തിരുവനന്തപുരം: നിർമാണം പൂര്‍ത്തിയാക്കിയ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനസജ്ജമാക്കുന്നതിന് 570 തസ്തികകള്‍ സൃഷ്ടിക്കാൻ മന്ത്രിസഭയോഗ തീരുമാനിച്ചു. അസിസ്റ്റന്‍റ് സര്‍ജന്‍ - 35, നഴിസിങ് ഓഫീസര്‍ ഗ്രേഡ് II - 150, ഫാര്‍മസിസ്റ്റ് ഗ്രേഡ് II - 250, ലാബ് ടെക്നീഷ്യന്‍ ഗ്രേഡ് II - 135 എന്നിങ്ങനെയാണിത്.
നിയമന നടപടികള്‍ പൂര്‍ത്തിയായ ശേഷം അടുത്തഘട്ടമായി അനിവാര്യമായ തസ്തികകള്‍ സൃഷ്ടിക്കും. ഇക്കാര്യം പരിശോധിച്ച് നിര്‍ദ്ദേശം സമര്‍പ്പിക്കുവാന്‍ ആരോഗ്യവകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തി. ഓരോ ജില്ലയിലും അവശ്യം വേണ്ടുന്ന അസിസ്റ്റന്‍റ് സര്‍ജന്‍ ഒഴികെയുള്ള തസ്തികകള്‍ ആരോഗ്യവും കുടുംബക്ഷേമവും വകുപ്പിന് നിശ്ചയിക്കാവുന്നതാണ്.
കേരള സർവകലാശാലയുടെ കീഴിലുള്ള യു.ഐ.ടി മണ്ണടി സെൻററിന് സ്വന്തമായി കെട്ടിടം പണിയുന്നതിന് പത്തനംതിട്ട അടൂർ താലൂക്കിൽ കടമ്പനാട് വില്ലേജിൽ 28.57 ആർ ഭൂമി കേരള സർവകലാശാലയുടെ പേരില്‍ പാട്ടത്തിന് നല്‍കും. ആര്‍ ഒന്നിന് പ്രതിവര്‍ഷം 100 രൂപ ഇടാക്കി 30 വര്‍ഷത്തേക്കാണ് പാട്ടത്തിന് നല്‍കുക.
പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് എഥനോൾ പ്ലാൻറ്, മൾട്ടി ഫീഡ് ഡിസ്റ്റിലേഷൻ യൂനിറ്റ്, ഇന്ത്യൻ നിർമിത വിദേശമദ്യ ബോട്ടിലിങ്ങ് യൂനിറ്റ്, ബ്രൂവറി, മാൾട്ട് സ്പിരിറ്റ് പ്ലാന്റ്, ബ്രാണ്ടി/ വൈനറി പ്ലാൻറ് എന്നിവ ആരംഭിക്കുന്നതിന് ഒയാസിസ് കമേര്‍ഷ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന് നിലവിലുള്ള മാർഗനിർദേശങ്ങളും നിബന്ധനകളും പാലിക്കണമെന്ന നിബന്ധനയോടെ പ്രാരംഭാനുമതി നല്‍കി.
കേന്ദ്ര സര്‍ക്കാരിലെ ശാസ്ത്ര സാങ്കേതിക വകുപ്പിന്‍റെ 'ഹൈഡ്രജൻ വാലി ഇന്നവേഷൻ ക്ലസ്റ്റർ പ്രൊജക്ടിനായി ഹൈഡ്രജൻ വാലി ഇന്നവേഷൻ ക്ലസ്റ്റർ - കേരള എന്ന പേരില്‍ അനര്‍ട്ടിന്‍റെ നേതൃത്വത്തില്‍ ലാഭേച്ഛയില്ലാത്ത കമ്പനി രജിസ്റ്റർ ചെയ്യും. ബോര്‍ഡ് ഡയറക്ടര്‍മാരായി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ (ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ-അനെർട്ട്), കേന്ദ്ര സർക്കാരിലെ ശാസ്ത്ര സാങ്കേതിക വകുപ്പിൻറെ പ്രതിനിധി, ഹൈഡ്രജൻ വാലി ഇന്നവേഷൻ ക്ലസ്റ്റർ ഓഹരി ഉടമകളുടെ/പങ്കാളികളുടെ പ്രതിനിധികൾ. (പരമാവധി - 2), ധനകാര്യ/ഊർജ്ജ വകുപ്പുകളിൽനിന്നുമുള്ള സർക്കാർ പ്രതിനിധികൾ, വ്യവസായ, സ്വകാര്യ/പൊതുമേഖലാ വിഭാഗത്തിൽ നിന്നുമുള്ള പ്രതിനിധികൾ (പരമാവധി- 2) എന്നിവരെ ഉള്‍പ്പെടുത്താനും മന്ത്രിസഭ യോഗം തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.