കയ്പമംഗലം: കോയമ്പത്തൂർ സ്വദേശിയെ കയ്പമംഗലത്ത് ദുരൂഹ സാഹചര്യത്തിൽ ആംബുലൻസിൽ ഉപേക്ഷിച്ച സംഭവം കൊലപാതകമാണെന്ന് പൊലീസ്. കോയമ്പത്തൂർ മേട്ടുപ്പാളയം സ്വദേശി അരുണിനെയാണ് (40) ആംബുലൻസിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. കയ്പമംഗലം ഫിഷറീസ് സ്കൂളിനടുത്ത് തിങ്കളാഴ്ച രാത്രി 11ഓടെയാണ് സംഭവം.
നാലുപേരടങ്ങുന്ന സംഘം അപകടത്തിൽ പരിക്കുപറ്റിയെന്ന് പറഞ്ഞ് ആംബുലൻസ് വിളിച്ചുവരുത്തി അരുണിനെ ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു. ആംബുലൻസിന് പിന്നാലെ ആശുപത്രിയിലേക്ക് എത്താമെന്ന് പറഞ്ഞ് സംഘം മുങ്ങി. ആശുപത്രിയിലെത്തുമ്പോഴേക്കും അരുൺ മരിച്ചിരുന്നു.
സംഭവത്തെ തുടർന്ന് കയ്പമംഗലം പൊലീസ് നടത്തിയ പ്രാഥമികാന്വേഷണത്തിലാണ് അരുണിന്റെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്. റൈസ് പുള്ളർ തട്ടിപ്പുമായി ബന്ധപ്പെട്ട് നഷ്ടപ്പെട്ട 10 ലക്ഷം രൂപ തിരികെപിടിക്കുന്നതിനായിരുന്നു ആക്രമണമെന്നാണ് പൊലീസ് പറയുന്നത്.
പാലിയേക്കരയിലേക്ക് വിളിച്ചു വരുത്തിയ അരുണിനെ രഹസ്യകേന്ദ്രത്തിൽ എത്തിച്ച് മർദിച്ച ശേഷം കാറിൽ കയറ്റിവരുന്നതിനിടെയാണ് കയ്പമംഗലത്ത് വെച്ച് ആംബുലൻസ് വിളിച്ച് ആംബുലൻസിൽ കയറ്റിവിട്ടത്. പൊലീസിന്റെ അന്വേഷണത്തിൽ മർദിച്ച നാലുപേരും കണ്ണൂർ സ്വദേശികളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കണ്ണൂരിലെത്തിയ കയ്പമംഗലം പൊലീസ് നാലു പേർക്കുമായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.