സിനിമ വസന്തമൊരുക്കി നിശബ്ദമായിപ്പോയ ഒരാൾ

പാലക്കാട്: സിനിമയെ ഏറെ പ്രണയിച്ച മോഹൻ വിടവാങ്ങിയത് ഒരു സിനിമ കൂടി ചെയ്യണമെന്ന ആഗ്രഹം ബാക്കിയാക്കി. 18 വർഷമായി സിനിമ മേഖലയിൽ നിന്ന്‍ വിട്ടുനിൽക്കുകയായിരുന്നെങ്കിലും സിനിമ ചർച്ചകൾ നടന്നിരുന്നു. ഒരു കഥ മനസ്സിലുണ്ടെന്നും വൈകാതെ സിനിമ ചെയ്യണമെന്ന ആഗ്രഹം തന്നെ തേടിയെത്തുന്നവരോട് പങ്കുവെച്ചിരുന്നു.

‘എന്റെ സിനിമകൾ എന്റേത് മാത്രമാണ്. അതിൽ ആരെയും വെള്ളം ചേർക്കാൻ അനുവദിക്കില്ല. അതായിരിക്കാം സിനിമയിലെത്താതെ ചർച്ചകളിൽ ഒതുങ്ങിപ്പോയത്’, സിനിമയിൽ നിന്നുള്ള അകൽച്ചയെ അദ്ദേഹം കണ്ടിരുന്നത് ഇങ്ങനെയാണ്.

മികച്ച കുറെയേറെ സിനിമകൾ എടുത്ത്, പിന്നീട് നിശബ്ദനായിപ്പോയ സംവിധായകനാണ് മോഹൻ. ചെയ്ത 23 സിനിമകളും അദ്ദേഹത്തിന്റെ കൈയൊപ്പ് പതിഞ്ഞതായിരുന്നു. മലയാളസിനിമ ചരിത്രത്തിൽ പുതുവഴികൾ അദ്ദേഹം തുറന്നുവെച്ചു. സംവിധായകനായും തിരക്കഥാകൃത്തായും കഥാകൃത്തായും മനസ്സിൽ പച്ചപിടിച്ചുനിൽക്കുന്ന ഒരുപിടി ചിത്രങ്ങൾ അദ്ദേഹം സമ്മാനിച്ചു.

വാടകവീട് (1978) എന്ന ആദ്യ സിനിമക്ക് പിന്നാലെയെത്തിയ രണ്ട് പെൺകുട്ടികൾ, ശാലിനി എന്റെ കൂട്ടുകാരി എന്നിവ മലയാള സിനിമക്ക് സമ്മാനിച്ച പുതുകാഴ്ചകളുടെ ആഴം ചെറുതായിരുന്നില്ല. തുടർന്ന് വിടപറയും മുമ്പേ, ഇളക്കങ്ങൾ, ഇടവേള, ആലോലം, രചന, മംഗളം നേരുന്നു, തീർത്ഥം, ശ്രുതി, ഒരു കഥ ഒരു നുണക്കഥ ഇസബെല്ല, പക്ഷേ, സാക്ഷ്യം, അങ്ങനെ ഒരു അവധിക്കാലത്ത് തുടങ്ങി 23 ചിത്രങ്ങൾ. ജോൺപോളും പത്മരാജനും ഉൾപ്പെടെയുള്ള മികച്ച തിരക്കഥാകൃത്തുക്കളുമായി ചേർന്ന് ഒരുപിടി നല്ല സിനിമകളുടെ പുതുവസന്തം തീർത്തു.

13 സിനിമകൾക്ക തിരക്കഥയും രണ്ട് സിനിമകൾക്ക് കഥയും എഴുതിയിട്ടുണ്ട്. 2005ൽ പുറത്തിറങ്ങിയ ‘ദ് ക്യാംപസ്’ ആണ് അവസാനമിറങ്ങിയ ചിത്രം

80കളിലെ മലയാള സിനിമ നൽകിയ കുളിരോർമകളായി ഭരതനും പത്മരാജനും ഒപ്പം മോഹനും സിനിമാസ്വാദകരുടെ മനസ്സിലിടം കണ്ടെത്തിയിരുന്നു. ജന്മനാടായ ഇരിങ്ങാലക്കുടയിൽ നിന്ന് ഡിഗ്രി പഠനത്തിന് മദ്രാസിലെ ജെയിൻ കോളജിലെത്തിയതാണ് ജീവിതത്തെ സിനിമാ വഴികളിലെത്തിച്ചത്.

ഫോട്ടോഗ്രഫിയോടായിരുന്നു താൽപര്യം. അൽപം നാടകപ്രവർത്തനവും ഉണ്ടായിരുന്നു. മദ്രാസിലെത്തിയതോടെ സിനിമക്ക് പിറകിൽ പ്രവർത്തിക്കാൻ അവസരം വന്നുചേർന്നു. മോഹന്റെ പിതാവിന്റെ സുഹൃത്തിന്റെ അനുജൻ ശേഖർ വഴി എം. കൃഷ്ണൻ നായരെ പരിചയപ്പെട്ടതാണ് വഴിത്തിരിവ്. പഠനവും സിനിമയും ഒന്നിച്ചുപോയി.

തിക്കുറിശ്ശി സുകുമാരൻ നായർ, എ.ബി രാജ്, മധു, പി വേണു ഹരിഹരൻ എന്നിവരുടെയെല്ലാം സഹായിയായിട്ടായിരുന്നു തുടക്കം. പ്രശസ്തനായിരിക്കേ അദ്ദേഹം കൈപിടിച്ച് കയറ്റിക്കൊണ്ടുവന്ന രണ്ടുപേരാണ് ഇന്നസെന്റും ഇടവേള ബാബുവും. ഒരു ഘട്ടത്തിൽ ഇന്നസെന്റുമൊത്ത് സിനിമകളും നിർമിച്ചിട്ടുണ്ട്. ഇന്നസെന്റ് മരിച്ചപ്പോൾ അവസാനമായി കാണാൻ ഇരിങ്ങാലക്കുടയിൽ മോഹൻ എത്തിയിരുന്നു.

മോഹന്റെ രണ്ടുപെൺകുട്ടികൾ എന്ന സിനിമയിലെ നായികയായിരുന്ന, കുച്ചുപ്പുടി നർത്തകിയും ആന്ധ്ര സ്വദേശിനിയും ആയ അനുപമയെ ജീവിത പങ്കാളിയാക്കി. മലയാള സിനിമയുടെ രസതന്ത്രം മാറി വന്നതോടെ മോഹൻ സജീവ ചലച്ചിത്ര ജീവിതത്തിൽ നിന്ന് പിൻവാങ്ങി. സിനിമ ചെയ്യാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും ആരെയും സമീപിച്ചില്ല. തേടിവന്ന സിനിമ ​പ്രോജക്ടുകൾ നടപ്പായതുമില്ല.

Tags:    
News Summary - A man who has gone silent after making the movie spring

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.