മലപ്പുറം: സംസ്ഥാനത്ത് സ്വന്തമായി കെട്ടിട സൗകര്യങ്ങളില്ലാതെ പ്രവർത്തിക്കുന്നത് 46 പൊലീസ് സ്റ്റേഷനുകൾ. സ്വകാര്യ സ്ഥലങ്ങളിലും പഴയ വീടുകളിലും പീടിക മുറികളിലും തകർന്ന കെട്ടിടങ്ങളിലുമായി 10 വർഷത്തിലധികമായി പ്രവർത്തിക്കുന്നവയാണ് ഇവയിൽ ഭൂരിഭാഗവും. സ്ഥല സൗകര്യവും അടിസ്ഥാന സൗകര്യങ്ങളുടെ കുറവും പല സ്റ്റേഷനുകളുടെയും പ്രവർത്തനത്തെ പ്രയാസത്തിലാക്കുന്നുണ്ട്.
ചില സ്റ്റേഷനുകളിൽ വനിത പൊലീസുകാർക്ക് വിശ്രമ മുറി പോലുമില്ല. മഴക്കാലത്ത് ചോർന്നൊലിക്കുന്നവയും അടച്ചുറപ്പില്ലാത്തവയും കൂട്ടത്തിലുണ്ട്. നല്ലൊരു ലോക്കപ്പ് പോലുമില്ലാത്ത കെട്ടിടങ്ങളും ഇവയിലുണ്ട്. പോത്തുകൽ സ്റ്റേഷനിൽ പരാതി നൽകാൻ വരുന്നവർക്ക് വാഹനം നിർത്താൻ സ്ഥലമില്ലാത്ത അവസ്ഥയാണ്. 2010ൽ ഉദ്ഘാടനം കഴിഞ്ഞ മങ്കട പൊലീസ് സ്റ്റേഷൻ മങ്കട സർവിസ് സഹകരണ ബങ്കിന്റെ കെട്ടിടത്തിലാണ് വാടകക്ക് പ്രവർത്തിക്കുന്നത്.
നിലവിൽ ഈ സ്റ്റേഷനിൽ ഒരു വർഷത്തെ വാടക കുടിശ്ശികയുമുണ്ട്. വാഴക്കാട് സ്റ്റേഷൻ പഞ്ചായത്തിന്റെ സ്ഥലത്താണ്. കോഴിക്കോട് പന്തീരങ്കാവിൽ പുതിയ കെട്ടിടം ഒരുങ്ങുന്നുണ്ടെങ്കിലും നിലവിൽ സൗകര്യം കുറഞ്ഞ വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. കോഴിക്കോട് വിമാനത്താവളത്തിനടുത്തുള്ള കരിപ്പൂർ സ്റ്റേഷന് ഇതുവരെ സ്ഥലം കണ്ടെത്താനായിട്ടില്ല. അഞ്ച് സെന്റിൽ അസൗകര്യങ്ങൾ നിറഞ്ഞ ചെറിയൊരു വീട്ടിലാണ് ഇവിടെ സ്റ്റേഷൻ പ്രവർത്തിക്കുന്നത്. ഏറെ നാളായി ഒരു നല്ല കെട്ടിടത്തിന് കാത്തിരിക്കുകയാണ് പല സ്റ്റേഷനുകളും.
ആഭ്യന്തരവകുപ്പിൽ നിന്ന് ലഭ്യമായ വിവരങ്ങൾ പ്രകാരം സംസ്ഥാനത്ത് 27 പൊലീസ് സ്റ്റേഷനുകൾക്ക് പുതിയ കെട്ടിടം നിർമിക്കുന്നതിനായി ഭരണാനുമതി നൽകി തുക അനുവദിച്ചിട്ടുണ്ട്. ഈ കെട്ടിടങ്ങളുടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചതായും ആഭ്യന്തര വകുപ്പ് വ്യക്തമാക്കുന്നു. വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന സ്റ്റേഷനുകൾക്ക് സ്വന്തമായി കെട്ടിടം നിർമിച്ച് മികച്ച പശ്ചാത്തല സൗകര്യം ഉറപ്പാക്കുമെന്നാണ് ഇതുസംബന്ധിച്ച ചോദ്യങ്ങൾക്ക് സർക്കാർ നൽകുന്ന പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.