കോഴിക്കോട്: ചരിത്രത്തിലാദ്യമായി മലയാളികളായ ട്രാൻസ്ജെൻഡേഴ്സ് തമ്മിൽ വിവാഹിതരാകുന്നു. സ്ത്രീയായി ജനിച്ച് പുരുഷനായി മാറിയ ആരവ് അപ്പുകുട്ടനും പുരുഷനായി പിറന്ന് സ്ത്രീയായി മാറിയ സുകന്യ കൃഷ്ണയുമാണ് വിവാഹത്തിലൂടെ ചരിത്രം കുറിക്കുന്നത്. ഇന്ത്യയിൽതന്നെ ഇത്തരത്തിലൊരു വിവാഹം ആദ്യമായാണെന്ന് ഇവർ പറയുന്നു. 46കാരനായ ആരവ് പ്രവാസിയാണ്.13 വർഷം ദുബൈയിലെ കമ്പനിയിൽ സെയിൽസ് മാനേജരായിരുന്നു. 22കാരിയായ സുകന്യ കൃഷ്ണ ബംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റിയിൽ സോഫ്റ്റ് വെയർ എൻജിനീയറാണ്. ആരവ് അപ്പുകുട്ടൻ ആദ്യമായി തെൻറ ജീവിതം തുറന്നുപറഞ്ഞത് ‘മാധ്യമം ആഴ്ചപ്പതിപ്പ്’ 2017 ഏപ്രിലിൽ കവർസ്റ്റോറിയായി പ്രസിദ്ധീകരിച്ചിരുന്നു.
മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയരായ ഇവർ വിവാഹിതരാകാൻ തീരുമാനിക്കുകയായിരുന്നു. കോട്ടയം മുണ്ടക്കയത്തെ ഏന്തയാറിൽ ജനിച്ച ബിന്ദു (ആരവ്) ഹൈസ്കൂളിൽ പഠിക്കുേമ്പാഴാണ് തെൻറ സ്വത്വം തിരിച്ചറിയുന്നത്. ബിന്ദു കോട്ടയം കെ.ടി.ഡി.സിയുടെ ഹോട്ടൽ ഐശ്വര്യയിലും, ഐ.ടി.ഡി.സിയുടെ കോവളം അശോക് ബീച്ച് റിസോർട്ടിലും ജോലിചെയ്തു. പിന്നീട് ദുബൈയിലെ കമ്പനിയിൽ സെയിൽസ് മാനേജരായി.
എറണാകുളം തൃപ്പൂണിത്തുറ സ്വദേശിയായ ചന്തു ഇൻറർസെക്സായിട്ടാണ് (പുരുഷെൻറയും സ്ത്രീയുടെയും ലൈംഗികാവയവത്തോടെ ജനിക്കുന്ന അവസ്ഥ) ജനിച്ചത്. ആൺകുട്ടിയായി വളർത്താനാണ് വീട്ടുകാർ ശ്രമിച്ചത്. പത്താം ക്ലാസിൽ പഠനം നിർത്തേണ്ടിവന്ന ചന്തു (സുകന്യ) ബംഗളൂരുവിലേക്ക് പോയി. തിരിച്ച് നാട്ടിലെത്തി. ഫ്രീലാൻസറായി വെബ് ഡിസൈനിങ് ജോലി ചെയ്യുന്നതിനിടെ ബംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റിയിലെ സ്വകാര്യകമ്പനിയിൽ ജോലി ലഭിച്ചു. ഗസറ്റിൽ പേര് മാറ്റിക്കിട്ടിയെങ്കിലും ആധാറും, പാൻ കാർഡുമൊന്നും ലഭിച്ചില്ലെന്ന് ആരവും സുകന്യയും പറയുന്നു. രേഖകൾ ലഭിച്ചശേഷം സെപ്റ്റംബറിൽ നിയമപ്രകാരം വിവാഹിതരാകാനാണ് തീരുമാനം. വിവാഹശേഷം കുഞ്ഞിനെ ദത്തെടുത്ത് ജീവിതം കൂടുതൽ ധന്യമാക്കുമെന്ന് ഇവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.