തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ആഭ്യന്തര ഉൽപാദനത്തിൽ (ജി.എസ്.ഡി.പി) വർധനയെന്ന് റിസർവ് ബാങ്ക് റിപ്പോർട്ട്. 2023-24 സാമ്പത്തിക വർഷത്തിൽ 6.52 ശതമാനം വളർച്ചയാണ് ജി.എസ്.ഡി.പിയിൽ രേഖപ്പെടുത്തിയത്.
തൊട്ടു മുൻവർഷം ഇത് 4.24 ശതമാനമായിരുന്നുവെന്നും ‘സംസ്ഥാനങ്ങളുടെ സ്ഥിതിവിവരക്കണക്കുകൾ’ (2023-24) എന്ന പേരിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. തൊട്ടുമുൻ വർഷം 5.96 ലക്ഷം കോടിയായിരുന്ന ആഭ്യന്തര ഉൽപാദനം 2023-24 സാമ്പത്തിക വർഷം 6.35 ലക്ഷം കോടിയായി ഉയർന്നു. റിപ്പോർട്ടിൽ പരാമർശിക്കുന്ന മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളം ഇനിയും മുന്നോട്ടുപോകാനുണ്ടെങ്കിലും വാർഷിക താരതമ്യത്തിൽ വളർച്ച ശുഭസൂചനയാണ്.
റിപ്പോർട്ട് പ്രകാരം തമിഴ്നാടിന്റെ വളർച്ച 8.23 ശതമാനമാണ്. ആന്ധ്രയുടേത് 7.35 ഉം കർണാടകയുടേത് 6.60 ഉം തെലങ്കാനയുടേത് 9.24 ഉം. 2018-19 മുതൽ 2022-23 വരെയുള്ള അഞ്ചു വർഷക്കാലയളവിൽ കേരളത്തിന്റെ ആഭ്യന്തര ഉൽപാദനത്തിലെ ശരാശരി വാർഷിക വളർച്ച നിരക്ക് (എ.എ.ജി.ആർ) 3.16 ശതമാനമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഇതിന് പുറമെ, സംസ്ഥാനത്തിന്റെ തനത് നികുതി വരുമാനത്തിലെ വർധനയും റിപ്പോർട്ട് അടിവരയിടുന്നുണ്ട്. തൊട്ടു മുൻവർഷം 58,341 കോടി രൂപയായിരുന്നത് 2022-23ൽ കേരളത്തിന്റെ തനത് നികുതി വരുമാനം 70,189 കോടി രൂപയായാണ് വർധിച്ചത്.
ഈ ഇനത്തിൽ 2023-24 ലെ ബജറ്റ് എസ്റ്റിമേറ്റ് 81,039 രൂപയാണ്. സംസ്ഥാനത്തിന്റെ നികുതിയേതര വരുമാനവും 2021-22ൽ 10,463 കോടി രൂപയിൽ നിന്ന് 2022-23ൽ 15,355 കോടി രൂപയായി ഉയർന്നു. രാജ്യത്തെ ഭാരിച്ച പെൻഷൻ ബാധ്യതയുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് കേരളം. 2022-23ൽ 26,689 കോടി രൂപയിൽ നിന്ന് 2023-24 വർഷം 28,240 കോടി രൂപയായാണ് ഉയർന്നത്.
പ്രകൃതിക്ഷോഭങ്ങൾ വിടാതെ പിന്തുടരുന്ന കേരളത്തിൽ ദുരിതാശ്വാസത്തിനായുള്ള സംസ്ഥാന സർക്കാറിന്റെ ചെലവ് ക്രമാതീതമായി വർധിച്ചെന്ന് റിസർവ് ബാങ്ക് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2011-12ൽ 14,181 ലക്ഷം രൂപയായിരുന്നത് 2023-24ൽ 47,060 ലക്ഷം രൂപയായാണ് വർധിച്ചത്. 232 ശതമാനം വർധന. 2018-19 ലെ പ്രളയകാലത്താണ് ഏറ്റവുമധികം ചെലവഴിച്ചത്, 3,13,376 ലക്ഷം രൂപ.
ആഭ്യന്തര വളർച്ച നിരക്ക് ഉയരുന്നതിന് വിഘാതമായി നിരവധി ഘടകങ്ങൾ നിലനിൽക്കുന്നുണ്ട്. അതിലൊന്ന് മൂലധന നിക്ഷേപത്തിന്റെ കുറവാണ്. ഈ ഇനത്തിൽ ദേശീയ ശരാശരിയെക്കാൾ കുറവാണ് കേരളത്തിലെ നില. ഉയർന്ന തോതിലുള്ള തൊഴിലില്ലായ്മയും യോഗ്യതക്കനുസരിച്ചുള്ള തൊഴിലിന്റെ ദൗർലഭ്യവും മറ്റൊരു ഘടകമാണ്.
2022-23 ൽ 1000 പേരിൽ 65 പേർ ഗ്രാമീണ മേഖലയിൽ തൊഴിലില്ലാത്തവരാണെങ്കിൽ 2023-24 ൽ ഇത് 76 ആയി ഉയർന്നു. നഗര മേഖലയിൽ 76ൽ നിന്ന് 67 ലേക്ക് കുറഞ്ഞിട്ടുണ്ട്. വിലത്തകർച്ചയും മനുഷ്യ-വന്യജീവി സംഘർഷങ്ങളും കാരണം കാർഷിക മേഖല പ്രതിസന്ധി നേരിടുകയാണ്. പ്രവാസികളുടെ പണമയക്കലും കുറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.