കൊച്ചി: കൺട്രോൾ റൂമിന് സമീപം നിർത്തിയിട്ട പൊലീസുകാരെൻറ വാഹനം ഒരുയുവാവ് അഴിച്ചുപണിയുന്നത് കണ്ടാണ് പലരും ശ്രദ്ധിച്ചത്. അവർക്ക് മറുപടിയായി നിറപുഞ്ചിരി സമ്മാനിച്ച് അദ്ദേഹം ജോലി തുടർന്നു.
കോവിഡ് പ്രതിരോധിച്ച് സമൂഹത്തെ സുരക്ഷിതരാക്കാൻ പാടുപെടുന്ന പൊലീസുകാരുടെ കേടായ വാഹനങ്ങൾ നന്നാക്കുകയായിരുന്നു ആലുവ ദേശം സ്വദേശി അബു. പ്രതിഫലം ആഗ്രഹിക്കാതെ, കരുതലാകുന്നവർക്ക് േവഗമേകാൻ ഇറങ്ങിത്തിരിച്ച മെക്കാനിക്.
ലോക്ഡൗണിൽ വർക്ക്ഷോപ്പുകളില്ലാതെ അറ്റകുറ്റപ്പണി ചെയ്യാൻ ബുദ്ധിമുട്ടിയപ്പോൾ താങ്ങായി വന്ന ചെറുപ്പക്കാരെൻറ കഥ ആലുവ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസറായ ഷമീർ കുളങ്ങാട്ടിലാണ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.
ലോക്ഡൗൺ ഇളവ് അനുവദിച്ചപ്പോൾ വാഹനങ്ങൾ നന്നാക്കാനുള്ള സാഹചര്യം പൊലീസ് ഉദ്യോഗസ്ഥർക്ക് കിട്ടിയിരുന്നില്ല. ആ സമയത്താണ് അബുവിനെ ഒരു ഉദ്യോഗസ്ഥൻ വിളിച്ചുകൊണ്ടുവന്നത്. സ്പെയർപാർട്സ് ഉൾപ്പെടെ വാങ്ങിക്കൊണ്ടുവന്ന് അബു പരിഹാരം കണ്ടു. നല്ല പെരുമാറ്റവും നിറഞ്ഞ ചിരിയും അവനെ വേഗം എല്ലാവരുടെയും ഇഷ്ടക്കാരനാക്കി.
നിരവധി പൊലീസുകാരുടെ വാഹനങ്ങൾ കൺട്രോൾ റൂം പരിസരത്ത് കേടുപാടുകൾ തീർത്തുനൽകി. പണിക്കൂലി ചോദിച്ചുവാങ്ങുന്ന ശീലം ഇല്ലാത്തതിനാൽ നിർബന്ധിച്ച് കൊടുക്കുകയാണെന്ന് ഷമീർ പറഞ്ഞു. ലോക്ഡൗൺ കാലത്തെ പൊലീസുകാരുടെ സേവനസന്നദ്ധത എല്ലാവരും പ്രശംസിക്കുമ്പോൾ തങ്ങൾക്ക് സഹായികളായവരെയും ഓർക്കാതിരിക്കാനാവില്ലെന്ന് അദ്ദേഹം പറയുന്നു.
കളമശ്ശേരിയിൽ കാർ മെക്കാനിക്കായ അബു ദേശം പിടക്കമുറ്റം വീട്ടിൽ പരേതനായ കാസിമിെൻറയും ജമീലയുടെയും മകനാണ്.
പൊലീസ് വാഹനങ്ങൾ നന്നാക്കിയതിലൂടെ നിർബന്ധിച്ച് കൊടുത്ത പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകാനാണ് അബു ആഗ്രഹിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.