നിലമ്പൂർ: കഞ്ചാവ് വിൽപ്പന നടക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് വഴിക്കടവ് പൊലീസ് നടത്തിയ പരിശോധയിൽ വീട്ടിൽനിന്നും രണ്ടര കിലോ കഞ്ചാവ് കണ്ടെടുത്ത സംഭവത്തിൽ വിവരമറിഞ്ഞ് ഒളിവിൽ പോയ പ്രതിയെ പിടികൂടി. വഴിക്കടവ് മുണ്ട ആശാരിപ്പൊട്ടിയിലെ ആനപ്പട്ടത്ത് ഷാക്കിർ എന്ന തോഹ സാക്കിറിനെയാണ് (19) കോട്ടയത്തുനിന്നും വഴിക്കടവ് പൊലീസ് പിടികൂടിയത്. പിടിച്ചെടുത്ത കഞ്ചാവ് നാട്ടുകാരുടെ സാന്നിധ്യത്തിൽ എടുത്ത് കോടതിയിൽ ഹാജരാക്കി.
വീട്ടിൽനിന്നും കഞ്ചാവ് പിടിച്ചെടുത്ത വിവരമറിഞ്ഞ് പ്രതി മുങ്ങുകയായിരുന്നു. ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം പ്രത്യേക സംഘം രൂപവത്കരിച്ച് പ്രതിക്കായി അന്വേഷണം തുടങ്ങി. പത്തനംതിട്ട, കോട്ടയം ജില്ലകളിൽ നടത്തിയ അന്വേഷണത്തിൽ പ്രതി ഒളിച്ചുതാമസിക്കുന്ന ചങ്ങാനശ്ശേരിയിലെ സ്ഥലം കണ്ടെത്തുകയായിരുന്നു. തൃക്കോടിത്താനം പൊലീസിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തു.
ആന്ധ്രയിൽനിന്നും ട്രെയിൻ മാർഗം മറ്റൊരു സുഹൃത്തിന്റെ സഹായത്തോടെ കഞ്ചാവ് എത്തിച്ചു എന്നാണ് മൊഴി. കൂടുതലും കോളജ്, സ്കൂൾ കുട്ടികളെ കേന്ദ്രീകരിച്ചാണ് വിൽപന നടത്തുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തി. കഞ്ചാവ് ഉപയോഗത്തിന് എടക്കര സ്റ്റേഷനിലും, ഇതര സംസ്ഥാന ജോലിക്കാരുമായി കശപിശ ഉണ്ടാക്കിയതിന് ഫാറൂഖ് സ്റ്റേഷനിലും പ്രതിക്കെതിരെ മുമ്പും കേസുണ്ടെന്ന് പൊലീസ് പറഞ്ഞു.
വഴിക്കടവ് സബ് ഇൻസ്പെക്ടർ കെ.ജി. ജോസ്, പൊലീസുകാരായ അനുമാത്യു, നിജേഷ്, ഇ.ജി. പ്രദീപ്, വിനീഷ് മാന്തൊടി, ഹരിപ്രസാദ്, പി.പി. വിനു, ഡാൻസാഫ് അംഗങ്ങളായ അഭിലാഷ് കൈപ്പിനി, ആസിഫ് എന്നിവരാണ് പ്രതിയെയും കഞ്ചാവും പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.