കോഴിക്കോട് : അട്ടപ്പാടിയിൽ പരമ്പരാഗത കൃഷിക്കായി പ്രത്യേക കൃഷിഭവൻ വേണമെന്ന കിർത്താട്സിന്റെ പഠന റിപ്പോർട്ട് സർക്കാരിന്റെ ചുവപ്പ് നാടയിൽ. പരമ്പരാഗത കൃഷിയും സാമൂഹിക ജീവിതവും ഗോത്ര സമൂഹം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറച്ചാണ് പഠനം നടത്തി 2019 ലാണ് പട്ടികവർഗ വകുപ്പിന് റിപ്പോർട്ട് സമർപ്പിച്ചത്. 2024 അവസാനിക്കുമ്പോഴും റിപ്പോർട്ടുകളുടെ ശിപാർശയിൽ നടപടിയുണ്ടായിട്ടില്ല.
അട്ടപ്പാടി ബ്ലോക്കിൽ മൂന്ന് പഞ്ചായത്തുകളിലായി മൂന്ന് കൃഷി ഭവനുകൾ ഉണ്ട്. എന്നാൽ ഇവയൊന്നും തന്നെ പരമ്പരാഗത കൃഷിക്ക് ആവശ്യമായ പരിഗണന നൽകുന്നില്ലെന്നാണ് റിപ്പോർട്ട്. മിക്ക പദ്ധതികളും കുടിയേറ്റ കർഷകരെ സഹായിക്കുന്ന പദ്ധതികളാണ്. അതിനാൽ പരമ്പരാഗത കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി അട്ടപ്പാടി ബ്ലോക്കിൽ ഒരു പ്രത്യേക കൃഷി ഭവൻ തുടങ്ങണമെന്ന് ശിപാർശ നൽകി.
പരമ്പരാഗത കൃഷിയുമായി ബന്ധപ്പെട്ടതും ഗോത്രവർഗ സമുദായങ്ങളുടെ കൃഷിയുമായി ബന്ധപ്പെട്ടതുമായ എല്ലാ പദ്ധതികളുടേയും പൂർണ ചുമതല ഈ കൃഷിഭവന് നൽകണം. കൃഷി, പട്ടികവർഗ വകുപ്പുകളുടെ നേത്യത്വത്തിൽ ഗോത്രവർഗ മേഖലയിൽ പരമ്പരാഗത കൃഷി ചെയ്യാൻ താൽപര്യമുള്ളവരെ കണ്ടെത്തുന്നതിനായി സമഗ്ര സർവേ നടത്തണം. സർവേയുടെ അടിസ്ഥാനത്തിൽ അവശ്യമായ പദ്ധതികൾ ആവിഷ്ക്കരിക്കണമെന്നും റിപ്പോർട്ടിൽ ശിപാർശ ചെയ്തു.
അട്ടപ്പാടിയിലെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ പരിഗണിച്ച്, മണ്ണ് പരിശോധന ഉൾപ്പെടെയുള്ള ശാസ്ത്രീയ പരിശോധനകൾ നടത്തി കൃഷി ഭൂമിയുടെ മൈക്രോക്ലൈമറ്റ് (സൂക്ഷ്‌മ കാലാവസ്ഥ) വിശകലനം ചെയ്യണം. പരമ്പരാഗതമായ കൃഷിയിടങ്ങളെ ശാസ്ത്രീയമായി തരം തിരിച്ച് ഓരോ പ്രദേശത്തിന്റെയും പ്രത്യേകതകൾ അനുസരിച്ച് മാത്രം പദ്ധതികൾ ആസൂത്രണം ചെയ്യണം.
കാർഷിക- പാരിസ്ഥിതിക മേഖലക്ക് അനുസരിച്ചുള്ള കൃഷി രീതികൾ പ്രോത്സാഹിപ്പിക്കുകയും തനത് ഇനങ്ങൾക്ക് പ്രാധാന്യം നൽകുന്ന തരത്തിൽ നിലവിലെ കാർഷിക വികസന നയം പരിഷ്‌ക്കരിക്കുകയും ചെയ്യണം. ഗോത്രവർഗ മേഖലയിലെ കൃഷി ഭവന്റെ പ്രവർത്തനങ്ങളുടെ മോണിറ്ററിങ്ങിനായി കമ്മിറ്റി രൂപീകരിക്കണം. വിവിധ ഊരുകളിലെ മണ്ണൂക്കാരൻ, ഊരുമൂപ്പൻ, വിദഗ്‌ധകർഷകർ എന്നിവരെ ഈ കമ്മിറ്റിയിൽ ഉൾപ്പെടുത്തണം.
ഇരുളർ, മുഡുഗർ, കുറുമ്പർ തുടങ്ങിയ സമുദായങ്ങളുടെ പരമ്പരാഗത കാർഷിക അറിവുകൾ കണ്ടെത്തുകയും അവർ കൃഷി ചെയ്യുന്ന വിത്തുകളുടെ വിവരശേഖരണവും നടത്തണം. കൃഷിക്കായി പരമ്പരാഗത വിത്തുകൾ ശേഖരിക്കണം. സീഡ്‌ബാങ്ക് (വിത്ത് ബാങ്ക്) തുടങ്ങണമെന്നും നിർദേശിച്ചു. കമ്മ്യൂണിറ്റി ജീൻബാങ്ക് വികസിപ്പിക്കണമെന്നും പരമ്പരാഗത വിത്തുകൾ ശാസ്ത്രീയമായ പഠനത്തിന് വിധേയമാക്കണമെന്നും നിർദേശിച്ചു. ബൗദ്ധിക സ്വത്താവകാശ നിയമത്തിന്റെ ഭാഗമായി തനതു വിളകൾക്ക് പേറ്റൻറ് നേടിയെടുക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടു.
അട്ടപ്പാടിയിലെ പരമ്പരാഗത കൃഷി ചെയ്യുന്ന ഊരുകൾ ജൈവവൈവിധ്യ പൈതൃക കേന്ദ്രമായി സംരക്ഷിക്കുകയും ജൈവവൈവിധ്യ രജിസ്റ്റർ തയാറാക്കുകയും വേണം. പട്ടികവർഗ്ഗ വകുപ്പ്. ഗ്രാമപഞ്ചായത്തുകൾ, കുടുംബശ്രീ, തുടങ്ങിയവർ വഴി ചെറുധാന്യങ്ങൾക്കും പയറുവർഗങ്ങൾക്കും വിപണി കണ്ടെത്തണമെന്നും റിപ്പോർട്ടിൽ ശിപാർശ നൽകി.
അട്ടപ്പാടി മേഖലയിൽ പൊതുവിതരണ സംവിധാനം വഴി ചെറുധാന്യങ്ങൾ വിതരണം ചെയ്യുന്നതിന് പദ്ധതികൾ ആസൂത്രണം ചെയ്യണം. പട്ടികവർഗ വകുപ്പിന്റെ കീഴിലെ ഹോസ്റ്റലുകൾ, അംഗൻവാടികൾ എന്നിവിടങ്ങളിൽ നൽകുന്ന ഭക്ഷണത്തിൽ ചെറു ധാന്യങ്ങൾ ഉൾപ്പെടുത്തണം. പരമ്പരാഗത കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി അട്ടപ്പാടിയിലെ തൊഴിലുറപ്പ് പദ്ധതികളിൽ പരമ്പരാഗത കാർഷികതൊഴിലുകൾ കൂടി ഉൾപ്പെടുത്തണമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
പരമ്പരാഗത കർഷകരെ/ ചെറുധാന്യ കർഷകരെ ഉൾപ്പെടുത്തി സഹകരണ സംഘം രൂപീകരിക്കണം. അതിന് ആവശ്യമായ സഹായങ്ങൾ കൃഷി, പട്ടികവർഗ തുടങ്ങിയ വകുപ്പുകൾ നൽകുക. ചെറുധാന്യങ്ങളുടെ മൂല്യവർധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്നതിനായി പദ്ധതികൾ ആവിഷ്ക്കരിക്കുകയും ഗോത്രവർഗ മേഖലയിലെ യുവജനങ്ങൾക്ക് തൊഴിൽ ഉറപ്പ് വരുത്തുകയും ചെയ്യണമെന്നായരുന്നു റിപ്പോർട്ടിലെ ശിപാർശ..
പരമ്പരാഗത കൃഷിയുടെ ഗുണങ്ങൾ, ചെറുധാന്യത്തിന്റെ പ്രാധാന്യം, പോഷകഗുണങ്ങൾ തുടങ്ങിയവയെ സംബന്ധിച്ച് ഗോത്രവിഭാഗങ്ങൾക്കും പൊതുജനങ്ങൾക്കും ഇടയിൽ ബോധവൽക്കരണം നടത്തണം. വനമേഖലയിലെ പരമ്പരാഗത കൃഷിയിൽ ഏർപ്പെടുന്ന ഗോത്ര വിഭാഗങ്ങൾക്ക് സഹായകരമാകുന്ന രീതിയിൽ വന നിയമങ്ങൾ ഭേദഗതി ചെയ്യണം. വനാവകാശ നിയമ പ്രകാരം ഭൂമി അനുവദിക്കുകയും നിലവിലെ കൈവശഭൂമിക്ക് പട്ടയം നൽകുകയും ചെയ്യണം. വന്യമൃഗശല്യം, വന്യമൃഗങ്ങൾ കൃഷി നശിപ്പിക്കുന്നത് തടയുന്നതിനായി പരമ്പരാഗത മുള വേലികൾ, സൗരോർജ്ജ വേലികൾ തുട ങ്ങിയ പദ്ധതികൾ നടപ്പിലാക്കണെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടു.
വന്യമ്യഗങ്ങളുടെ അക്രമം, കാലാവസ്ഥ വ്യതിയാനം തുടങ്ങിയ കാരണങ്ങളാൽ വിള നാശം സംഭവിക്കുമ്പോൾ അർഹമായ നഷ്ട പരിഹാരം നൽകുകയും വിള ഇൻഷൂറൻസ് ഏർപ്പെടുത്തുകയും ചെയ്യണം. ഒരു വർഷത്തെ കാർഷിക കലണ്ടർ തയാറാക്കുകയും ഫണ്ടുകൾ കാർഷിക കലണ്ടറിന് അനുസരിച്ച് ചെലവഴിക്കണം. ഫണ്ടുകൾ കൃത്യ സമയത്തും കാര്യക്ഷമമായും നടപ്പിലാക്കണം. പരാമ്പരാഗത കർഷകർക്ക് പെൻഷൻ നൽകുന്നതിന പദ്ധതി ആവഷികരിക്കണമെന്നും റിപ്പോർട്ടിൽ ശിപാർശ ചെയ്തു. റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ച് ഒരു കാര്യവും നടപ്പാക്കാൻ സർക്കാർ ഇതുവരെ നീക്കം നടത്തിയിട്ടില്ല. റിപ്പോർട്ട് കഴിഞ്ഞ അഞ്ച് വർഷമായി പൊടിപിടിച്ച് കിടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.