50 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ കൂടി യാഥാർഥ്യത്തിലേക്ക്

തിരുവനന്തപുരം: ആരോഗ്യമേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള ആര്‍ദ്രകേരളം പുരസ്‌കാരം 2021-22 വിതരണവും 50 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനവും 17ന് രാവിലെ 11.30ന് നിശാഗന്ധി ആഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മന്ത്രി വീണാ ജോര്‍ജ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ വി. ശിവന്‍കുട്ടി, ആന്റണി രാജു, ജി.ആര്‍. അനില്‍ എന്നിവര്‍ പങ്കെടുക്കും. ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള അംഗീകാരമായാണ് ആര്‍ദ്രകേരളം പുരസ്‌കാരം സമ്മാനിക്കുന്നത്.

സംസ്ഥാനത്തെ 50 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റിയതായി മന്ത്രി വീണ ജോര്‍ജ് അറിയച്ചു. തിരുവനന്തപുരം ഏഴ്, കൊല്ലം രണ്ട്, പത്തനംതിട്ട നാല്, ആലപ്പുഴ രണ്ട്, കോട്ടയം ഒന്ന്, ഇടുക്കി ഒന്ന്, എറണാകുളം മൂന്ന്, തൃശൂര്‍ മൂന്ന്, പാലക്കാട് ഏഴ്, മലപ്പുറം എട്ട്, കോഴിക്കോട് മൂന്ന്, കണ്ണൂര്‍ ഒന്ന്, കാസര്‍ഗോഡ് എട്ട് എന്നിങ്ങനെയാണ് പുതുതായി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കിയത്.

ആര്‍ദ്രം മിഷന്റെ ഭാഗമായി ആരോഗ്യ സ്ഥാപനങ്ങളുടെ ഭൗതിക സാഹചര്യങ്ങളും സേവനങ്ങളും മെച്ചപ്പെടുത്തിയാണ് അവയെ ജനസൗഹൃദ സ്ഥാപനങ്ങളാക്കി മാറ്റുന്നത്. സംസ്ഥാനത്തെ 886 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറ്റുന്നത്. പുതുതായി 50 എണ്ണം കൂടി ഉദ്ഘാടനം ചെയ്യുന്നതോടെ ആകെ 630 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ യാഥാർഥ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി.

ആശുപത്രികളെ ജനസൗഹൃദമാക്കുന്നതിനായി എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും കാത്തിരിപ്പ് മുറികള്‍, ഒ.പി. രജിസ്ട്രേഷന്‍ കൗണ്ടറുകള്‍, ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കും ഉപയോഗിക്കുന്നതിനായി റാംപ്, രോഗിയുടെ സ്വകാര്യത ഉറപ്പു വരുത്തുന്നതിനാവശ്യമായ പരിശോധനാ മുറികള്‍, ഇന്‍ജക്ഷന്‍ റൂം, ഡ്രസിംഗ് റൂം, ഒബ്സര്‍വേഷന്‍ റൂം, നഴ്സസ് സ്റ്റേഷന്‍, ലാബ്, ഫാര്‍മസി, ലാബ് വെയിറ്റിംഗ് ഏരിയ, കാത്തിരിപ്പ് മുറികളില്‍ രോഗികള്‍ക്ക് നിർദേശങ്ങള്‍ നല്‍കുന്നതിനായി ടെലിവിഷന്‍, എയര്‍പോര്‍ട്ട് ചെയര്‍, ദിശാബോര്‍ഡുകള്‍, പബ്ലിക് അഡ്രസിംഗ് സിസ്റ്റം, രോഗീ സൗഹൃദ ശുചിമുറികള്‍ എന്നിവ ഉറപ്പാക്കുന്നു. എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളും വയോജന/സ്ത്രീ/ഭിന്നശേഷി സൗഹൃദമായാണ് നിർമിക്കുന്നതെന്നും മന്ത്രി അറിയിച്ചു.

Tags:    
News Summary - 50 more family health centers to become a reality

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.