നിർമാണം നിലച്ച കൂ​ളി​മാ​ട് ക​ട​വ് പാ​ലം

കൂളിമാട് പാലം നിർമാണം നിലച്ചിട്ട് ഒരു മാസം, പ്രതിഷേധത്തിനൊരുങ്ങി നാട്ടുകാർ

എടവണ്ണപ്പാറ: കോഴിക്കോട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് ചാലിയാറിന് കുറുകെ നിർമിക്കുന്ന കൂളിമാട് പാലത്തിന്‍റെ നിർമാണപ്രവൃത്തി നിലച്ചിട്ട് ഒരുമാസം. നിർമാണപ്രവൃത്തി ഉടൻ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന് വ്യാഴാഴ്ച കൂളിമാട് പാലം ആക്ഷൻ കമ്മിറ്റിയുടെ പേരിൽ കൂട്ട ഇ-മെയിൽ അയക്കും.

പാലത്തിന്‍റെ മപ്രം ഭാഗത്തെ ബീമുകൾ പിയർ ക്യാപിൽ സ്ഥാപിക്കാൻ ജാക്കി വെച്ച് ഉയർത്തുന്നതിനിടെ ബീമുകൾ മറിയുകയും അതിലൊരു ബീം പുഴയിൽ വീഴുകയും ചെയ്ത സംഭവത്തെ തുടർന്നാണ് നിർമാണം നിലച്ചത്. തുടർന്ന് പൊതുമരാമത്ത് വകുപ്പ് വിജിലൻസ് വകുപ്പ് ഡെപ്യൂട്ടി എൻജിനീയർ എം. അൻസാറിന്‍റെ നേതൃത്വത്തിൽ അന്വേഷണം നടത്തി മന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചു.

അപകടത്തിന് കാരണം ജാക്കിയുടെ തകരാറോ മാനുഷിക പിഴവോ ആണെന്നാണ് റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട പൊതുമരാമത്ത് വിജിലൻസ് വിഭാഗം റിപ്പോർട്ടിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് കൂടുതൽ വൃക്തത തേടിയിട്ടുണ്ട്. അപകടകാരണം വ്യക്തമാക്കണമെന്നും നൈപുണ്യമുള്ള തൊഴിലാളികളുടെ സേവനം ഉറപ്പാക്കാത്തത് കാരണമാണോ, സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചിരുന്നോ എന്നതടക്കം വ്യക്തമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

മറിഞ്ഞുവീണ ബീമുകൾ മാറ്റുന്നതിന് കൊച്ചിയിൽനിന്ന് 200 ടൺ ശേഷിയുള്ള വലിയ ക്രെയിൻ എത്തിയിരുന്നു. എന്നാൽ, പ്രതിഷേധത്തെത്തുടർന്ന് ബീമുകൾ മാറ്റുന്ന ജോലിയും നിർത്തിവെക്കുകയായിരുന്നു. മറിഞ്ഞുവീണ ബീമുകൾ മാറ്റുന്നതിനായി പാകത്തിന് ക്രെയിൻ ഉറപ്പിച്ചുനിർത്തിയിരിക്കുകയാണ് ഇപ്പോൾ.

കൂളിമാട് പാലത്തിന്‍റെ നാല് സ്പാനുകൾക്കുള്ള സ്ലാബ് കോൺക്രീറ്റായിരുന്നു അവശേഷിച്ചിരുന്നത്. ഇതിൽ മൂന്ന് സ്പാനുകൾക്കുള്ള സ്ലാബ് കോൺക്രീറ്റിങ്ങിന് ജോലി നടക്കവെയാണ് പണി നിർത്തിവെക്കപ്പെട്ടത്. കൂളിമാട് പാലത്തിന്‍റെ സമീപ റോഡ് നിർമാണവും ഒരേസമയം നടന്നുവരുകയായിരുന്നു. ജൂൺ അവസാനവാരത്തിൽ പാലത്തിന്‍റെ നിർമാണം പൂർണമായും അവസാനിക്കുമെന്ന പ്രതീക്ഷയിലായിരുന്നു നാട്ടുകാർ.

Tags:    
News Summary - A month after the construction of the Koolimadu bridge was stopped, the locals prepared for the protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.