തിരുവനന്തപുരം: വിവാദങ്ങള്‍ക്കിടെ എമ്പുരാന്‍ റീ- എഡിറ്റ് ചെയ്യുംമുമ്പ് തിയേറ്ററിലെത്തി സിനിമ കണ്ട് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. മതനിരപേക്ഷ രാജ്യത്തിന്റെ ആവശ്യകതയെ ഫലപ്രദമായി അവതരിപ്പിച്ച സിനിമയാണ് എമ്പുരാനെത്ത് ചിത്രം കണ്ടശേഷം എം.വി. ഗോവിന്ദന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഭാര്യ പി.കെ. ശ്യാമളയ്‌ക്കൊപ്പമാണ് അദ്ദേഹം സിനിമ കാണാനെത്തിയത്.
“എമ്പുരാനിൽ മതനിരപേക്ഷ രാജ്യത്തിന്റെ ആവശ്യകതയെ ഫലപ്രദമായി അവതരിപ്പിച്ചു. വർഗീയതക്കും കലാപത്തിനും എതിരെ സമാധാനം എന്ന ആശയം ഉൽപാദിപ്പിക്കുന്ന സിനിമയാണിത്. നടന്ന സംഭവങ്ങളുടെ അവതരണം ആണ് സിനിമയിൽ കണ്ടത്. കലയെ കലയായി കാണണം. സിനിമ സാമൂഹിക ജീവിതത്തിന്റെ ഭാഗമായി രൂപപ്പെട്ടുവരുന്ന കലാരൂപമാണ്.
നിങ്ങൾ ഇങ്ങനെയേ സിനിമ ചെയ്യാവൂ എന്ന് ഭരണകൂടം പറയുന്നത് ഫാസിസ്റ്റ് നിലപാടാണ്. കലാകാരന്മാർക്ക് സമൂഹത്തോട് പറയാനുള്ള കാര്യം അവർ പറയും. സിനിമ ഒരു തുടർച്ചയാണ്. മൂന്നാം ഭാഗം കൂടി വരുമ്പോഴാണ് പൂർത്തിയാകുക” -എം.വി. ഗോവിന്ദൻ പറഞ്ഞു. താൻ സിനിമയുടെ ഒന്നാം ഭാഗം കണ്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണകൂടഭീകരതയുടെ താളത്തിന് സമൂഹത്തിലെ വിമര്‍ശനാത്മക നിലപാടുകളെ മാറ്റിത്തീര്‍ക്കാനുള്ള ബോധപൂര്‍വമായ ഇടപെടല്‍കൂടി വിവാദത്തിന്റെ ഭാഗമായി നടന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എമ്പുരാന്‍റെ റീഎഡിറ്റഡ് വേർഷനിൽ 17 ഇടത്താണ് വെട്ടിയത്. പ്രധാന വില്ലന്‍റെ പേര് ‘ബജ്റംഗി’ എന്നത് ‘ബൽരാജ്’ എന്നാക്കി മാറ്റി. 18 ഇടങ്ങളിൽ പേരുമാറ്റി ഡബ്ബ് ചെയ്തു. സ്ത്രീകളെ ബലാത്സംഗം ചെയ്യുന്ന ദൃശ്യങ്ങൾ ഒഴിവാക്കി. ഗുജറാത്ത് കലാപത്തെ സംബന്ധിച്ച ചില ദൃശ്യങ്ങൾ ഒഴിവാക്കി. എൻ.ഐ.എ ലോഗോ ഒഴിവാക്കി. വില്ലൻ കഥാപാത്രം കേന്ദ്ര ആഭ്യന്തരമന്ത്രിയെ വിളിക്കുന്നതായി പരാമർശിക്കുന്ന രംഗം ഒഴിവാക്കി. ചിത്രം ചൊവ്വാഴ്ച മുതല്‍ തിയറ്ററിലെത്തുമെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.