കണ്ണൂർ: കോൺഗ്രസ് ജില്ല കമ്മിറ്റി ഓഫിസ് നിർമാണത്തിനായി സ്വന്തം വീടും സ്ഥലവും വിറ്റ നേതാവാണ് സതീശൻ പാച്ചേനി. കണ്ണൂര്‍ തളാപ്പ് റോഡിലെ പഴയ ഓഫിസ് പുതുക്കിപ്പണിയാൻ പൊളിച്ചെങ്കിലും പത്തുവർഷത്തിലേറെ നിർമാണം എങ്ങുമെത്താതെനിന്ന ഘട്ടത്തിലാണ് 2016ൽ പാച്ചേനി ഡി.സി.സി അധ്യക്ഷനായത്.
പാർട്ടി ജില്ല ആസ്ഥാന നിർമാണം പൂർത്തിയാക്കുക എന്നതായിരുന്നു പാച്ചേനിയുടെ ആദ്യലക്ഷ്യം. പാർട്ടി സംവിധാനങ്ങളിലൂടെ പണം കണ്ടെത്താനുള്ള ശ്രമം പൂർണമായി ഫലം കാണാതെവന്നപ്പോൾ പാച്ചേനി ആ തീരുമാനമെടുത്തു.
തളിപ്പറമ്പിലുള്ള സ്വന്തം തറവാട് വീട് വില്‍പന നടത്തി കിട്ടിയ ലക്ഷങ്ങൾ പാർട്ടി ഓഫിസ് നിർമാണം ഏറ്റെടുത്ത കരാറുകാരന് കൈമാറി. അതിനുശേഷമാണ് പ്രവൃത്തിക്ക് ഗതിവേഗം വന്നത്. 6,500 ചതുരശ്ര അടി വിസ്തീർണത്തിൽ ആധുനിക സംവിധാനത്തിൽ നിർമാണം പൂർത്തിയായ കണ്ണൂർ ഡി.സി.സി ഓഫിസ് രാജ്യത്തുതന്നെ രണ്ടാമത്തെ വലിയ കോൺഗ്രസ് മന്ദിരമാണ്.
1000 പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം, ലൈബ്രറി, കെ.പി.സി.സി പ്രസിഡന്റിന് ക്യാമ്പ് ഓഫിസ്, കോൺഫറൻസ് ഹാളുകൾ, പോഷക സംഘടനകളുടെ ഓഫിസുകൾ തുടങ്ങിയവ അടങ്ങിയതാണ് കണ്ണൂർ ഡി.സി.സി ആസ്ഥാനം.
പാർട്ടി ഓഫിസ് നിർമാണം പൂർത്തിയായി ഉദ്ഘാടനം നടന്നപ്പോൾ ഡി.സി.സി അധ്യക്ഷ സ്ഥാനത്തുനിന്ന് പാച്ചേനി പടിയിറങ്ങിയിരുന്നു.
സ്വന്തം മക്കളെ വിവാഹം ചെയ്തയച്ച ഒരച്ഛന്റെ സംതൃപ്തിയാണ് താൻ ഇപ്പോൾ അനുഭവിക്കുന്നതെന്ന് ഓഫിസ് ഉദ്ഘാടന വേളയിൽ പാച്ചേനി പറഞ്ഞത് നിറഞ്ഞ ആവേശത്തോടെയാണ് അണികൾ ഏറ്റെടുത്തത്. 2021 സെപ്റ്റംബറിൽ ഓൺലൈനായി രാഹുൽ ഗാന്ധിയാണ് ഉദ്ഘാടനം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.