കോഴിക്കോട്: ലോക മലയാളികൾ മനസ്സിലെ നന്മയുടെ മുത്തുകോർത്ത് കൊലമരത്തിൽനിന്ന് രക്ഷിച്ച അബ്ദുറഹീം നാടണയുന്നതിന് നാളുകളെണ്ണി നാട്ടുകാർ. ഒന്നര വ്യാഴവട്ടക്കാലമായി റിയാദ് ജയിലിൽ കഴിയുന്ന റഹീമിന് പ്രത്യാശ പകർന്ന് ദിയാധനമായ 34 കോടി രൂപ നാട്ടുകാരുടെ നേതൃത്വത്തിൽ സമാഹരിച്ചത് വെള്ളിയാഴ്ചയോടെയാണ്. ഇതോടെ റഹീമിനെ ഉടൻ നാട്ടിലെത്തിക്കാനാകുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് വീട്ടുകാരും നാട്ടുകാരും.
മോചനത്തിനുള്ള മുഴുവൻ തുകയും ബാങ്ക് അക്കൗണ്ടിലെത്തിയതായി വിദേശകാര്യ മന്ത്രാലയം വഴി എംബസി മുഖേന മരിച്ച സൗദി പൗരന്റെ കുടുംബ അഭിഭാഷകനെ അറിയിച്ചതായി അബ്ദുറഹീം നിയമസഹായ സമിതി ട്രസ്റ്റ് ചെയർമാൻ കെ. സുരേഷ് കുമാർ പറഞ്ഞു. സമാഹരിച്ച പണമുള്ള ഫെഡറൽ ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക് തുടങ്ങിയവയുടെ ഉയർന്ന ഉദ്യോഗസ്ഥരുമായി തിങ്കളാഴ്ച സമിതി ചർച്ച നടത്തി തുക വിദേശത്തേക്ക് അയക്കുന്നതിന്റെ നടപടികൾ പൂർത്തിയാക്കും. റിയാദിലെ കാര്യങ്ങൾ നോക്കുന്നതിന് അഷ്റഫ് വേങ്ങാട്ട്, നിജാത്ത് എന്നിവരെ സമിതി ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അബ്ദുറഹീമിനെ നാട്ടിലെത്തിക്കുംവരെ സമിതി പ്രവർത്തിക്കും. ആവശ്യമായ തുക സമാഹരിച്ചതിനാൽ ഇനി പണം സ്വീകരിക്കില്ല.
അധികമായി ലഭിച്ച തുകയുടെ കാര്യത്തിൽ അടുത്ത ദിവസം യോഗം ചേർന്ന് തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫറോക്കിൽ ഓട്ടോ ഡ്രൈവറായിരുന്ന കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുറഹീം 22 വയസ്സുള്ളപ്പോൾ 2006 നവംബർ 28നാണ് ഹൗസ് ഡ്രൈവർ വിസയിൽ റിയാദിലേക്ക് പോയത്.
സ്പോണ്സര് അബ്ദുല്ല അബ്ദുറഹ്മാന് അല്‍ ശഹ്രിയുടെ ശാരീരിക വൈകല്യമുള്ള മകന് അനസ് അല്‍ ശഹ്രിയെ പരിചരിക്കുന്നതിനിടെ കഴുത്തിൽ ഘടിപ്പിച്ച ട്യൂബിൽ അബദ്ധത്തിൽ റഹീമിന്റെ കൈ തട്ടുകയും അനസ് ബോധരഹിതനായി പിന്നീട് മരണപ്പെടുകയുമായിരുന്നു. ഇതോടെ റിയാദിലെത്തിയതിന്റെ 28ാം നാളിൽ റഹീം ജയിലിലായി. റിയാദ് കോടതി റഹീമിന് വധശിക്ഷ വിധിച്ചതോടെയാണ് ജയിൽ വാസം 18 വർഷത്തോളം നീണ്ടത്. വധശിക്ഷ നടപ്പാകുന്നതിലേക്ക് കാര്യങ്ങളെത്തിയതോടെ നീണ്ട ചർച്ചകൾക്കൊടുവിൽ ദിയ സ്വീകരിച്ച് മാപ്പുനൽകാൻ തയാറാണെന്ന് സൗദി കുടുംബം അറിയിച്ചു. തുടർന്നാണ് നാട്ടുകാർ മൂന്നാഴ്ചക്കുള്ളിൽ 34 കോടി രൂപ സമാഹരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.