കൊച്ചി: ഒരൊറ്റ വിവരാവകാശ അപേക്ഷ കൊടുത്തതേ ഓർമയുള്ളൂ, പിന്നെ അപേക്ഷകന്റെ വിലാസത്തിലേക്ക് കത്തുകളുടെ ഒഴുക്കായിരുന്നു. ഒന്നും രണ്ടുമല്ല, മറുപടിയായി ലഭിച്ചത് 750 ഓളം കവറുകൾ. കത്തുകളുമായി പോസ്റ്റ്മാൻ കടന്നുവരാത്ത ദിവസങ്ങളില്ല.
സംസ്ഥാനത്തെ തെരുവുനായ് വന്ധ്യംകരണത്തിലെ സർക്കാർ നടപടികളെക്കുറിച്ച് അറിയാൻ തദ്ദേശ സ്വയംഭരണ വകുപ്പിലാണ് കൊച്ചിയിലെ പ്രോപ്പർ ചാനൽ സംഘടന പ്രസിഡൻറ് എം.കെ. ഹരിദാസ് അപേക്ഷ നൽകിയത്. എത്രയും വേഗം തെരുവ് നായ്ക്കളെ വന്ധ്യംകരിക്കുമെന്നും അതിനുള്ള ഫണ്ട് സംസ്ഥാന സർക്കാർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കൈമാറും എന്നും നിയമസഭയിൽ മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന്റെ തുടർനടപടികളെക്കുറിച്ചായിരുന്നു ചോദ്യം.
2023 നവംബർ ഏഴിനാണ് തിരുവനന്തപുരത്തെ പഞ്ചായത്ത് ഡയറക്ടറേറ്റിലേക്ക് അപേക്ഷ അയച്ചത്. ആവശ്യപ്പെടുന്ന വിവരങ്ങൾ ഈ ഓഫിസിലില്ലെന്നും ജില്ല ജോയൻറ് ഡയറക്ടറേറ്റിലേക്ക് അപേഷ കൈമാറിയിട്ടുണ്ടെന്നുമായിരുന്നു അവരുടെ മറുപടി. ജില്ല ജോയൻറ് ഡയറക്ടറേറ്റിലും വിവരങ്ങളില്ലാത്തതിനാൽ അപേക്ഷ വീണ്ടും കൈമാറ്റം ചെയ്യപ്പെട്ടു. രണ്ട് ജില്ലകളിലെ ജോയൻറ് ഡയറക്ടർമാർ അവരുടെ കീഴിലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിലാസം അയച്ചു.
ബാക്കി 550 ഓളം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചില പഞ്ചായത്തുകളിലെ വെറ്ററിനറി വിഭാഗവും കൂടി അപേക്ഷകന് മറുപടിയായി അയച്ചത് 750 ൽപരം തപാലുകളാണ്. സാധാരണ തപാൽ, സ്പീഡ് പോസ്റ്റ്, രജിസ്റ്റേർഡ് പോസ്റ്റ് എന്നിങ്ങനെ പലവിധത്തിൽ മറുപടിയെത്തി. ഇവയുടെ തപാൽ ചെലവ് കണക്കാക്കിയാൽ ഏകദേശം എണ്ണായിരത്തോളം രൂപ വരും.
ഇത്രയധികം കവറുകൾ തുറന്ന് വിവരങ്ങൾ വിലയിരുത്തുക പ്രായോഗികമല്ലാത്തതിനാൽ മറുപടികൾ ഉപകാരപ്പെടുന്നുമില്ലെന്ന് ഹരിദാസ് പറഞ്ഞു. ഇത്രയും പ്രധാനപ്പെട്ട ഒരു വിഷയത്തിൽ പോലും കേന്ദ്രീകൃത വിവരശേഖരണമില്ല എന്നാണ് സംഭവം വ്യക്തമാക്കുന്നത്. 941 ഗ്രാമപഞ്ചായത്തും 87 മുനിസിപ്പാലിറ്റിയും ആറ് കോർപറേഷനുമുള്ള കേരളത്തിൽ ബാക്കിയുള്ള തദ്ദേശ സ്ഥാപനങ്ങൾ മറുപടി അയച്ചിട്ടുമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.