കണ്ണൂർ പൊലീസ് ഗ്രൗണ്ടുകൾ വാടകക്ക് നൽകിയ 9.78 കോടി രൂപ പലിശയടക്കം സർക്കാറിൽ അടക്കണമെന്ന് റിപ്പോർട്ട്

കോഴിക്കോട്: വിവിധ പൊലീസ് കാര്യാലയങ്ങളിൽ അക്കൗണ്ടിൽ നിഷ്ക്രിയമായികിടക്കുന്ന തുക തിരിച്ചടക്കണമെന്ന് ധനകാര്യ റിപ്പോർട്ട്. പൊലീസ് വകുപ്പിലെ വിവിധ കാര്യാലയങ്ങളിലായി ബാങ്ക് അക്കൗണ്ടുകളിൽ നിഷ്ക്രിയമായി സൂക്ഷിച്ചിരിക്കുന്ന മുതലിനത്തിലുള്ള 12,63,61,592 രൂപയും പലിശയിനത്തിൽ ബാക്കിയുള്ള 29,11,573 രൂപയും സർക്കാർ ശീർഷകത്തിൽതിരിച്ചടക്കണെന്നാണ് റിപ്പോർട്ടിലെ ശിപാർശ.

കണ്ണൂർ ജില്ലാ പൊലീസ് കാര്യാലയം പൊലീസ് ഗ്രൗണ്ടുകൾ വാടകക്ക് നൽകിയ ഇനത്തിൽ പിരിച്ചെടുത്ത തുക സ്ഥിര നിക്ഷേപമായി സൂക്ഷിച്ചിരിക്കുന്ന ആകെ 9,78,50,870 രൂപ സ്ഥിരനിക്ഷേപം ക്ലോസ് ചെയ്ത് പലിശയടക്കം സർക്കാറിൽ അടക്കണം. വിവിധ ഓഫീസുകളിൽ പണമായി സൂക്ഷിച്ചിരിക്കുന്ന 88,740 രൂപ ബന്ധപ്പെട്ട ശീർഷകങ്ങളിൽ തിരിച്ചടക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാണ് റിപ്പോർട്ട്.

കോട്ടയം എസ്.പി ഓഫീസിലെ അക്കൗണ്ടിൽ സൂക്ഷിച്ചിരിക്കുന്ന 2,60,383.60 രൂപ, ഇടുക്കി എസ്.പി. ഓഫീസ്-1,01,014 രൂപ, കോഴിക്കോട് സിറ്റി പൊലീസ് കമീഷണറുടെ കാര്യാലയം-45,34,547 രൂപ, കെ.എ.പി ഓഫിസിലെ -1,62,416.89 രൂപ എന്നിവ ആവശ്യം നിർവഹിച്ചശേഷം ബാക്കി തുക സർക്കാരിലേക്ക് അടക്കണം.

തിരുവനന്തപുരം പൊലീസ് ഹെഡ്ക്വാർട്ടേഴ്‌സിലെ വിവിധ അക്കൗണ്ടുകളിൽ സൂക്ഷിച്ചിരിക്കുന്ന 11,90,674 രൂപ, 6,06,283.50 രൂപ, 2,93,617 രൂപയും തിരുവനന്തപുരം ജില്ലാ സിറ്റി പൊലീസ് കമീഷണറുടെ കാര്യാലയം ബാങ്കിൽ സൂക്ഷിച്ചിരിക്കുന്ന 4,88,600 രൂപ എന്നിവ അടിയന്തിരാവശ്യമില്ലാത്ത തുകസർക്കാരിലേക്ക് തിരിച്ചടക്കണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ.

മലപ്പുറം എം.എസ്.പിക്ക് വാടകയിലൂടെ ലഭിച്ച തുകയിൽ സർക്കാർ അനുമതി കൂടാതെ ചെലവഴിച്ച 96,99,325 രൂപയുടെ വിനിയോഗം സംബന്ധിച്ചും ആർ.ആർ.ആർ.എഫ് ക്ലാരിക്ക് വാടകയിലൂടെ ലഭിച്ച തുകയിൽ സർക്കാർ അനുമതി കൂടാതെ ചെലവഴിച്ച 1,30,451 രൂപയുടെ വിനിയോഗം സംബന്ധിച്ചുമുള്ള വിശദാംശങ്ങൾ സർക്കാറിന് സമർപ്പിച്ച് അംഗീകാരം നേരടണം. മലപ്പുറം എം.എസ്.പി അതിന്റെ ഭൗതിക സൗകര്യങ്ങൾ വാടകക്ക് നൽകിയതിലൂടെ ലഭിക്കുന്ന തുക ഭാവിയിൽ ഇ-ട്രഷറി പ്രകാരം മാത്രം സ്വീകരിച്ച് സർക്കാറിലേക്ക് അടക്കണം.

എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ അക്കൗണ്ടിലെ 49,88,428 രൂപ ഫോറൻസിക് ലാബ് നിർമാണവുമായി ബന്ധപ്പെട്ട് മാറ്റി സൂക്ഷിച്ചിട്ടുണ്ട്. ഈ നടപടി സർക്കാർ ഉത്തരവുകളിലെ വ്യവസ്ഥകൾക്ക് വിരുദ്ധമാണ്. സർക്കാർ ഉത്തരവുകളിലെ വ്യവസ്ഥകൾ ലംഘിച്ച് ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയത്തിൽ പ്ലാൻ ഫണ്ട് ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റി നിക്ഷേപിച്ചത് സംബന്ധിച്ച വിശദീകരണം ഭരണ വകുപ്പ് ആവശ്യപ്പെടണം. ഈ തുകയും പലിശയും സർക്കാരിലേക്ക് തിരിച്ചടക്കണമെന്ന റിപ്പോർട്ടിൽ ആവശ്യപ്പെട്ടു.

പേരൂർക്കട എസ്.എ.പി ക്യാമ്പിലെ പെട്രോൾ പമ്പ് ലാഭവിഹിതത്തിന്റെ 50 ശതമാനം സർക്കാരിലേക്ക് ഒടുക്കുന്ന മാതൃകയിൽ ഉത്തരവ് പുറപ്പെടുവിക്കാൻ ഭരണവകുപ്പിനോട് ശിപാർശ ചെയ്തു. പത്തനംതിട്ട ജില്ലാ പൊലീസ് സൂപ്രണ്ട് ഓഫീസിൽ സ്പെഷ്യൽ ടിഎസ്.ബി. അക്കൗണ്ടിൽ നീക്കിയിരിപ്പള്ള 1,01,408 രൂപ സർക്കാരിലേക്ക് തിരിച്ചടക്കണം

സാലറി വിതരണത്തിനായി ഇടുക്കി ജില്ലാ പൊലീസ് മേധാവിയുടെ അക്കൗണ്ടിലെ ബാലൻസ് തുകയിൽ നിന്നും നിലവിൽ ഏതെങ്കിലും ക്ലെയിമിന് തുകകൾ ചെലവഴിക്കാൻ ഉണ്ടെങ്കിൽ അവ ഒഴിച്ചുള്ള തുക സർക്കാരിലേക്ക് തിരിച്ചടക്കാൻ ജില്ലാ പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകണനെന്നും ശിപാർശ ചെയ്തു.

കൊച്ചി പൊലീസ് കമീഷണറേറ്റിലും എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയത്തിലും നിത്യനിദാന ചെലവുകൾക്കു് വേണ്ടിയുള്ള അക്കൗണ്ടുകളിൽ ഭീമമായ തുകകൾ നീക്കിയിരിപ്പുണ്ട്. എന്നാൽ ഈ അക്കൗണ്ടുകൾ കറണ്ട് അക്കൗണ്ടുകളാണ്. കറണ്ട് അക്കൗണ്ടുകളിൽ നിക്ഷേപിക്കുന്ന തുകുകൾക്ക് പലിശ ആർജ്ജിക്കുന്നില്ലാത്തതിനാൽ ആനുപാതികമായ പലിശ നഷ്ടം സംഭവിക്കുന്നു. ഇക്കാര്യത്തിൽ വിശദീകരണം ഭരണ വകുപ്പിനോട് ആരായണമെന്നാണ് റിപ്പോർട്ട്.

മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിന്റെ അക്കൌണ്ടുകളിലെ നീക്കിയിരുപ്പ് തുകയിൽ അനുവദിച്ച ആവശ്യങ്ങൾക്ക് മാനദണ്ഡങ്ങൾ പ്രകാരം ചെലവഴിക്കാനാകാത്ത തുകകൾ, ലഭിച്ച പലിശ തുടങ്ങിയവ അടിയന്തിരമായി സർക്കാരിലേക്ക് അടക്കണം. ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിൽ ഏതെങ്കിലും ബാങ്ക് അക്കൗണ്ട് നിലനിർത്തേണ്ടതുണ്ടെങ്കിൽ അതിന് ധനവകുപ്പിൽ നിന്നുള്ള അനുമതി ലഭ്യമാക്കണനെന്നാണ് റിപ്പോർട്ടിലെ ശിപാർശ.

ആർ.ആർ.ആർ.എഫ് ക്ലാരി, മലപ്പുറം എം.എസ്.പി എന്നിവയുടെ സ്പോർട്‌സ് ഗ്രൗണ്ട്, ഓഡിറ്റോറിയം, കൂട്ടിലങ്ങാടി ഗ്രൗണ്ട്, സ്കൂൾ ഗ്രൗണ്ട്, സൗണ്ട് സിസ്റ്റം തുടങ്ങിയവ വിവിധ സർക്കാർ/സ്വകാര്യ പരിപാടികൾക്കായി വാടകക്ക് നൽകുന്നതിനും വാടക നിരക്ക് നിശ്ചയിക്കുന്നതിനും എം.എസ്.പി കോമ്പൗണ്ടിൽ എം.ടി.എം സ്ഥാപിച്ചതിന് സർക്കാർ അംഗീകാരം ലഭ്യമാക്കുന്നതിനും ബന്ധപ്പെട്ട കമാണ്ടർക്ക് കർശന നിർദേശം നൽകണം. ആർ.ആർ.ആർ.എഫ് ക്ലാരിയുടെ ഗ്രൗണ്ട്, സൗണ്ട് സിസ്റ്റം എന്നിവ വാടകക്ക് നല്കിയതിലൂടെ ലഭിച്ച 15960 രൂപ സർക്കാരിലേക്ക് അടക്കണമെന്നും റിപ്പോർട്ടിൽ ശിപാർശ ചെയ്തു.

Tags:    
News Summary - 9.78 crore rupees leased by Kannur police grounds including interest should be paid to the government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.