അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചില്ല. ആയുർവേദത്തിെൻറ നാട് ഇത്തവണയും പച്ച പുതച്ച് തന്നെ നിന്നു. സൗമ്യതയും നിറ ചിരിയും മുഖമുദ്രയാക്കിയ ആബിദ് ഹുസൈൻ തങ്ങൾ വീണ്ടും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 16588 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് എൻ.സിപിയിലെ എൻ.എ മുഹഹമ്മദ് കുട്ടിയെ അദ്ദേഹം തോൽപിച്ചത്.
2011ലാണ് കോട്ടക്കൽ മണ്ഡലം നിലവിൽ വരുന്നത്. അന്ന് മുതൽ ഇന്നു വരെ ലീഗ് സ്ഥാനാർഥികളല്ലാതെ ആരും ഇവിടെ നിന്ന് നിയമസഭ കണ്ടിട്ടില്ല. 2011ൽ സ്ഥാനാർഥിയായ അബ്ദുസമദ് സമദാനി ജയിച്ചത് 35902 വോട്ടിെൻറ ഭൂരിപക്ഷത്തിനായിരുന്നു. 2016ൽ ജനവിധി തേടിയ ആബിദ് ഹുസൈൻ തങ്ങൾക്ക് ലഭിച്ച ഭൂരിപക്ഷം 15042 ആയി കുറഞ്ഞിരുന്നു. ഈ ഭൂരിപക്ഷം 16588 ആക്കി ഉയർത്തിയാണ് രണ്ടാം അങ്കത്തിൽ തങ്ങൾ നിയമസഭയിലെത്തിയിരിക്കുന്നത്.
വളാഞ്ചേരി, കോട്ടക്കൽ നഗരസഭകളും പൊന്മള, മാറാക്കര, എടയൂർ, ഇരിമ്പിളിയം, കുറ്റിപ്പുറം പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് മണ്ഡലം. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഏഴ് തദ്ദേശ സ്ഥാപനങ്ങളും യു.ഡി.എഫിെൻറ കയ്യിൽ ഭദ്രമായിരുന്നു. അതുകൊണ്ട് തന്നെ ആബിദ് ഹുസൈൻ തങ്ങളുടെ വിജയം പ്രതീക്ഷിക്കപ്പെട്ടതുമായിരുന്നു. ജനകീയനായ എം.എൽ.എ എന്ന പരിവേഷമാണ് ആബിദ് ഹുസൈൻ തങ്ങളെ വീണ്ടും തെരഞ്ഞെടുക്കാൻ വോട്ടർമാരെ പ്രേരിപ്പിച്ച പ്രധാന ഘടകം.
യു.ഡി.എഫ് ഭരണം വന്നാൽ വിദ്യാഭ്യാസ മന്ത്രി വരെ ആവാൻ സാധ്യതയുള്ള സ്ഥാനാർഥി എന്ന പരിവേഷവും അദ്ദേഹത്തിനുണ്ടായിരുന്നു. ഫാറൂഖ് കോളജിലെ സോഷ്യോളജി വിഭാഗം തലവനായിരുന്ന ആബിദ് ഹുസൈൻ തങ്ങൾ വിദ്യാഭ്യാസ, സാമൂഹിക രംഗത്ത് കഴിവു തെളിയിച്ച ജനപ്രതിനിധിയാണ്. നിരവധി അക്കാദമിക് കമ്മിറ്റികളിൽ അദ്ദേഹം അംഗമായിരുന്നു. ശക്തമായ ലീഗ് വോട്ടുബാങ്കുള്ള മണ്ഡലമെന്നതും അദ്ദേഹത്തിന് കാര്യങ്ങൾ എളുപ്പമാക്കി. മണ്ഡലത്തിെൻറ തുടർ വികസനത്തിന് വോട്ട് ചോദിച്ച് അദ്ദേഹം നടത്തിയ പ്രചാരണ പ്രവർത്തനങ്ങൾ ജനം വിശ്വാസത്തിലെടുത്തു എന്നാണ് മത്സര ഫലം തെളിയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.