നിലമ്പൂർ: കേരള വനഗേവഷണ കേന്ദ്രത്തിന് കീഴിലുള്ള തേക്ക് മ്യൂസിയത്തിൽ വിസ്മയക്കാഴ്ച തീർത്ത് ശലഭക്കൂട്ടം. ദേശാടനകാലമായ ഒക്ടോബർ ആദ്യവാരത്തോടെ നീലഗിരിക്കുന്നിലെ പൂമ്പാറ്റകൾ ഒത്തുകൂടുന്നൊരു സ്ഥലമായി തേക്ക് മ്യൂസിയത്തിലെ ശലഭോദ്യാനം ഇതിനകം മാറിക്കഴിഞ്ഞു. മ്യൂസിയത്തോട് ചേർന്ന ബട്ടർ ഫ്ലൈ ഗാർഡനിലേക്കാണ് പൂമ്പാറ്റകൾ കൂട്ടമായി പറന്നെത്തുന്നത്. ഓരോയിനം പൂമ്പാറ്റകൾക്കും ഇഷ്ടപ്പെട്ട ചെടികൾ നട്ടുപിടിപ്പിച്ചാണ് ബട്ടർ ഫ്ലൈ ഗാർഡൻ ഒരുക്കിയിരിക്കുന്നത്. നീലക്കടുവക്ക് പ്രിയപ്പെട്ടത് കിലുക്കി, മുഞ്ഞ ചെടികളാണ്. ഗരുഡശലഭത്തിന് ഗരുഡക്കൊടി, കൃഷ്ണകിരീടം എന്നിവ. അരളി ശലഭത്തിന് അരളിച്ചെടിക്ക് പുറമെ കോളാമ്പിച്ചെടിയോടും ഇഷ്ടമുണ്ട്. ആവണച്ചോപ്പന് പേരുപോലെ ആവണക്കുചെടിയോടും പനവർഗങ്ങളുമാണ് പ്രിയം. മഞ്ഞപ്പാപ്പാത്തിക്ക് മല്ലികച്ചെടിയോടാണ് താൽപര്യം.
വെള്ളിലത്തോഴിക്ക് മൊസാണ്ടയും വിറവാലന് തെച്ചിയും കൊങ്ങിണിയുമാണ് താൽപര്യം. ഭക്ഷണത്തിനും മുട്ടയിടാനും പ്രത്യേകം ചെടികൾ തെരഞ്ഞെടുക്കുന്ന പൂമ്പാറ്റകളാണ് അധികവും.
അതിനാൽ തന്നെ രണ്ടിനവും ഇവിടെ ശാസ്ത്രീയമായി നട്ടുവളർത്തിയിട്ടുണ്ട്. ചെടികളിൽ ചിലത് അവയുടെ ജീവൻരക്ഷ ഉപാധികൾ കൂടിയാണെന്ന് ശാസ്ത്രജ്ഞൻ ഡോ. മല്ലികാർജുന പറയുന്നു. പൂമ്പാറ്റകളുടെ പ്രത്യുൽപാദനത്തിന് സഹായിക്കുന്ന ഘടകങ്ങളും ഈ ചെടികളിൽ നിന്ന് ലഭിക്കുന്നുണ്ട്. ഗരുഡക്കൊടിയുടെ വകഭേദമായ ആഫ്രിക്കൻ കരളകം, യുറേറിയ തുടങ്ങിയ വിദേശ ചെടികളും ഇവിടെ നട്ടുവളർത്തുന്നുണ്ട്. മൂന്ന് ഏക്കറോളം സ്ഥലത്താണ് ബട്ടർ ഫ്ലൈ ഗാർഡൻ. കുറ്റിച്ചെടികൾ, വള്ളിച്ചെടികൾ, ജല സസ്യങ്ങൾ തുടങ്ങിയവയെല്ലാം ഉൾപ്പെടുത്തിയാണ് ഉദ്യാനമൊരുക്കിയത്. നടപ്പാതയിൽ ചിലയിടങ്ങളിൽ പന്തൽ പോലെ വള്ളിച്ചെടികൾ പടർത്തിയിട്ടുണ്ട്.
അഴകിന്റെ റാണി എന്നറിയപ്പെടുന്ന ബുദ്ധമയൂരി, വനദേവത, പുള്ളിവാലൻ, മലബാർ റോസ് എന്നീ ഇനങ്ങളും വിരുന്നുകാരായി വരുന്നു. വനപ്രദേശങ്ങളിൽ മാത്രം കാണുന്ന രാജ്യത്തെ ഏറ്റവും വലിയ ശലഭമായ സതേൺ ബോർഡ് വിങ്, കോമൺ ബ്ലു ബോട്ടിൽ, കോമൺഗ്രാസ് യെല്ലോ, നീലഗിരി ടൈഗർ, ഗ്രാബ്ലു തുടങ്ങിയവയും ഇവിടുത്തെ കൗതുകക്കാഴ്ചയാണ്. ഒക്ടോബറോടെ കാണുന്ന ശലഭകാഴ്ച ഡിസംബർ വരെ നീളാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.