വിഴിഞ്ഞം തുറമുഖം ആരുടെ കുഞ്ഞ്? ഭരണപക്ഷം പറയുന്നു അവരുടേതെന്ന്. വിട്ടുകൊടുക്കാൻ യു.ഡി.എഫ് തയാറുമല്ല. ധനാഭ്യർഥന ചർച്ചയിൽ ഇരുപക്ഷവും അവകാശത്തിനായി വീറോടെ വാദിക്കുന്നുണ്ടായിരുന്നു. അടുത്ത തെരഞ്ഞെടുപ്പിലെ തുറുപ്പുചീട്ടാണ് വിഴിഞ്ഞമെന്ന് ഇരുകൂട്ടർക്കുമറിയാം. വിഴിഞ്ഞം മുടക്കാൻ പ്രതിപക്ഷം ശ്രമിച്ചുവെന്ന ആരോപണവുമായി കടകംപള്ളി സുരേന്ദ്രനാണ് വെടിപൊട്ടിച്ചത്.
പ്രാദേശിക പ്രശ്നത്തിന്‍റെ പേരിൽ പൊലീസ് സ്റ്റേഷൻ അക്രമവും വെടിവെപ്പ് ഉണ്ടാകാൻ ആഗ്രഹിച്ചതും അത് വഴി രണ്ടാം വിമോചനസമരം ലക്ഷ്യംവെച്ചതും പ്രതിപക്ഷമാണെന്നായി കടകംപള്ളി. പദ്ധതി തന്നെ നടപ്പാക്കിയത് തങ്ങളെന്ന് പറഞ്ഞ എ. വിൻസെന്‍റ് കടകംപള്ളിയുടെ ആരോപണം തള്ളി. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ അംഗമാക്കാത്തതിന് ഞങ്ങളുടെ മുകളിൽ കയറുന്നത് എന്തിനെന്നായി കടകംപള്ളിയോട് വിൻസെന്‍റ്. കടകംപള്ളിക്ക് മുമ്പ് സംസാരിച്ചിരുന്ന ആവേശം ഇപ്പോൾ കാണുന്നില്ലെന്ന് എ.പി. അനിൽകുമാറിനും തോന്നി.
7500 കോടിയുടെ പദ്ധതിയിൽ 6000 കോടിയുടെ അഴിമതി ആരോപിച്ചത് അനിൽകുമാർ ഓർത്തു. ആ കുഞ്ഞിന്‍റെ പിതാവ് നിങ്ങളാണ് എന്നാണ് ഇപ്പോൾ പറയുന്നു. ഞങ്ങളുടെ പദ്ധതി നന്നായി പോകുന്നതിൽ സന്തോഷം. വിഴിഞ്ഞം ഇടതുമുന്നണിയുടെ കുഞ്ഞാണെന്ന് പി.എസ്. സുപാലും വാദിച്ചു. വി.എസ് മുഖ്യമന്ത്രി ആയപ്പോഴാണ് ആദ്യ ടെൻഡർ നടന്നത്. ചൈനീസ് കമ്പനിയാണെന്ന് പറഞ്ഞ് മുടക്കിയത് എ.കെ. ആന്‍റണി അംഗമായ കേന്ദ്ര സർക്കാറാണ്. വിഴിഞ്ഞത്തിന്‍റെ പ്രധാന നടപടികൾ പൂർത്തിയാക്കത് വി.എസ് സർക്കാറാണെന്ന് പി. മമ്മിക്കുട്ടിയും.
പൃതൃത്വം ഏറ്റെടുക്കാൻ ഉമ്മൻ ചാണ്ടി സർക്കാറിനോ യു.ഡി.എഫിനോ കഴിയില്ലെന്ന് കെ. ആൻസലൻ. വിഴിഞ്ഞത്തിന്‍റെ പിതൃത്വം ഏറ്റെടുക്കുന്ന ഇടതുപക്ഷം കരുവന്നൂരിന്‍റെ പൃതൃത്വമെങ്കിലും ഞങ്ങൾക്ക് വിട്ടുതന്നതിൽ നന്ദിയുണ്ടെന്ന് സണ്ണി ജോസഫും പരിഹസിച്ചു. പൾവാൾദേവന്‍റെ പട്ടാഭിഷേക സമയത്ത് ജനങ്ങളുടെ ആരവം മുഴങ്ങിയത് ബാഹുബലിക്ക് വേണ്ടിയായിരുന്നുവെന്ന് പി.സി. വിഷ്ണുനാഥ് ഓർമിപ്പിച്ചു. നിങ്ങൾ എന്തെല്ലാം ന്യായവാദങ്ങൾ നിരത്തിയാലും മലയാളികളുടെ മനസ്സിൽ പതിയാൻ പോകുന്ന ഒരേയൊരു പേര് ഉമ്മൻ ചാണ്ടിയുടേതായിരിക്കും. അത് മറയ്ക്കാൻ ശ്രമിച്ചാൽ കൂടുതൽ അപമാനിക്കപ്പെടും.
പാവപ്പെട്ട ആശ വർക്കമാർമാരെ പാട്ടപെറുക്കികൾ, കൃമി കീടങ്ങൾ എന്നൊക്കെ വിളിച്ചിട്ട് അപ്പുറത്തോട്ട് മാറിനിന്ന് ‘മനുഷ്യനാകണം, മനുഷ്യനാകണം... ഉയർച്ച താഴ്ചകൾക്കതീതമായ സ്നേഹമേ...’ എന്ന് പാടുകയാണെന്ന് പി.സി. വിഷ്ണുനാഥ്. മന്ത്രിമാർ പറയുന്നത് കേട്ടിട്ട് ഇത് മാവേലിയുടെ രാജസദസ്സെന്ന് എ.പി. അനിൽകുമാറിന് തോന്നി. ഒരു പ്രശ്നവുമില്ല. എല്ലാവരും സംതൃപ്തർ. നല്ല രീതിയിൽ ജീവിക്കുന്നു. എല്ലാം സുഭിക്ഷം. ഇതാണോ യഥാർഥ ചിത്രം? ആശ സമരമടക്കം മറുവശം കൂടി അനിൽകുമാർ വരച്ചുകാട്ടി.
വർത്തമാനം മാത്രമേയുള്ളൂ എല്ലാം വളരെ മോശമാണെന്ന് മഞ്ഞിളാംകുഴി അലി. നിക്ഷേപങ്ങൾക്ക് അനുകൂല സാഹചര്യമാണ് സംസ്ഥാനത്ത്, അതിനെ പി.ആർ വർക്കായി ചിത്രീകരിക്കുന്നത് കഷ്ടമെന്ന് സുജിത് വിജയൻ പിള്ള. അരി മില്ലുടമയോട് കാണിക്കുന്ന താൽപര്യം കർഷകരോട് കാണിക്കുന്നില്ലെന്ന് കുറുക്കോളി മൊയ്തീൻ. പിച്ച തന്നില്ലെങ്കിലും വേണ്ടില്ല പട്ടിയെ വിട്ട് കടിപ്പിക്കരുതെന്ന് പ്രതിപക്ഷത്തോട് പി. മമ്മിക്കുട്ടി പറഞ്ഞു.
വികസന കാര്യങ്ങളിൽ പ്രതിപക്ഷം പിന്തുണ നൽകണമെന്നില്ല, എന്നാൽ കേരളം പിന്നിലാണെന്ന രീതിയിൽ പറഞ്ഞുനടക്കരുതെന്നായി അദ്ദേഹത്തിന്‍റെ ഉപദേശം. മാപ്രകളുടെ ഊർജം കൊണ്ട് കനഗൊലുവിന്‍റെ നുണബോംബുകൾ പൊട്ടിച്ച് കേരള മുന്നേറ്റം തടയാൻ നോക്കേണ്ട എന്ന് കെ. ബാബു (നെന്മാറ). ഇനി തിങ്കളാഴ്ച മാത്രമേ സഭ ചേരൂവെന്നതിനാൽ പലരും നേരത്തെ സ്ഥലം വിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.