ചെന്ത്രാപ്പിന്നി: ചെന്ത്രാപ്പിന്നിയിൽ 550 കിലോയോളം പഞ്ചസാര സിവിൽ സപ്ലൈസ് വകുപ്പ് കുഴിച്ചുമൂടി. ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തിയ പഞ്ചസാരയാണ് താലൂക്ക് സപ്ലൈ ഓഫിസറുടെ നേതൃത്വത്തിൽ കുഴിച്ചുമൂടിയത്. ശനിയാഴ്ച രാവിലെ 11 മണിയോടെ നമ്പ്രാട്ടിച്ചിറയിലെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് 11 ചാക്ക് പഞ്ചസാര കുഴിച്ചുമൂടിയത്.
ഒന്നരവർഷം മുമ്പ് മതിലകത്ത് വാഹനാപകടത്തിൽപ്പെട്ട് വാഹനത്തിൽനിന്നും പാൻമസാലയും 27 ചാക്ക് പച്ചരിയും 11 ചാക്ക് പഞ്ചസാരയും പൊലീസ് പിടിച്ചെടുത്തിരുന്നു. ഇതിൽ അരിയും പഞ്ചസാരയും കോടതി ഉത്തരവ് പ്രകാരം സപ്ലൈക്കോ ഏറ്റെടുത്ത് എടമുട്ടത്തെ ഗോഡൗണിലേക്ക് മാറ്റിയിരുന്നു. ഇപ്രകാരം സൂക്ഷിച്ച ഭക്ഷ്യധാന്യങ്ങൾ കാലക്രമേണ ഉപയോഗശൂന്യമാകാൻ സാധ്യതയുള്ളതായി താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചതുപ്രകാരം അരിയും പഞ്ചസാരയും പൊതുവിപണി വഴിയോ, പരസ്യലേലം വഴിയോ വിറ്റഴിക്കാൻ കലക്ടർ ഉത്തരവിട്ടിരുന്നു. ലേലത്തിൽ ആരും പങ്കെടുക്കാതിരുന്നതിനാൽ അരി പൊതുവിപണി വഴി വിറ്റഴിച്ചിരുന്നു.
എന്നാൽ പഞ്ചസാര ഭക്ഷ്യയോഗ്യമല്ലെന്ന് സപ്ലൈകോ ക്വാളിറ്റി അഷ്വുറൻസ് വിഭാഗത്തിന്റെ പരിശോധനയിൽ വ്യക്തമായതോടെ പൊതുവിപണി വഴി വിറ്റഴിക്കാൻ കഴിയാതെ വന്നതോടെയാണ് കലക്ടറുടെ ഉത്തരവ് പ്രകാരം കുഴിച്ചുമൂടിയതെന്ന് താലൂക്ക് സപ്ലൈ ഓഫിസർ വി. രാജേഷ് പറഞ്ഞു.
അതേസമയം സപ്ലൈക്കോയിൽ അവശ്യസാധനങ്ങൾ കിട്ടാത്ത സാഹചര്യത്തിൽ 11 ചാക്ക് പഞ്ചസാര കുഴിച്ചുമൂടിയത് ഉദ്യോഗസ്ഥരുടെ അലംഭാവമാണെന്ന് കോൺഗ്രസ് ചെന്ത്രാപ്പിന്നി മണ്ഡലം പ്രസിഡന്റും മുൻ വാർഡ് അംഗവുമായ ഉമറുൽ ഫാറൂഖ് കുറ്റപ്പെടുത്തി.
ഒന്നരവർഷം മുമ്പ് പിടിച്ചെടുത്ത ഭക്ഷ്യധാന്യങ്ങളുടെ കാര്യത്തിൽ കാലതാമസം വരുത്തിയതാണ് ഇത്തരമൊരു നടപടിയിലേക്ക് എത്തിച്ചതെന്നും ഉമറുൽ ഫാറൂഖ് പറഞ്ഞു. സംഭവമറിഞ്ഞ് കയ്പമംഗലം പൊലീസിലെ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.