75 വർഷം മുമ്പ്, മലയാള റേഡിയോ പ്രക്ഷേപണത്തിൽ ഒരു പുതുയുഗം പിറന്നു. ഡൽഹി ബ്രോഡ്കാസ്റ്റിങ് ഹൗസിലെ ഒമ്പതാംനമ്പർ സ്റ്റുഡിയോയിൽനിന്ന് പ്രക്ഷേപണം. തലമുറകൾ മാറിയിട്ടും ആധികാരികവും വിശ്വസ്തവുമായി ഇന്നും നിലനിൽക്കുന്നു
ഡൽഹി ബ്രോഡ്കാസ്റ്റിങ് ഹൗസിലെ ഒമ്പതാം നമ്പർ സ്റ്റുഡിയോ. 75 വർഷം മുമ്പ്, 1949ലെ പുതുവർഷത്തിലെ തണുത്ത പ്രഭാതത്തിൽ 7.25ന് ചുവന്ന ലൈറ്റുകൾ തെളിഞ്ഞപ്പോൾ മലയാള റേഡിയോ പ്രക്ഷേപണത്തിൽ ഒരു പുതുയുഗം പിറന്നു.
“വാർത്തകൾ വായിക്കുന്നത് പത്മനാഭൻ...” മലയാളത്തിലെ ആദ്യത്തെ റേഡിയോ വാർത്താബുള്ളറ്റിൻ വായിച്ചത് റേഡിയോ പ്രക്ഷേപണത്തിന്റെ കുലപതിമാരിലൊരാളായ കെ. പത്മനാഭൻ നായരായിരുന്നു. അദ്ദേഹം പേരുപറഞ്ഞപ്പോൾ ജാതിവാൽ ചേർത്തില്ല. അങ്ങനെയാണ് വാർത്താ അവതാരകർ ജാതിപ്പേരുകൾ ഉപയോഗിക്കില്ലെന്ന കീഴ് വഴക്കം സൃഷ്ടിക്കപ്പെട്ടത്. മലയാളത്തിലുള്ള ആദ്യത്തെ സ്ഥിരം വാർത്താ പ്രക്ഷേപണം കേരളത്തിൽ വളരെക്കുറച്ചാളുകളേ കേട്ടിരിക്കാനിടയുള്ളൂ. അന്ന് ആകാശവാണി നിലയങ്ങൾ സംസ്ഥാനത്ത് ആരംഭിച്ചിട്ടില്ല. മലബാർ പ്രവിശ്യയുടെ ആസ്ഥാനമായ മദിരാശിയിലെ നിലയം റിലേ ചെയ്ത ഈ വാർത്താ പ്രക്ഷേപണമായിരുന്നു, മലയാളികൾ ആദ്യമായി കേട്ട ലക്ഷണമൊത്ത പ്രതിദിന വാർത്താബുള്ളറ്റിൻ.
1949ൽ പ്രധാന പ്രാദേശിക ഭാഷകളിൽ ദേശീയ വാർത്താബുള്ളറ്റിനുകൾ ആരംഭിക്കുമ്പോൾ വാർത്താവിഭാഗത്തിന്റെ മേധാവി പ്രഗല്ഭ പത്രപ്രവർത്തകൻ എം. ശിവറാമായിരുന്നു. കെ. പത്മനാഭൻ നായർ അധികകാലം ഡൽഹിയിൽ തുടർന്നില്ല. കോഴിക്കോട് നിലയം ആരംഭിക്കാനായി അദ്ദേഹത്തെയും അവിടേക്കയച്ചതോടെ വി. ബാലരാമനായി വാർത്തകളുടെ ചുമതല. സി. രാമൻകുട്ടി നായരും (രാമൻകുട്ടി) വാർത്തകൾ വായിച്ചു. ആദ്യകാലങ്ങളിൽ ഭരണഘടന, നിയമനിർമാണ സഭകൾ, ആസൂത്രണ പദ്ധതികൾ, സർക്കാർ നയങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട് വാർത്താ ഏജൻസികൾ നൽകുന്ന വാർത്തകളിലെ ഇംഗ്ലീഷ് പദങ്ങൾ വലിയ വെല്ലുവിളികളുയർത്തി. മനോധർമം അനുസരിച്ചായിരുന്നു അവ നൽകിയിരുന്നതെന്ന് കെ. പത്മനാഭൻ നായർ രേഖപ്പെടുത്തിയിട്ടുണ്ട്.
1950ൽ തിരുവനന്തപുരത്തുനിന്ന് വാർത്തകൾ റിലേ ചെയ്തുതുടങ്ങി. അതിന് വൻ സ്വീകാര്യത ലഭിച്ചു. അക്കാലത്ത് പത്രങ്ങൾ ഇറങ്ങിയിരുന്നത് ആഴ്ചയിൽ മൂന്നോ നാലോ ദിവസം മാത്രം. ഉച്ചയോടെ അച്ചടിക്കുന്ന അവ നഗരങ്ങളിൽ വൈകീട്ടോടെ വിതരണം ചെയ്യും, മറ്റിടങ്ങളിൽ അടുത്ത ദിവസവും. അപ്പോഴേക്കും വാർത്തകൾക്ക് പല ദിവസത്തെ പഴക്കമുണ്ടാകും. അവിടെയാണ് വാർത്തകൾ ദിവസവും ചൂടോടെ റേഡിയോയിലൂടെ ഗ്രാമങ്ങളിൽപോലും എത്തിയത്. ജനങ്ങൾ റേഡിയോക്ക് ചുറ്റും ഈ ബുള്ളറ്റിനുകൾക്കായി കാതോർത്തിരിക്കാൻ തുടങ്ങി. കാണാമറയത്തിരുന്ന് വാർത്തകൾ വായിക്കുന്നവർ ഗ്ലാമർ താരങ്ങളായി.
1952ൽ ഊർജസ്വലരായ മൂന്നു യുവാക്കൾ സബ് എഡിറ്റർമാരായി ചേർന്നു. ഓംചേരി എൻ.എൻ. പിള്ള, റോസ്കോട്ട് കൃഷ്ണപിള്ള, ആർ. കോൺസ്റ്റന്റൈൻ. മൂന്നുപേരും സെൻട്രൽ ഇൻഫർമേഷൻ സർവിസിലെ ഉദ്യോഗസ്ഥർ. ഓംചേരി, കൃഷ്ണൻകുട്ടി, ക്രിസ്പി എന്നീ പേരുകളിൽ ഇവർ വാർത്തകൾ വായിച്ചു. സാഹിത്യ സാംസ്കാരിക മേഖലകളിൽ അറിയപ്പെടുന്നവരായിരുന്നു ഓംചേരിയും റോസ്കോട്ടും. കോൺസ്റ്റന്റൈൻ കമ്യൂണിസ്റ്റ് നേതാവും ‘ജനയുഗ’ത്തിന്റെ സ്ഥാപകരിലൊരാളുമായിരുന്നു. മൂന്നുപേരും ഡൽഹിയിലെ പൊതുരംഗത്തും സജീവം.
എ.കെ.ജിയുടെ നേതൃത്വത്തിൽ ഡൽഹിയിലെ സാധാരണക്കാരായ മലയാളികളെ സംഘടിപ്പിക്കാനുള്ള പ്രവർത്തനങ്ങളുടെ മുൻനിരയിൽ ഓംചേരിയുമുണ്ടായിരുന്നു. ആകാശവാണി മലയാളം യൂനിറ്റായിരുന്നു കൂടിയാലോചനകളുടെ വേദി. 103ാം നമ്പർ മുറി. അതെക്കുറിച്ച് തന്റെ ‘ആകസ്മികം’ എന്ന ഓർമക്കുറിപ്പുകളിൽ അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.
അഭിജാതരായ മലയാളികൾക്കായി കേരള ക്ലബ് 1939 മുതൽ ഉണ്ടായിരുന്നു. തൊഴിലാളികൾ ഉൾപ്പെടെയുള്ള പാവപ്പെട്ടവർക്കായി സംഘടന രൂപവത്കൃതമായി. അതിനായി എ.കെ.ജി നിർദേശിച്ചതനുസരിച്ച്, ഓംചേരി ഒരു നാടകവുമെഴുതി: ‘ഈ വെളിച്ചം നിങ്ങൾക്കുള്ളതാകുന്നു’.
കമ്യൂണിസ്റ്റുകാർ നോട്ടപ്പുള്ളികളാകുന്ന കാലം. അവരുമായി ബന്ധമുണ്ടെന്നറിഞ്ഞാൽ ജോലി പോകും. അതുകൊണ്ട് ഓംചേരിക്ക് ഒരു തൂലികാനാമം ആവശ്യമായി വന്നു –വിലാസലതിക ബി.എ (ഓണേഴ്സ്). ആ നാടകത്തിൽ അന്നത്തെ കമ്യൂണിസ്റ്റ് എം.പിമാരും വേഷമിട്ടു. സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ നാടക മത്സരത്തിൽ അതിന് ഒന്നാം സമ്മാനവും കിട്ടി. അങ്ങനെ വിലാസലതികക്ക് ധാരാളം ആരാധകരുണ്ടായി. 1954ൽ മറ്റൊരു സർക്കാർ സ്ഥാപനത്തിൽ എഡിറ്ററായി ഓംചേരി ആകാശവാണി വിട്ടു. റോസ്കോട്ട് കൃഷ്ണപിള്ളയാണ് മലയാളം വാർത്തകളെ
ഭാഷാപരമായി സമ്പുഷ്ടമാക്കിയത്. കോൺസ്റ്റൈന്റന് വാർത്ത വായന അത്ര സുഗമമായിരുന്നില്ല. അദ്ദേഹം പിന്നീട് ന്യൂസ് െഡസ്കിൽ മാത്രം തുടർന്നു. 1957ൽ പ്രാദേശിക വാർത്താവിഭാഗം ആരംഭിച്ചപ്പോൾ ബാലരാമൻ തിരുവനന്തപുരത്ത് നിയമിതനായി. സി. രാമൻകുട്ടി നായർ അതിനും മുമ്പ് ആകാശവാണി വിട്ട് സിനിമാനിർമാതാവായി. 1964ൽ വാർത്താവതാരകരായി സത്യേന്ദ്രൻ, ഗോപൻ, പ്രതാപൻ എന്നിവർ നിയമിക്കപ്പെട്ടു. പിന്നാലെ, എം. രാമചന്ദ്രനും എത്തി. അനൗൺസർമാരായിരുന്ന റാണിയും (എം.എസ്. രുഗ്മിണി), വെൺമണി വിഷ്ണുവും വാർത്താവായനക്കാരായി. പി.കെ. തുളസീഭായി, ശ്രീകുമാർ, ടി.എൻ. സുഷമ, ശ്രീകണ്ഠൻ, ഹക്കിം കൂട്ടായി, അനിൽചന്ദ്രൻ, ശ്രീകണ്ഠൻ, സുഷമ വിജയലക്ഷ്മി... ഏറ്റവും ഒടുവിൽ ശ്രീദേവി മാത്രം യൂനിറ്റിൽ അവശേഷിച്ചു.
എം. രാമചന്ദ്രൻ വാർത്ത വായിച്ചു തുടങ്ങി ഒന്നുരണ്ടു മാസം കഴിഞ്ഞപ്പോൾ മറ്റൊരു രാമചന്ദ്രൻ എത്തി. ഒരേ പേരിൽ രണ്ടു രാമചന്ദ്രൻമാർ വാർത്ത വായിച്ചാൽ ശ്രോതാക്കൾ ആശയക്കുഴപ്പത്തിലാകുമെന്നതിനാൽ തന്റെ പേരിനു മുന്നിൽ മാവേലിക്കര ചേർക്കാമെന്നായി രണ്ടാമൻ. പല ഓഫിസുകൾ കയറിയിറങ്ങിയായിരുന്നു അദ്ദേഹം അതിനുള്ള അനുമതി നേടിയത്. ഏറെക്കാലം മാവേലിക്കര രാമചന്ദ്രൻ വാർത്ത വായിച്ചില്ല. പിന്നെ വിരമിക്കും വരെ ന്യൂസ് ഡസ്കിൽ. ഡൽഹിയിൽ വരുന്ന മലയാളികളുടെയൊക്കെ വലിയ സഹായിയായിരുന്നു അദ്ദേഹം. പെൻഷൻ പറ്റി നാട്ടിലേക്ക് മടങ്ങിയ മാവേലിക്കര രാമചന്ദ്രൻ ആദ്യം മാവേലിക്കരയിലും പിന്നെ തിരുവനന്തപുരത്തും താമസിച്ചു. ഒരു ശസ്ത്രക്രിയയെ തുടർന്ന് കഴുത്ത് തളർന്ന അദ്ദേഹം 2014 സെപ്റ്റംബറിൽ എങ്ങോട്ടോ പോയി. പിന്നീടിന്നുവരെ അദ്ദേഹത്തെ ആരും കണ്ടിട്ടില്ല.
ശബ്ദമറിയിച്ചവർ
‘അസമിൽ വെള്ളപ്പൊക്കം’ എന്ന് ന്യൂസ് റീലിൽ ശബ്ദം കേൾക്കുമ്പോൾ, അത് ശങ്കരനാരായണനാണെന്ന് മലയാളികൾ തിരിച്ചറിഞ്ഞിരുന്നത് വാർത്തകളെ ആഴത്തിൽ ഫീൽ ചെയ്യിക്കുന്ന ആ പ്രത്യേക ശൈലി കാരണമായിരുന്നു. ഓരോരുത്തരും ഇങ്ങനെ പ്രത്യേക വാർത്താവതരണ ശൈലി സ്വായത്തമാക്കി ശ്രോതാക്കളുടെ മനസ്സിൽ കുടിയേറി. ചില വാക്കുകൾക്ക് അനന്യമായ ഉച്ചാരണ ശൈലി നൽകിയ വെൺമണി വിഷ്ണു, ഒരു പ്രത്യേക താളത്തിൽ വായിക്കുന്ന
സി.വി. രാമൻപിള്ളയുടെ ബന്ധുവായ ഗോപൻ, 39 വർഷത്തിലേറെ വാർത്തകൾ വായിച്ച് ചരിത്രമെഴുതിച്ചേർത്താണ് വിരമിച്ചത്. കമ്യൂണിസ്റ്റ് പാർട്ടിക്കായി കണിയാപുരം രാമചന്ദ്രനോടൊപ്പം നാടകങ്ങൾ അവതരിപ്പിച്ചിരുന്ന ഗോപൻ സാംസ്കാരിക രംഗത്തും സജീവമായിരുന്നു. ‘ശ്വാസകോശം സ്പോഞ്ച് പോലെയാണ്’ എന്ന, പുകവലിക്കെതിരായ പരസ്യങ്ങളുടെ പേരിലാണ്
തിരുവനന്തപുരത്ത് 1968ൽ സ്റ്റാഫ് അനൗൺസറായി തുടങ്ങിയ എം.എസ്. രുഗ്മിണി, റാണി എന്ന പേരിൽ ഡൽഹിയിലും തിരുവനന്തപുരത്തും വാർത്താവായനക്കാരിയായി. ഏറെ ജനപ്രിയ വായനക്കാരിയായിരുന്ന അവർ പ്രസാർഭാരതിയുടെ ഡെപ്യൂട്ടി ഡയറക്ടർ ജനറലായാണ് വിരമിച്ചത്. ശാന്തൻ എന്ന പേരിൽ ഡൽഹിയിലെ കാഷ്വൽ വാർത്താവതാരകനായി ആരംഭിച്ച കെ. ശാന്തകുമാരൻ നായർ പിന്നീട് സബ് എഡിറ്ററും അസിസ്റ്റന്റ് ന്യൂസ് എഡിറ്ററുമായി. 1970ലെ ഇന്തോ-പാക് യുദ്ധം റിപ്പോർട്ട് ചെയ്യാൻ സിലിഗുരിയിലെ യുദ്ധമുഖത്തേക്കയച്ച രണ്ട് റിപ്പോർട്ടർമാരിലൊരാൾ ശാന്തകുമാരൻ നായരായിരുന്നു. 1971 സെപ്റ്റംബർ മൂന്നിന് വൈകീട്ട് വാർത്താബുള്ളറ്റിൻ തയാറാക്കി നൽകി മടങ്ങിയ അദ്ദേഹം സ്കൂട്ടർ അപകടത്തിൽ മരിച്ചു.
പ്രഗല്ഭരായ കാഷ്വൽ വാർത്താവതാരകരുടെ വൻനിരയുമുണ്ടായിരുന്നു ഡൽഹിയിൽ. വി.കെ.എൻ മുതൽ നികേഷ് കുമാറും ജോൺ ബ്രിട്ടാസും ആനി രാജയും വരെയുള്ളവർ വാർത്തകൾ വായിച്ചു. 1966-67 കാലത്ത് വി.കെ.എൻ കാഷ്വൽ വാർത്താവായനക്കാരനായി, ‘നാരായണൻ’ എന്ന പേരിൽ. 2017 ഏപ്രിൽ 23ന് ഡൽഹിയിൽനിന്നുള്ള മലയാളം വാർത്താപ്രക്ഷേപണം അവസാനിച്ചു. അടുത്ത ദിവസം രാവിലെ 7.25ന്, തിരുവനന്തപുരത്തുനിന്നുള്ള ആദ്യ ദേശീയ വാർത്താബുള്ളറ്റിൻ പ്രക്ഷേപണം ചെയ്യപ്പെട്ടു. അതോടെ 68 വർഷത്തിനു ശേഷം, ബ്രോഡ്കാസ്റ്റിങ് ഹൗസിലെ ഒമ്പതാം നമ്പർ സ്റ്റുഡിയോയിൽനിന്ന് മലയാളമൊഴി കൂടുവിട്ട് പോയി...
1957 ആഗസ്റ്റ് 15, വൈകീട്ട് 6.05നാണു തിരുവനന്തപുരത്തുനിന്നുള്ള പ്രാദേശിക വാർത്തകൾ ആരംഭിച്ചത്. അത് വായിച്ചത് ബാലരാമൻ. പി. സനാതനനായിരുന്നു ആദ്യ ന്യൂസ് എഡിറ്റർ. കെ.എൻ. ദാമോദരൻ നായർ സബ് എഡിറ്ററും പി. ചന്ദ്രശേഖരൻ റിപ്പോർട്ടറും. പ്രാദേശിക വാർത്തയിൽ രാഷ്ട്രീയ സംഭവവികാസങ്ങൾ കാര്യമായി ഉൾപ്പെടുത്തിയില്ല. സർക്കാരും ഇൻഫർമേഷൻ ബ്യൂറോയും നൽകുന്ന വാർത്താക്കുറിപ്പുകളിൽനിന്നുള്ള വാർത്തകൾ മാത്രമാണ് മുഖ്യമായും ഉണ്ടായിരുന്നതെന്ന് ദാമോദരൻ നായർ രേഖപ്പെടുത്തിയിട്ടുണ്ട് . ‘‘രണ്ടു സർക്കാറുകളെയും പിണക്കാതെയുള്ള ഒരു ഞാണിന്മേൽകളിയായിരുന്നു അത്.’’
ദാമോദരൻ നായർ നിയമസഭാ നടപടികൾ സ്ഥിരമായി റിപ്പോർട്ട് ചെയ്യാൻ തുടങ്ങി. രാവിലെ എട്ടുമുതൽ ഒന്നുവരെ നീണ്ടുനിൽക്കുന്ന സമ്മേളനത്തിലെ പ്രധാന സംഭവങ്ങൾ 12.30ന്റെ പ്രാദേശിക വാർത്തകളിൽ പ്രക്ഷേപണം ചെയ്തിരുന്നു. 1972 ഏപ്രിൽ മൂന്നിന് സഭയിൽ പ്രസംഗിച്ചു നിൽക്കേ മന്ത്രി കെ.ടി. ജോർജ് ആസന്നമരണനായി വീണു. വാർത്തകൾ തുടങ്ങിയശേഷം അസംബ്ലിയിൽനിന്ന് ഇത് വിളിച്ചുപറഞ്ഞ്, ബുള്ളറ്റിനിൽ ഉൾപ്പെടുത്തി.
വി. ബാലരാമൻ തുടർച്ചയായി നൂറു ദിവസം ബുള്ളറ്റിൻ വായിച്ചു. കാഷ്വൽ അവതാരകനായിരുന്ന ജി. വിവേകാനന്ദനും ശാന്തകുമാരൻ നായരും അന്ന് വാർത്തകൾ വായിച്ചു. കാഷ്വൽ അനൗൺസറായിരുന്ന അടൂർ ഭാസിയും വാർത്താവിഭാഗത്തിൽ കുറച്ചുകാലം ജോലിചെയ്തിരുന്നു. 1964ൽ പ്രതാപനും പിന്നെ എം. രാമചന്ദ്രനും തിരുവനന്തപുരത്തെത്തി. റാണി, അലക്സ് വള്ളക്കാലിൽ, ശ്രീകുമാർ, ശ്രീകണ്ഠൻ, സുഷമ എന്നിങ്ങനെ ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ച വാർത്താവതാരകരുണ്ടായിരുന്നു തിരുവനന്തപുരത്ത്. സ്റ്റാഫ് അനൗൺസറായിരുന്ന പി. പത്മരാജനും രണ്ടുവർഷത്തോളം വാർത്തകൾ വായിച്ചു. അനൗൺസർമാരായ പി.കെ. തുളസീഭായി, ജോൺ സാമുവൽ, രാജകുമാരി വേണു, രാധാ ഷൺമുഖം, എസ്. രാജശേഖരൻ, ഷീലാ രാജ്, എം. സജീവ് തുടങ്ങിയവരും വാർത്താവതാരകരായി.
എം. രാമചന്ദ്രനായിരുന്നു 1984 ഒക്ടോബർ 31ന് ഇന്ദിര ഗാന്ധി വെടിയേറ്റ് മരിച്ച വാർത്ത വായിച്ചത്. ബി.ബി.സി വാർത്ത നേരത്തേ പുറത്തുവിട്ടിരുന്നു. വൈകീട്ട് 6.15ന്റെ ബുള്ളറ്റിൻ തയാറാക്കുന്ന സമയം വരെ, സർക്കാർ ഔദ്യോഗികമായി അത് പ്രഖ്യാപിച്ചില്ല. അതിനാൽ, ആ വാർത്തയില്ലാത്തതും ഉള്ളതുമായ രണ്ടു ബുള്ളറ്റിനുകളുമായാണ് അദ്ദേഹം സ്റ്റുഡിയോയിൽ കയറിയത്. പക്ഷേ, ഇംഗ്ലീഷ് ബുള്ളറ്റിൻ ആ അനിശ്ചിതത്വമവസാനിപ്പിച്ചു. ദുരന്തവാർത്ത രാമചന്ദ്രന്റെ ശബ്ദത്തിൽ ആകാശവാണി ഖേദപൂർവം ശ്രോതാക്കളെ അറിയിച്ചു.
1966 ഏപ്രിൽ 14നാണ് കോഴിക്കോടുനിന്ന് പ്രാദേശിക വാർത്തകൾ ആരംഭിച്ചത്. അത് തയാറാക്കി വായിച്ചത് ശാന്തൻ. ആദ്യ സംഘത്തിൽ സബ് എഡിറ്റർ കെ. ഗോപിനാഥും റിപ്പോർട്ടർ വി.കെ. മൊയ്തീൻകോയയും ഉണ്ടായിരുന്നു.
അടിയന്തരാവസ്ഥക്കാലത്താണ് പ്രാദേശികവാർത്തകൾ രാവിലെയും ആരംഭിച്ച് കേരളത്തിലെ മുഴുവൻ നിലയങ്ങളും റിലേ ചെയ്യാൻ തുടങ്ങിയത്. ആദ്യ വാർത്താവതാരകരിൽ എം. രാമചന്ദ്രനും സി.പി. ജയലക്ഷ്മിയുമുണ്ട്. തുടർന്ന് എ.പി. അച്യുതൻകുട്ടി, രത്നാബായ്, വെണ്മണി വിഷ്ണു, ശ്രീകണ്ഠൻ, അനിൽചന്ദ്രൻ, ഹക്കിം കൂട്ടായി തുടങ്ങിയവർ വാർത്താവായനക്കാരായി. സ്റ്റാഫ് അനൗൺസർമാരായിരുന്ന കെ. രത്നമ്മ, വി. നാരായണൻ, അസിസ്റ്റന്റ് എഡിറ്ററായിരുന്ന അബ്ദുള്ള നന്മണ്ട എന്നിവരും വാർത്ത വായിച്ചിരുന്നു. കാപ്പിൽ വി. സുകുമാരൻ വിരമിക്കുന്നതിന് തൊട്ടുമുമ്പ് വാർത്താവിഭാഗത്തിൽ ന്യൂസ് റീഡറായി. ഇപ്പോൾ ഹക്കിം കൂട്ടായിയും അനിൽചന്ദ്രനും മാത്രം.
പൊതുജീവിതത്തിൽ വ്യക്തിമുദ്രപതിപ്പിച്ചവരുടെ സാന്നിധ്യം വാർത്താവിഭാഗത്തിന്റെ ന്യൂസ് ഡെസ്കിനെ സമ്പന്നമാക്കി. പെരുന്ന കെ.എൻ. നായരായിരുന്നു അവരിൽ പ്രമുഖൻ. മുപ്പതോളം ഗ്രന്ഥങ്ങൾ എഴുതിയ അദ്ദേഹം മുതിർന്ന നേതാക്കളുമായി ആത്മബന്ധം പുലർത്തി. പി.സി.സി. രാജ, കെ. ഗോവിന്ദൻകുട്ടി, എ.എം. പക്കർകോയ, ഡി. പ്രതാപചന്ദ്രൻ, വി.ബി. ഉണ്ണിത്താൻ, എം.എ. വർഗീസ്, കെ.കെ. മണി, മധു വർമ, പി. കേശവൻ നമ്പൂതിരി, വി.എം. അഹമ്മദ്, എ.എം. തോമസ്, ഡോ. കെ. പരമേശ്വരൻ, കെ.പി. രാജീവൻ, ദേവൻ എൻ. പിഷാരടി, മധു ആർ. ശേഖർ, വി.എം. അഹമ്മദ്, എൻ. വിജയ, ജേക്കബ് എബ്രഹാം തുടങ്ങിയവർ പല കാലഘട്ടങ്ങളിൽ ന്യൂസ് എഡിറ്റർമാരും റിപ്പോർട്ടർമാരുമായി. ഇപ്പോഴത്തെ വാർത്താവിഭാഗം മേധാവി എ.എം. മയൂഷ ഐ.ഐ.എസ് ഉദ്യോഗസ്ഥയാണ്. കേരളത്തിലെ ആദ്യ ആകാശവാണി വനിതാ ന്യൂസ് എഡിറ്ററാണ് കെ.എ. ബീന. തുടർന്ന് ലെമി ജി. നായരും കെ.വൈ. ഷാമിലയും വാർത്താ യൂനിറ്റിന്റെ മേധാവികളായി.
രാഷ്ട്രീയ സംഭവവികാസങ്ങളും മരണങ്ങളും ദുരന്തങ്ങളുമെല്ലാം ആദ്യമെത്തിച്ചിരുന്നത് 6.45ന്റെ വാർത്തകളായിരുന്നു. ഇന്നും കേരളത്തിൽ ആകാശവാണിക്ക് ഏറ്റവും കൂടുതൽ ശ്രോതാക്കളുള്ളത് ഈ വാർത്തകൾക്കാണ്. തലമുറകൾ മാറിയിട്ടും, ഏറ്റവും ആധികാരികവും വിശ്വസ്തവുമായി ഇന്നും നിലനിൽക്കുന്നു 75ന്റെ നിറവിലും ആകാശവാണി വാർത്തകൾ.
.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.