തിരുവനന്തപുരം: വയനാട്ടിലെ ലോക്സഭ തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ നടത്തിയ വിവാദ പരാമർശങ്ങൾ ഇൻഡ്യ മുന്നണിക്കെതിരെ ആയുധമാക്കി ബി.ജെ.പി. ലോക്സഭ പ്രതിപക്ഷ നേതാവിന്റേത് വർഗീയവാദികളുടെ പിന്തുണയോടെയുള്ള വിജയമാണെന്ന് ഘടകകക്ഷിനേതാവ് തന്നെ പ്രഖ്യാപിച്ചതാണ് ഗൗരവതരമായി മാറുന്നത്. കോൺഗ്രസും സി.പി.എമ്മും ഒത്തുചേർന്ന് ഇൻഡ്യ സഖ്യമെന്ന പേരിലാണ് പ്രവർത്തിക്കുന്നതെന്നും ഇവർ വർഗീയശക്തികളെ വളർത്തുകയാണെന്നും ബി.ജെ.പി പ്രഭാരി പ്രകാശ് ജാവദേത്കർ പ്രതികരിച്ചു. ഉത്തരേന്ത്യയിലെ സംഘ് അനൂകൂല സാമൂഹികമാധ്യമ ഹാൻഡിലുകളും വിഷയം ചർച്ചയാക്കാൻ ശ്രമിക്കുകയാണ്. എന്നാൽ, വിവാദങ്ങൾ ഉയരുമ്പോഴും ഫേസ്ബുക് പോസ്റ്റിലൂടെ വിജയരാഘവൻ നിലപാട് ആവർത്തിച്ചു. ഫലത്തിൽ വയനാട്ടിൽ രാഹുലിന്റെയും പ്രിയങ്കയുടെയും ജയം ന്യൂനപക്ഷ വിജയമായി വരുത്താൻ ശ്രമിക്കുന്ന ബി.ജെ.പിയുടെ നീക്കങ്ങൾക്കാണ് വിജയരാഘവന്റെ വാക്കുകൾ കരുത്തേകുന്നത്.
‘ഇൻഡ്യ’ക്കൊപ്പം നിൽക്കുമ്പോൾ തന്നെ മുന്നണിയുടെ രാഷ്ട്രീയ സമീപനങ്ങളെ ദുർബലപ്പെടുത്തുന്ന നിലപാടാണ് പൊളിറ്റ് ബ്യൂറോ അംഗത്തിൽനിന്ന് ഉണ്ടായത്. ഇതിനിടെ കോൺഗ്രസും സി.പി.എമ്മും വർഗീയ ശക്തികളെ വളർത്തുകയാണെന്ന പരാമർശവുമായി ബി.ജെ.പി നേതാവ് എം.ടി രമേശും രംഗത്തെത്തി. വിജയരാഘവൻ ഉന്നമിട്ടത് കോൺഗ്രസിനെയാണെങ്കിലും വിഷയം ആയുധമാക്കിയ ബി.ജെ.പി ഇരുകൂട്ടരെയും ഉന്നംവെയ്ക്കുകയാണ്.
പൗരത്വസമരത്തിൽ തീവ്രവാദികൾ നുഴഞ്ഞുകയറുന്നുവെന്ന് നിയമസഭയിൽ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന, പൗരത്വപ്രക്ഷോഭം നേരിടാൻ സംഘ്പരിവാർ ആയുധമാക്കിയതിന് സമാനമാണ് സാഹചര്യം. അന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ലോക്സഭയില്‍ കേരള മുഖ്യമന്ത്രിയുടെ പരാമർശം അടിവരയിട്ട് സംസാരിച്ചിരുന്നു. വിജയരാഘവന്റെ പരാമർശത്തിനെതിരെ യു.ഡി.എഫ് രംഗത്തെത്തിയെങ്കിലും സി.പി.എം പ്രതികരിച്ചിട്ടില്ല.
മെക് സെവൻ വ്യായാമ കൂട്ടായ്മക്കെതിരെ കോഴിക്കോട് ജില്ല സെക്രട്ടറി നടത്തിയ വർഗീയ പരാമർശങ്ങൾ തള്ളിപ്പറഞ്ഞ് വിവാദങ്ങളിൽനിന്ന് ഒരുവിധം പാർട്ടി തലയൂരുമ്പോഴാണ് അടുത്ത കല്ലുകടി. മാത്രമല്ല, ഒറ്റപ്പെട്ടതെന്ന് ന്യായീകരിക്കാനാകാത്ത വിധമാണ് വിവാദങ്ങളുടെ ആവർത്തനം.
പ്രതിപക്ഷമാകട്ടെ കാഫർ സ്ക്രീൻഷോട്ടും മുഖ്യമന്ത്രിയുടെ ഹിന്ദു അഭിമുഖവും മുതലുള്ള സമാന വിവാദശൃംഖലകൾ അക്കമിട്ട് സി.പി.എം വർഗീയ കാർഡ്മാറ്റ രാഷ്ട്രീയത്തിലേക്കെന്ന ഗുരുതര ആരോപണമുന്നയിച്ച് കഴിഞ്ഞു. 2019ൽ രാഹുൽ നാമനിർദേശ പത്രിക സമർപ്പിക്കാനെത്തിയപ്പോൾ നടത്തിയ റാലിയെ കുറിച്ച് അമിത് ഷാ നടത്തിയ പരാമർശങ്ങളുടെ ലൈനിലാണ് വിജയരാഘവൻ പ്രസംഗിക്കുന്നതെന്നാണ് വിമർശനം. തലസ്ഥാനത്തെ സി.പി.എം ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്ത പി.ബി അംഗം എം.എ. ബേബി, ബി.ജെ.പിയുടെ വളർച്ച ഉയർത്തുന്ന ഭീഷണി പ്രസംഗത്തിൽ അടിവരയിട്ടപ്പോഴാണ് വയനാട്ടിൽ മറ്റൊരു പി.ബി അംഗത്തിൽ നിന്നുള്ള അപ്രതീക്ഷിത പരാമർശങ്ങളെന്നതും ശ്രദ്ധേയം.
തിരുവനന്തപുരം: വയനാട്ടിലെ പ്രിയങ്ക ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും വിജയം വർഗീയശക്തികളുടെ പിന്തുണയോടെയാണെന്ന എ. വിജയരാഘവന്റെ പരാമർശത്തിനെതിരെ വിമർശനവുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. വിജയരാഘവന് വര്ഗീയരാഘവനായെന്നും ആ പരാമർശം പി.ബിയുടെ നിലപാടാണോയെന്ന് പ്രകാശ് കാരാട്ട് വ്യക്തമാക്കണമെന്നും വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. എല്ലാ തെരഞ്ഞെടുപ്പിലും സി.പി.എമ്മിന് ഭൂരിപക്ഷമുള്ള തിരുനെല്ലിയിലും രാഹുലും പ്രിയങ്കയും വന്‍ ലീഡ് നേടി. അതും വര്‍ഗീയ വോട്ടാണോയെന്ന് സി.പി.എം വ്യക്തമാക്കണം.
പ്രതിപക്ഷനേതാവ് വി.ഡി. സതീശനെതിരായ വെള്ളാപ്പള്ളി നടേശന്റെ പരാമർശങ്ങളോടുള്ള ചോദ്യങ്ങളോട് സാമുദായിക നേതാക്കന്മാര്ക്ക് അഭിപ്രായം പറയാനുള്ള അവകാശമുണ്ടെന്നും വെള്ളാപ്പള്ളി നടേശന് അഭിപ്രായം പറഞ്ഞതില്‍ തെറ്റില്ലെന്നും കെ.സി പറഞ്ഞു. വെള്ളാപ്പള്ളി നടേശനുള്ള മറുപടി വി.ഡി. സതീശന് പറഞ്ഞിട്ടുണ്ട്. അതില്‍ കൂടുതല്‍ മറുപടി പറയാന്‍ താനുദ്ദേശിക്കുന്നില്ല. എല്ലാ സമുദായങ്ങളെയും ഒരുമിച്ച് കൊണ്ടുപോകുന്നതാണ് കോണ്‍ഗ്രസ് രീതി. ഒരു മതാധ്യക്ഷനെയും അപമാനിക്കുന്ന പതിവ് കോണ്‍ഗ്രസിനില്ല- കെ.സി. വ്യക്തമാക്കി.
കോഴിക്കോട്: ഉത്തരേന്ത്യയിലെ ബി.ജെ.പി രാഷ്ട്രീയം സി.പി.എം കേരളത്തില്‍ പരീക്ഷിക്കുകയാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ വിജയം മുസ്ലിം വർഗീയ ചേരിയുടെ പിന്തുണയോടെയാണെന്ന സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്റെ പ്രസംഗത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ക്രൂരമായ പരാമർശമാണ്. വോട്ടുചോരുന്നുവെന്ന ആധികൊണ്ടാണ് പച്ചക്ക് വർഗീയത പറയുന്നത്. ഇത് കേരളമാണെന്ന് ഓർക്കണം. വയനാട്ടിലെ വോട്ടർമാരെ തള്ളിപ്പറയുന്നതാണ് ഇത്.
സമയമാകുമ്പോൾ കോൺഗ്രസ് അവരുടെ നേതാവിനെ നിശ്ചയിച്ചു മുന്നോട്ടു പോകും. അതിൽ ആരും വിഷമിക്കേണ്ട. ലീഗിന്റെ അഭിപ്രായം പറയേണ്ടിടത്തു പറയും. ഇനി ആര് ലീഡർ ആകുമെന്നതു സംബന്ധിച്ച ചർച്ചകൾ യു.ഡി.എഫിൽ പതിവാണ്. എം.ആർ. അജിത് കുമാറിന് ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകാനുള്ള തീരുമാനം തെറ്റാണ്. വയനാട് യുദ്ധകാലാടിസ്ഥാനത്തിൽ നടത്തേണ്ട പുനരധിവാസം വളരെ വൈകി. ഇക്കാര്യം സർക്കാറിനെ അറിയിച്ചിട്ടുണ്ട്- കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
കൊച്ചി: സി.പി.എം നാവിലൂടെ പുറത്തുവരുന്നത് സംഘ്പരിവാര്‍ ആവര്‍ത്തിക്കുന്ന വര്‍ഗീയതയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രിയങ്കഗാന്ധിയുടെ വിജയം വര്‍ഗീയശക്തികളുടെ പിന്തുണയോടെയാണെന്ന് സി.പി.എം നേതാവ് എ. വിജയരാഘവന് പറഞ്ഞത് സി.പി.എം ലൈനാണ്. കുറെക്കാലമായി പിണറായി വിജയന്റെ നേതൃത്വത്തില്‍ സംഘ്പരിവാറിനെ സന്തോഷിപ്പിക്കാനുള്ള രാഷ്ട്രീയ തീരുമാനങ്ങളാണ് സി.പി.എം സ്വീകരിക്കുന്നത്. പ്രിയങ്കഗാന്ധി ജയിച്ചത് തീവ്രവാദികളുടെ വോട്ടുകൊണ്ടാണെന്ന് വിജയരാഘവന് അല്ലാതെ ആരും പറയില്ല. കേരളത്തിന്റെ പ്രതിപക്ഷ നേതാവ് വിമര്‍ശനത്തിന് അതീതനല്ല. തന്നെ വിമര്‍ശിക്കാന്‍ സാമുദായിക നേതാക്കള്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും പാര്‍ട്ടിയിലുള്ളവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. പാര്‍ട്ടിയിലുള്ളവര്‍ പാര്‍ട്ടിവേദികളില്‍ പറയണമെന്നു മാത്രം. കേരളത്തിലെ യു.ഡി.എഫിനെ അധികാരത്തിലേക്ക് തിരിച്ചെത്തിക്കുകയെന്ന ഉത്തരവാദിത്തമാണ് ദേശീയ നേതൃത്വവും കേരളത്തിലെ എം.എല്‍.എമാരും തനിക്ക് നല്‍കിയിരിക്കുന്നത്. അതിനുവേണ്ടി എല്ലാവരെയും കൂട്ടിയോജിപ്പിച്ച് പ്രവര്‍ത്തിക്കുകയാണ്. അതിനിടയില്‍ ഉണ്ടാകുന്ന ഇത്തരം കാര്യങ്ങള്‍ ആ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ല.
തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ചരിത്ര വിജയത്തില്‍ വര്‍ഗീയത കണ്ടെത്തിയ സി.പി.എം പി.ബി അംഗം എ. വിജയരാഘവന്റെ പരാമര്‍ശത്തിലൂടെ പുറത്തുവന്നത് ന്യൂനപക്ഷ വിരുദ്ധത മുഖമുദ്രയാക്കിയ സംഘ്പരിവാര്‍ അജണ്ടയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് എം.പി. കടുത്ത ന്യൂനപക്ഷ വിരുദ്ധത പ്രചരിപ്പിച്ച് സി.പി.എം തീവ്ര ഹിന്ദുത്വത്തിലേക്ക് അതിവേഗം മുന്നേറുകയാണ്. ആർ.എസ്.എസ് വത്കരണമാണ് സി.പി.എമ്മില്‍ നടക്കുന്നത്. സി.പി.എം നേരിടുന്ന ആശയ ദാരിദ്ര്യവും ജീര്‍ണതയുമാണ് പ്രകടമായത്. വയനാട്ടിലെ വിജയം ബഹുഭൂരിപക്ഷം മതേതര ജനാധിപത്യ ചേരിയിലുള്ള ജനവിഭാഗത്തിന്റെ പിന്തുണയോടെയാണ്. അതിനെ വര്‍ഗീയമായി ചാപ്പകുത്തുന്നത് ജനങ്ങളെ അപമാനിക്കുന്നതാണെന്നും കെ. സുധാകരന് പറഞ്ഞു.
തിരുവനന്തപുരം: വയനാട്ടിലെ ചരിത്ര വിജയത്തില്‍ വര്‍ഗീയത കണ്ടെത്തിയ എ. വിജയരാഘവനെ ആർ.എസ്.എസിന്റെ അഖില്‍ ഭാരതീയ പ്രതിനിധി സഭയില്‍ ഉള്‍പ്പെടുത്തുകയാണ് വേണ്ടതെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസന്. ആർ.എസ്.എസിനേക്കാള്‍ വര്‍ഗീയ വിഷം ചീറ്റുന്ന സംഘടനയായി സി.പി.എമ്മും അതിന്റെ നേതാക്കളും മാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.