പ്രവാസിയെ തട്ടിക്കൊണ്ടുപോയി നഗ്നനാക്കി മർദിച്ച് വിഡിയോ ചിത്രീകരിച്ചു; കൈ എല്ല് മൂന്നിടത്ത് പൊട്ടി, ദേഹം മുഴുവൻ ബ്ലേഡ് ഉപയോഗിച്ച് മുറിവേൽപിച്ചു

ചങ്ങരംകുളം: പ്രവാസിയുവാവിനെ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് ലഹരി നൽകി ക്രൂരമായി മർദിച്ചു. പണവും തിരിച്ചറിയൽ കാർഡ് അടക്കമുള്ള രേഖകളും ഫോണും കവർന്ന സംഘം നഗ്നനാക്കി വിഡിയോ ചിത്രീകരിച്ച ശേഷം വീടിന് മുന്നിൽ ഉപേക്ഷിക്കുകയായിരുന്നു.

കോലളമ്പ് സ്വദേശിനി പണ്ടാരത്തിൽ റഹ്മത്തിന്റെ മകൻ ഫർഹൽ അസീസിനെയാണ് (23) വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയി ഇരുപതോളം പേർ ഒരുരാവും പകലും ക്രൂരമർദനത്തിനിരയാക്കിയത്. രാത്രി കോലളമ്പിലെ വയലിൽ നേരം പുലരുവോളം മർദിച്ച ശേഷം കാളാച്ചാലിലെ സുഹൃത്തിന്റെ വീട്ടിലെ അടച്ചിട്ട മുറിയിലും മർദനം തുടർന്നു. ഇതിനിടെ, മൊബൈലും പണവും രേഖകളും കവർന്ന സംഘം പൂർണനഗ്നനാക്കി വിഡിയോ ചിത്രീകരിച്ചു.

വിദേശത്തുനിന്ന് അവധിക്കെത്തിയ ഫർഹലിനെ ഡിസംബർ 24ന് വൈകീട്ട് ഏഴോടെയാണ് സുഹൃത്തുക്കളായ രണ്ടുപേർ ചേർന്ന് ബൈക്കിൽ കൂട്ടിക്കൊണ്ടുപോയത്. പിറ്റേന്ന് രാത്രി പത്തോടെ ശരീരം മുഴുവൻ പരിക്കുകളോടെ ചങ്ങരംകുളം കോലിക്കരയിൽ ഇവരുടെ വാടകവീടിന് മുന്നിൽ ഉപേക്ഷിക്കുകയായിരുന്നു.

സംഘത്തിന്റെ ഭീഷണി ഭയന്ന് ബൈക്കിൽനിന്ന് വീണതാണെന്നാണ് ആദ്യം യുവാവ് വീട്ടുകാരോട് പറഞ്ഞിരുന്നത്. തുടർന്ന് ബന്ധുക്കൾ കുന്നംകുളത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകിയിരുന്നു.

തിരിച്ച് വീട്ടിലെത്തിയപ്പോൾ ശരീരം മുഴുവൻ അടിയേറ്റ പാടുകൾ കാണുകയും എഴുന്നേറ്റ് നിൽക്കാൻപോലും കഴിയാത്ത അവസ്ഥ വരുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. കൈയിൽ മൂന്നിടത്ത് എല്ലിന് പൊട്ടലുണ്ട്. ശരീരത്തിന്റെ പലഭാഗത്തും ബ്ലേഡ് ഉപയോഗിച്ച് മുറിവേൽപിച്ചു.

സംഭവം പുറത്ത് പറഞ്ഞാൽ നഗ്നവിഡിയോ പുറത്ത് വിടുമെന്നും ജീവിക്കാൻ സമ്മതിക്കില്ലെന്നും സംഘം ഭീഷണിപ്പെടുത്തിയതായും യുവാവ് പറയുന്നു. സംഘത്തിൽപെട്ട യുവാവിന്റെ സഹോദരിയുമായി പ്രണയത്തിലായിരുന്ന ഫർഹലിനെ ഈ വിഷയം സംസാരിക്കാനാണെന്ന് പറഞ്ഞാണ് കൂട്ടിക്കൊണ്ട് പോയതത്രെ.

ലഹരി ഉപയോഗിച്ചിരുന്ന സംഘം എം.ഡി.എം.എ മയക്കുമരുന്ന് തന്റെ മൂക്കിലേക്ക് വലിപ്പിച്ചാണ് മർദിച്ചതെന്നും യുവാവ് പറഞ്ഞു. ചങ്ങരംകുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Tags:    
News Summary - Abducted Expatriate youth stripped naked, brutally thrashed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.