തൃശ്ശൂർ: തൃശ്ശൂർ നാട്ടികയിൽ അഞ്ച് പേരുടെ ജീവനെടുത്ത ലോറി അപകടത്തിൽ കുറ്റം സമ്മതിച്ച് പ്രതികൾ. മദ്യലഹരിയിൽ 20- സെക്കന്റ് കണ്ണടച്ചു പോയെന്ന് ക്ലീനർ അലക്സിന്റെ മൊഴി. വണ്ടി എന്തിലോ തട്ടുന്നെന്ന് തോന്നിയപ്പോൾ വെട്ടിച്ചു. അപ്പോൾ നിലവിളി കേട്ടു. അതോടെ രക്ഷപെടാൻ നോക്കി. യാത്രക്കിടയിൽ ഡ്രൈവറുമൊത്ത് തുടർച്ചയായി മദ്യപിച്ചെന്നും ക്ലീനർ അലക്സിന്റെ മൊഴി. കേസിലെ പ്രതികളായ ഡ്രൈവറെയും ക്ലീനറെയും കോടതി റിമാൻഡ് ചെയ്തു. മദ്യലഹരിയിൽ വരുത്തിയ ദുരന്തമെന്നായിരുന്നു റിമാൻഡ് റിപ്പോർട്ട്. മനഃപൂർവ്വമായ നരഹത്യക്കാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഡ്രൈവറുടെ ലൈസൻസും വാഹനത്തിന്റെ രജിസ്ട്രഷനും റദ്ദാക്കിയിരുന്നു.
തിങ്കളാഴ്ച വൈകീട്ട് അഞ്ചിനാണ് ലോറിയില്‍ തടി കയറ്റി പുറപ്പെട്ടത്. മാഹിയിൽ നിന്ന് മദ്യം വാങ്ങി. യാത്രക്കിടയിൽ മദ്യപിച്ചു കൊണ്ടേയിരുന്നു. പൊന്നാനി എത്തിയപ്പോഴേക്കും ഡ്രൈവർ ജോസ് അബോധാവസ്ഥയിലായി. പിന്നീടാണ് ക്ലീനർ വണ്ടിയോടിച്ചത്. ‘ബിഗ് ഷോ’ ലോറി ഡ്രൈവർ കണ്ണൂർ ആലക്കോട് സ്വദേശി ചാമക്കാലച്ചിറ ജോസ് (54), ക്ലീനർ എഴിയകുന്നിൽ അലക്സ് (33) എന്നിവരെ കസ്റ്റഡിയിൽ വാങ്ങാൻ രണ്ട് ദിവസത്തിനകം കോടതിയിൽ അപേക്ഷ നൽകുമെന്നും പൊലീസ് അറിയിച്ചു.
തൃശൂർ നാട്ടിക സെന്ററിന് സമീപം ചൊവ്വാഴ്ച പുലർച്ചെ നാലിനായിരുന്നു നാടിനെ നടുക്കിയ ദുരന്തം. പാലക്കാട് മുതലമട ചെമ്മണാന്തോട് സ്വദേശി കാളിയപ്പൻ (55), ഭാര്യ നാഗമ്മ (45), മരുമകൾ രാജേശ്വരി (24), ഇവരുടെ മകൾ വിശ്വ (ഒന്ന്), കാളിയപ്പന്റെ ബന്ധു രമേഷിന്റെ മകൻ ജീവ (നാല്) എന്നിവരാണ് മരിച്ചത്.
കാളിയപ്പന്റെ മകനും രാജേശ്വരിയുടെ ഭർത്താവുമായ വിജയ് (25), ജീവയുടെ മാതാപിതാക്കളായ രമേഷ് (30), ചിത്ര (27), ദേവേന്ദ്രൻ (35), ഭാര്യ ജാൻസി (30), മകൾ ശിവാനിയ (നാല്) എന്നിവരെ ഗുരുതര പരിക്കുകളോടെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദേശീയപാത 66 നിർമാണം നടക്കുന്നതിനാൽ ഗതാഗതം നിരോധിച്ച് ഫൈബർ ബാരിക്കേഡ് വെച്ച ഭാഗത്താണ് ദുരന്തത്തിനിരയായവർ ഉറങ്ങിയിരുന്നത്. തൃപ്രയാർ ക്ഷേത്രത്തിന് അര കിലോമീറ്റർ മാറിയുള്ള ഗ്രൗണ്ടിലാണ് സംഘം രാത്രികളിൽ സാധാരണ തമ്പടിച്ചിരുന്നത്. ഏകാദശിയോടനുബന്ധിച്ച് ഗ്രൗണ്ടിൽ പാർക്കിങ് തുടങ്ങിയതിനാൽ പൊലീസ് ഇടപെട്ട് ഇവിടെനിന്ന് ഒഴിപ്പിച്ചതോടെയാണ് ഇവർ ദേശീയപാതയോരത്തേക്ക് വന്നത്. റോഡ് നിർമാണം നടക്കുന്നതിനാൽ ഗതാഗത നിയന്ത്രണം ഉള്ള പ്രദേശം സുരക്ഷിതം എന്നുകരുതിയാണ് സംഘം ഇവിടെ കിടന്നത്. ഇവിടേക്കാണ് ലോറി പാഞ്ഞുകയറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.