കൊല്ലം: ഇന്നലെ തട്ടിക്കൊണ്ടുപോയ അബിഗേൽ സാറ റെജിയെ ഇന്ന് ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചപ്പോൾ ആദ്യം കണ്ടത് സമീപത്ത് ഡ്രൈവിങ് പരിശീലനം നടത്തുന്നവർ. കാറിലെത്തിയവർ കുട്ടിയെ മൈതാനത്ത് ഇറക്കിനിർത്തിയ ശേഷം വേഗത്തിൽ തിരികെ കയറി ഓടിച്ചുപോയെന്ന് കുട്ടിയെ ആദ്യം കണ്ടവർ പറഞ്ഞു. ഒപ്പമുണ്ടായിരുന്നത് ഒരു സ്ത്രീയാണെന്നും ഇവർ വ്യക്തമാക്കി.
കുഞ്ഞിനെ കണ്ടപ്പോൾ തന്നെ ചിത്രങ്ങളിൽ കണ്ട കുട്ടിയാണെന്ന സംശയം വന്നിരുന്നു. രക്ഷിതാക്കളുടെ ഫോട്ടോ കുഞ്ഞിനെ കാണിച്ച് അബിഗേൽ തന്നെയെന്ന് ഉറപ്പുവരുത്തി. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. കുഞ്ഞിന് കുടിക്കാൻ വെള്ളം ഉൾപ്പെടെ എത്തിച്ചുനൽകി -സ്ഥലത്തുണ്ടായവർ പറയുന്നു.
കുട്ടി ക്ഷീണിതയായാണ് കാണപ്പെട്ടത്. അമ്മയെയും വീട്ടുകാരെയും കാണണമെന്നാണ് കുട്ടി പറഞ്ഞുകൊണ്ടിരുന്നത്. പേര് ചോദിച്ചപ്പോൾ അബിഗേൽ എന്നും പറഞ്ഞു. ഇന്നലെ ഉറങ്ങിയത് ഒരു വീട്ടിലാണെന്നും ആളുകളുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
കുട്ടിയുടെ ആരോഗ്യനിലയിൽ ആശങ്കയില്ലെന്ന് പൊലീസ് പറഞ്ഞു. ആശുപത്രിയിൽ വൈദ്യപരിശോധനക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറും.
അതേസമയം, കുട്ടിയെ തട്ടിക്കൊണ്ടുപോയവരെ കുറിച്ച് ഇനിയും വ്യക്തമായ സൂചന ലഭിച്ചിട്ടില്ല. ഇന്നലെ രണ്ടുതവണ വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ട സംഘം ഇന്ന് കുടുംബത്തെ ബന്ധപ്പെടുകയും ചെയ്തിട്ടില്ല. നാടെങ്ങും വലവിരിച്ച് അന്വേഷണം തുടങ്ങിയതോടെ മറ്റു മാർഗങ്ങളില്ലാതെ കുഞ്ഞിനെ ഉപേക്ഷിച്ചതാകാമെന്നാണ് നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.