കോഴിക്കോട്: മറയൂരിലെ സമുദ്രനിരപ്പിൽ നിന്ന് 1500 മുതൽ 1750 മീറ്റർ വരെ ഉയരെ താൻ നട്ടുവളർത്തിയ അപൂർവ കുറിഞ്ഞി പൂക്കുന്നതും കാത്തിരിക്കുകയാണ് പ്രദീപ്. മറയൂർ ചന്ദന ഡിവിഷനിലെ അഞ്ചുനാട്ടുപാറയിൽ വാറ്റിൽ മരങ്ങൾ വെട്ടിമാറ്റി സ്വാഭാവിക വനവത്കരണം നടത്തുന്നതിനിടെയാണ് ‘സ്ട്രൊബിലാന്തസ് മാത്യുവാന’ എന്ന വംശനാശം നേരിട്ടുവെന്ന് കരുതിയ കുറിഞ്ഞി പ്രദീപിന്റെ കണ്ണിൽ ഉടക്കിയത്.
അക്വേഷ്യ വർഗത്തിൽപെട്ട വാറ്റിൽ ദുഷിപ്പിച്ച പ്രകൃതിയിൽ ജീവച്ഛവമായി നിൽക്കുന്ന ചെടികൾക്ക് സൂര്യപ്രകാശവും വളരാനാവശ്യമായ സാഹചര്യവും നൽകുകയായിരുന്നു ആദ്യം ചെയ്തത്. പിന്നീട്, അഞ്ചുനാട്ടുപാറയിലെ താൽക്കാലിക ടെന്റിനടുത്ത് ഇതിന്റെ കമ്പുകൾ നട്ടുപിടിപ്പിച്ച് കൂടുതൽ കുറിഞ്ഞികൾ വളർത്തിയെടുത്തു. പരിസ്ഥിതി പുനഃസ്ഥാപനത്തിന്റെ ഭാഗമായി പശ്ചിമഘട്ടവനത്തിൽ ഇനി ഈ കുറിഞ്ഞി വ്യാപിപ്പിക്കുകയാണ് ലക്ഷ്യം.
2022ൽ കണ്ടെടുത്ത ഈ കുറിഞ്ഞി 2032ഓടെ പൂക്കുമെന്നാണ് പ്രതീക്ഷ. നീലക്കുറിഞ്ഞി എന്നറിയപ്പെടുന്ന ‘സ്ട്രൊബിലാന്തസ് കുന്തിയാനോ’ ഇനമാണ് സാധാരണയായി കണ്ടുവരുന്നതെങ്കിലും പൂവിടുന്നതിന് എട്ട് മുതൽ 14 വർഷം വരെയെടുക്കുന്ന നിരവധി ഇനം കുറിഞ്ഞിച്ചെടികളുണ്ട്. ഏതിനമായാലും ഐക്യത്തോടെ ഒന്നിച്ച് പൂത്ത് അടുത്ത തലമുറക്കാവശ്യമായ വിത്തുകൾ മണ്ണിലവശേഷിപ്പിച്ച് മാതൃസസ്യം പൂർണമായി അപ്രത്യക്ഷമാകുന്നതാണ് കുറിഞ്ഞിയുടെ പ്രത്യേകത.
ബോട്ടണിസ്റ്റ് അല്ലെങ്കിലും കുറിഞ്ഞികളെക്കുറിച്ച് 2006 മുതൽ പഠനത്തിലാണ് പാലാ രാമപുരം സ്വദേശിയായ എ.കെ. പ്രദീപ്. സൂക്ഷ്മകാലാവസ്ഥയിൽ സമുദ്രനിരപ്പിൽ നിന്ന് 1700 അടിയിൽ കൂടുതൽ ഉയരത്തിൽ മാത്രം വളരുന്ന ഈ ചെടിക്ക് സൂര്യപ്രകാശത്തിന്റെ ലഭ്യത, കാറ്റിന്റെ ഗതി, തണുപ്പ് എല്ലാം പ്രധാനമാണ്. പ്രദീപ് ഇതുവരെ 72 തരം കുറിഞ്ഞികൾ ശേഖരിച്ചിട്ടുണ്ട്. ഡോ. ഫാ. ജോൺ ബ്രിട്ടോ, ഡോ. ബിൻസ് മാണി, ഡോ. സിസ്റ്റർ. സുനിത എന്നിവരോടൊപ്പം ഫൈറ്റോടാക്സ, വെബ്ബയ, തായ്വാനിയ, പ്ലാന്റ് സയൻസ് ടുഡേ എന്നീ ശാസ്ത്രജേണലുകളിൽ ഒമ്പത് ലേഖനങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തു. വംശനാശ ഭീഷണി നേരിടുന്ന ഈ കുറിഞ്ഞിയും അതിന്റെ ചരിത്രവും അവ പരിസ്ഥിതിക്ക് എത്രമാത്രം അത്യന്താപേക്ഷിതമാണെന്നും തെളിയിക്കുന്ന ലേഖനം അന്താരാഷ്ട്ര ശാസ്ത്രജേണലിൽ പ്രസിദ്ധീകരിക്കാനായതോടെ തന്റെ കണ്ടുപിടിത്തം ശാസ്ത്രലോകം അംഗീകരിച്ച സന്തോഷവും പ്രദീപ് മറച്ചുവെക്കുന്നില്ല.
ആനമല റേഞ്ചിലും നീലഗിരി കാടുകളിലും മാത്രം കണ്ടുവരുന്ന വംശനാശം സംഭവിച്ചുവെന്ന് കരുതപ്പെട്ടിരുന്ന ഈ ചെടിയെക്കുറിച്ച വിവരങ്ങളും ഹെർബേറിയവും ലോകത്തിലെ തന്നെ ഏറ്റവും വലിയ ബൊട്ടാണിക്കൽ ഗാർഡനായ ബ്രിട്ടനിലെ ക്യൂ ഗാർഡനിൽ മാത്രമാണ് ഉള്ളത്. മലയാളി ടാക്സോണമിസ്റ്റായ ഫാ. മാത്യു പഴനി വനത്തിൽ ഈ ചെടി പണ്ട് കണ്ടെത്തിയതായി രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തോടുള്ള ബഹുമാനാർഥമാണ് ഈ കുറിഞ്ഞിക്ക് ‘സ്ട്രൊബിലാന്തസ് മാത്യുവാന’ എന്ന പേര് ലഭിക്കുന്നത്. ഇന്നത് പഴനി വനത്തിലും കാണപ്പെടുന്നില്ല. അതുകൊണ്ടാണ് പ്രദീപിന്റെ കണ്ടുപിടിത്തതിന് കൂടുതൽ സ്വീകാര്യത കൈവരുന്നത്.
അക്വേഷ്യക്ക് സമാനമായ കറുത്ത വാറ്റിൽ പ്രകൃതിക്ക് വലിയ ദോഷം ചെയ്യുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അഞ്ചുനാട്ടുപാറയിലെ പത്ത് ഹെക്ടർ സ്ഥലത്ത് വനംവകുപ്പ് പരിസ്ഥിതി തിരിച്ചുപിടിച്ച് സ്വാഭാവിക വനം സൃഷ്ടിക്കാനൊരുങ്ങുന്നത്. ഇതിന്റെ ചുമതലക്കാരനാണ് പ്രദീപ്. മറയൂർ ഡി.എഫ്.ഒയായ വിനോദ്കുമാറിന്റെ സമ്പൂർണ സഹകരണമാണ് ഇക്കാര്യത്തിൽ തനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും പ്രദീപ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.