ഇടതു മുന്നണി വർഗീയ കക്ഷികളുമായി സന്ധി ചെയ്യില്ല -എ.വിജയരാഘവൻ

കൊയിലാണ്ടി : കലാപം അഴിച്ചുവിട്ട് തുടർഭരണം ഇല്ലാതാക്കാൻ പാഴ്ശ്രമം നടത്തുകയാണ് യു.ഡി.എഫ് എന്ന് സി.പി.എം സംസ്ഥാന ആക്ടിങ്​ സെക്രട്ടറിയും വികസന മുന്നേറ്റ ജാഥ ക്യാപ്റ്റനുമായ എ. വിജയരാഘവൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. രമേശ് ചെന്നിത്തലയുടെ ജാഥ കൊണ്ട് വലിയ ഗുണമൊന്നും യു.ഡി.എഫിന് ഉണ്ടായില്ല. ഇതേ തുടർന്ന് കലാപമെന്ന പുതിയ വഴി സ്വീകരിച്ചിരിക്കയാണ്.

ആധുനിക കാലത്തി​ന്‍റെ മാറിയ വസ്തുതകളെ കൃത്യമായി തിരിച്ചറിഞ്ഞ് അഴിമതിരഹിത ഭരണം കാഴ്ചവെക്കുന്ന സർക്കാറിന് വൻ സ്വീകാര്യതയുണ്ട്. കലാപം കൊണ്ട് ഭരണത്തുടർച്ച തടയാൻ കഴിയില്ല. ജനങ്ങൾക്കു നൽകിയ എല്ലാ വാഗ്ദാനങ്ങളും ഈ സർക്കാർ പാലിച്ചു. തൊഴിൽ നൽകുന്ന കാര്യത്തിലും മുന്നിലാണ്. നിരവധി പുതിയ തസ്തികകൾ സൃഷ്​ടിച്ചു. ഏറെ പേർക്കു തൊഴിൽ നൽകി.

കാലാവധി കഴിഞ്ഞ റാങ്ക്​ലിസ്​റ്റുകളിൽനിന്ന് നിയമനം നടത്താൻ കഴിയില്ല. 63 ലക്ഷം പേർ അപേക്ഷ നൽകി കാത്തിരിപ്പുണ്ട്. അവർക്ക് അവസരം നൽകേണ്ടതുണ്ട്. ഇടതു മുന്നണി വർഗീയ കക്ഷികളുമായി സന്ധി ചെയ്യില്ല. വോട്ടിനായി അവരുടെ പിറകെ പോകില്ല.

ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതയോടു ള്ള സമീപനത്തെ കുറിച്ചും ജമാഅത്തെ ഇസ്​ലാമിയുമായുള്ള ബന്ധത്തെ കുറിച്ചും യു.ഡി.എഫ് പൊതുസമൂഹത്തോട് തുറന്നു പറയണമെന്നും വിജയരാഘവൻ ആവശ്യപ്പെട്ടു. സി.പി.എം ജില്ല സെക്രട്ടറി പി.മോഹനനും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.