറാക്കിയ മുൻഗണന പട്ടികയുടെ അടിസ്ഥാനത്തിൽ സ്ഥാനക്കയറ്റം നൽകിയിരുന്നു. ഇതിനെതിരെ 17 ജീവനക്കാർ കോടതിയെ സമീപിച്ചതോടെയാണ് സ്ഥാനക്കയറ്റ നടപടികൾ ചുവപ്പുനാടയിൽ കുരുങ്ങിയത്. സ്ഥാനക്കയറ്റം മുടങ്ങിയതോടെ സർക്കാർ പ്രസുകളിലേക്കുള്ള ലാസ്റ്റ് ഗ്രേഡ് സർവൻറ് നിയമനവും വഴിമുട്ടി. ഉദ്യോഗാർഥികളുടെ പരാതികളെതുടർന്ന് നിയമതടസ്സമുള്ളവയില് താല്ക്കാലിക സ്ഥാനക്കയറ്റം നല്കി ഒഴിവുകൾ റിപ്പോർട്ട് ചെയ്യണമെന്ന് മുഖ്യമന്ത്രി നിർദേശം നൽകിയെങ്കിലും കോടതി നടപടികൾ ഭയന്ന് സ്ഥാനക്കയറ്റം നൽകാൻ വകുപ്പ് മേധാവികൾ തയാറായില്ല.
ആഗസ്റ്റ് നാലിന് എൽ.ജി.എസ് റാങ്ക് ലിസ്റ്റ് റദ്ദാകുമെന്നിരിക്കെ 'മാധ്യമം' വാർത്തയുമായി ഉദ്യോഗാർഥികൾ വീണ്ടും മുഖ്യമന്ത്രിയെ സമീപിച്ചതോടെയാണ് കഴിഞ്ഞദിവസം ചേർന്ന മന്ത്രിസഭായോഗം കോടതി നടപടികൾമൂലം സ്ഥാനക്കയറ്റം നടത്താൻ തടസ്സമുള്ള തസ്തികകൾ താൽക്കാലികമായി തരംതാഴ്ത്തി പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാൻ തീരുമാനിച്ചത്. തുടർന്ന് 32 രണ്ടാം ഗ്രേഡ് ബൈൻറർ തസ്തികയിലേക്ക് അർഹത/ യോഗ്യതയുള്ള ജീവനക്കാരുടെ അഭാവം ചൂണ്ടിക്കാട്ടി പി.എസ്.സി റാങ്ക് ലിസ്റ്റ് നിലവിലുള്ള ലാസ്റ്റ് ഗ്രേഡ് സർവൻറ് കേഡറിലേക്ക് തസ്തിക താൽക്കാലികമായി തരംതാഴ്ത്തി ഗവ. പ്രസ് സൂപ്രണ്ട് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.