ഹരിപ്പാട്: പതിനഞ്ചിൽ പരം കേസുകളിൽ പ്രതിയായ യുവാവിനെ പൊലീസ് തന്ത്രപരമായ നീക്കങ്ങളിലൂടെ വലയിലാക്കി. ചെറുതന വടക്കുമുറിയിൽ സൗപർണിക വീട്ടിൽ അഭിജിത്തിനെയാണ് (വൈശാഖ് -35) തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ മാന്നാർ ഭാഗത്ത് വെച്ച് അറസ്റ്റ് ചെയ്തത്. ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശാനുസരണം കായംകുളം ഡി.വൈ.എസ്.പി. അലക്സ് ബേബി, ഐ. എസ്. എച്ച്.ഒ. ശ്യാംകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.
2005 മുതൽ ഹരിപ്പാട് മാന്നാർ കായംകുളം അടൂർ ചാലക്കുടി പൊലീസ് സ്റ്റേഷൻ പരിധികളിൽ വധശ്രമം കഠിനദേഹോപദ്രവം, കഞ്ചാവ് കൈവശം വെക്കൽ, പോക്സോ തുടങ്ങി 15 പരം കേസുകളിൽ പ്രതിയാണ്. ക്വട്ടേഷൻ മയക്കുമരുന്ന് മാഫിയയുമായി ഇയാൾക്ക് ബന്ധമുണ്ട്. അഞ്ചുമാസം മുമ്പ് മാന്നാർ സ്റ്റേഷൻ പരിധിയിൽ വച്ച് ഒന്നരക്കിലോ കഞ്ചാവുമായി പിടികൂടിയിരുന്നു. ഒരു സ്ഥലത്തോ സ്വന്തം വീട്ടിലോ ഇയാൾ സ്ഥിരമായി താമസിക്കാറില്ല. പല ജില്ലകളിലായി വാടകവീടുകളിലും ലോഡ്ജുകളിലും റിസോർട്ടുകളിലും മുറികൾ എടുത്ത് ആഡംബര ജീവിതം നയിക്കുകയാണ് ഇയാളുടെ പതിവ്. പൊലീസിനെ കബളിപ്പിക്കുന്നതിനായി സ്വന്തം പേരിലുള്ള സിം കൂട്ടുകാരുടെ മൊബൈലിൽ ഇട്ട് പ്രവർത്തിപ്പിക്കുകയും പല പെൺകുട്ടികളുടെയും മറ്റു പലരുടെയും വിലാസത്തിലുള്ള സിം ഉപയോഗിക്കുകയും ചെയ്യുന്നതാണ് ഇയാളുടെ രീതി.
എന്നാൽ ഇയാളുടെ തന്ത്രങ്ങളെല്ലാം മനസ്സിലാക്കിയ പൊലീസ് ഇയാളുടെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികെയായിരുന്നു. സുഹൃത്തുക്കളെയും കൊട്ടേഷൻ മയക്കുമരുന്ന് മാഫിയകളെയും കാണാൻ വരുന്ന സ്ഥലങ്ങളിൽ പൊലീസുകാർ വേഷം മാറി നിന്നും സൈബർ സെല്ലിന്റെ സഹായത്തോടെ നീക്കങ്ങൾ നിരീക്ഷിച്ചും തന്ത്രപരമായ നീക്കത്തിലൂടെ ആണ് പ്രതിയെ വലയിലാക്കിയത്. എസ്.ഐ. സവ്യസച്ചി, എസ്. സി. പി. സബീന, സി. പി. ഒ.മാരായ നിഷാദ്, സിദ്ദീക്കുൽ അക്ബർ, സുജിത്, ശ്രീജ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.