ആലപ്പുഴ: ജില്ലയിൽ ഭക്ഷ്യസുരക്ഷ വകുപ്പ് നടത്തിയ പരിശോധനയിൽ പിടികൂടി നശിപ്പിച്ചത് 502 കിലോ പഴകിയ മത്സ്യം. ഇതിൽ 300 കിലോ ഫോർമാലിൻ ചേർത്ത മത്സ്യവുമുണ്ട്. ഫുഡ് സേഫ്റ്റി ഓഫിസർമാരുടെ നേതൃത്വത്തിൽ അരൂർ മുതൽ ചെങ്ങന്നൂർവരെയുള്ള മത്സ്യമാർക്കറ്റുകളും ലേലവിപണികളും കേന്ദ്രീകരിച്ച് നടത്തിയ സ്പെഷൽ ഡ്രൈവിലാണ് ഫോർമാലിൻ ചേർത്ത മത്സ്യം ഉൾപ്പെടെ പഴകിയമത്സ്യം പിടികൂടിയത്. 'ഓപറേഷൻ മത്സ്യ'യുടെ ഭാഗമായി ഭക്ഷ്യസുരക്ഷ വകുപ്പ് നേതൃത്വത്തിൽ ഫിഷറീസ് വകുപ്പും ആരോഗ്യവകുപ്പും ചേർന്ന് 117 പരിശോധനകളാണ് നടത്തിയത്.
ആലപ്പുഴ വഴിച്ചേരി മാർക്കറ്റിൽനിന്ന് ഫോർമാലിൻ ചേർത്തതും പഴകിയതുമായ 107 കിലോ, ചെങ്ങന്നൂർ കൊല്ലകടവ് മാർക്കറ്റിൽനിന്ന് 90 കിലോ, ഹരിപ്പാട് മാർക്കറ്റിൽനിന്ന് 300 കിലോ മത്സ്യവുമാണ് പിടികൂടി നശിപ്പിച്ചത്. 27 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. നാല് സ്ഥാപനങ്ങൾക്ക് പിഴ ചുമത്തും. ഫോർമാലിന്‍റെ സാമ്പിൾ ശേഖരിച്ച് തിരുവനന്തപുരത്തെ ഗവ. അനലിറ്റിക്കൽ ലാബിലേക്ക് പരിശോധനക്ക് അയച്ചു. രാസവസ്തുക്കൾ അടങ്ങിയ മീൻ പിടികൂടിയാൽ പിഴയടച്ച് രക്ഷപെടാതിരിക്കാൻ കടുത്ത നടപടിയുണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
മായം തിരിച്ചറിയാനാകാതെ
കർണാടക, ആന്ധ്ര, തമിഴ്നാട് അടങ്ങുന്ന സംസ്ഥാനങ്ങളിൽനിന്ന് കണ്ടെയ്നറുകളിൽ എത്തുന്ന മത്സ്യങ്ങളിലാണ് ഫോർമാലിൻ, അമോണിയപോലുള്ള രാസവസ്തുക്കൾ ചേർക്കുന്നത്. ഇവ കലർത്തിയ മത്സ്യത്തിന്‍റെ മായം പലപ്പോഴും ഉപഭോക്താക്കൾക്ക് തിരിച്ചറിയാനാവില്ല.
ഇടക്കിടെ ഭക്ഷ്യസുരക്ഷ വിഭാഗം മാർക്കറ്റുകൾ കേന്ദ്രീകരിച്ച് നടത്തുന്ന പരിശോധനയിൽ മാത്രമാണ് ഫോർമാലിന്‍റെ സാന്നിധ്യം തന്നെ കണ്ടെത്തുന്നത്. പരിശോധനകൾ കഴിയുമ്പോൾ വീണ്ടും പഴയപടിയാകും. കേടുകൂടാതിരിക്കാൻ ചൂര, കേര, വറ്റ, ആവോലി അടക്കമുള്ളയിലാണ് ഫോർമാലിൻ കലർത്തുന്നത്. എന്നാൽ, മത്സ്യങ്ങളുടെ ഗുണനിലവാരം പരിശോധിക്കാൻ സംവിധാനമില്ല.
ഫോര്‍മാലിന്‍ അപകടകാരി
അര്‍ബുദത്തിന് കാരണമാകുന്ന ഫോര്‍മാള്‍ഡിഹൈഡ് എന്ന രാസപദാര്‍ഥത്തില്‍നിന്നാണ് ഫോര്‍മാലിന്‍ വേര്‍തിരിച്ചെടുക്കുന്നത്. മോര്‍ച്ചറികളില്‍ മൃതദേഹങ്ങള്‍ കേടാകാതിരിക്കാനാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ഫോര്‍മാലിന്റെ ഉപയോഗം ഛര്‍ദി, കുടൽപുണ്ണ്, മറ്റ് ഉദരരോഗങ്ങള്‍ എന്നിവയുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.