പയ്യന്നൂർ: ട്രെയിനിൽനിന്ന് വീണ് ഗുരുതര പരിക്കോടെ വയലിൽ കിടന്ന യുവാവിനെ 12 മണിക്കൂറിനു ശേഷം ആശുപത്രിയിലെത്തിച്ചു. വെള്ളിയാഴ്ച രാത്രി ഏഴോടെ ട്രെയിനിൽനിന്ന് വീണ യുവാവിനെയാണ് ശനിയാഴ്ച രാവിലെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കൊല്ലം കരുനാഗപ്പള്ളിയിലെ തുണ്ടുവിള വീട്ടിൽ ലിജോ (32)നാണ് ഗുരുതരമായി പരിക്കേറ്റത്. വെള്ളിയാഴ്ച രാത്രി മാവേലി എക്സ്പ്രസിൽ മംഗലാപുരത്ത് നിന്ന് കൊല്ലത്തേക്ക് യാത്ര ചെയ്യവെ വാതിലിന് സമീപമിരുന്ന് ഉറങ്ങിപ്പോയ ലിജോ തൃക്കരിപ്പൂരിനും പയ്യന്നൂരിനും ഇടയിലാണ് വീണത്. വിവരമറിഞ്ഞ് രാത്രി തന്നെ പൊലീസും അഗ്നി രക്ഷാ സേനയും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ചെറുവത്തൂർ ഭാഗത്തുനിന്ന് പയ്യന്നൂർ ഭാഗത്തേക്ക് പോയ, മാവേലി എക്സ്പ്രസിൽനിന്നും ,ചെറുവത്തൂരിനും പയ്യന്നൂരിലും ഇടയിൽ ഒരാൾ അബദ്ധത്തിൽ വീണതായും റെയിൽപാളത്തിന്റെ സമീപത്തുള്ളവർ രക്ഷാപ്രവർത്തനം നടത്തണമെന്നുമുള്ള അറിയിപ്പ് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചെങ്കിലും കണ്ടെത്താനായില്ല.
പാളത്തിന് സമീപത്തെ വയലിലേക്ക് വീണ ലിജോ അബോധാവസ്ഥയിലായതാണ് രക്ഷാപ്രവർത്തനത്തിന് തടസ്സമായത്. രാവിലെ ബോധം വന്നപ്പോൾ നിരങ്ങി നീങ്ങി വയലിന് സമീപത്തെ വീട്ടിലെത്തി കുടിവെള്ളം ചോദിച്ചപ്പോഴാണ് വീട്ടുകാർ പരിക്കേറ്റ ലിജോയെ കണ്ടത്. ഉടൻ അഗ്നി രക്ഷാ സേനയെ അറിയിക്കുകയായിരുന്നു. തൃക്കരിപ്പൂർ ഗ്രേഡ് അസി. സ്റ്റേഷൻ ഓഫിസർ പി.പി. ബെന്നിയുടെ നേതൃത്വത്തിലുള്ള സംഘം ആംബുലൻസിൽ പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളജിലെത്തിച്ചു. ലിജോക്ക് തലക്കാണ് പരിക്ക്. നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.