കാഞ്ഞിരമറ്റം: ആമ്പല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ പതിനാലാം വാര്‍ഡില്‍ കൂട്ടം റെസി. അസോസിയേഷന്റെ നേതൃത്വത്തില്‍ ഓണാഘോഷ പരിപാടി നടക്കുന്ന കോട്ടേപ്പറമ്പ് മൈതാനത്തുവെച്ച് 10 വയസ്സുകാരിയെ തെരുവുനായ് കടിച്ചു. 200ഓളം പേർ മൈതാനത്തുണ്ടായിരുന്ന സമയത്താണ് കുട്ടിയെ നായ് കടിച്ചത്. പറമ്പിലുണ്ടായിരുന്ന പൂച്ചയെയും നായ് കടിച്ചു. നായെ കണ്ടെത്താന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
കടിയേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പ്രതിരോധ വാക്സിന് ഇല്ലാത്തതിനാല്‍ നിരവധി ആശുപത്രികളില്‍ കയറിയിറങ്ങേണ്ടിവന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രതിരോധ വാക്സിന് ഇല്ലാത്തത് ജനങ്ങളെ ദുരിതത്തിലാക്കുന്നുണ്ട്. കാഞ്ഞിരമറ്റത്തോ പരിസരത്തോ ഇത്തരത്തിലുള്ള അപകടമുണ്ടായാല്‍ കീച്ചേരി, പൂത്തോട്ട, തൃപ്പൂണിത്തുറ താലൂക്ക് എന്നീ സര്‍ക്കാര്‍ ആശുപത്രികളെയാണ് ആശ്രയിക്കാറ്. എന്നാല്‍, ഇവിടങ്ങളില്‍ വാക്സിന് ലഭ്യമല്ലാത്തതിനാല്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്.
സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായി ലഭിക്കുന്ന ഈ പ്രതിരോധ കുത്തിവെപ്പിന് സ്വകാര്യ ആശുപത്രികളില്‍ 4000 മുതല്‍ 6000 രൂപ വരെയാണ് ഈടാക്കുന്നത്. ഇത് സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിനുമപ്പുറമാണ്.ഓണക്കാലത്ത് തെരുവുനായ്ക്കളെ പേടിച്ച് വീടുകളില്‍നിന്ന് പുറത്തിറങ്ങാനാകാത്ത സ്ഥിതിയിലാണ് കുട്ടികളും നാട്ടുകാരും.കീച്ചേരി സര്‍ക്കാര്‍ ആശുപത്രിപോലുള്ള സര്‍ക്കാര്‍ ഓഫിസുകളിലാണ് തെരുവുനായ്ക്കള്‍ തമ്പടിക്കുന്നത്. ആമ്പല്ലൂര്‍ പഞ്ചായത്ത് പരിസരങ്ങളിലും സമീപ പഞ്ചായത്തുകളിലും നിരവധിയാളുകള്‍ക്ക് തെരുവുനായ്ക്കളുടെ കടിയേൽക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.