തിരുവനന്തപുരം: ഭൂമി ഏറ്റെടുക്കൽ നടപടികൾക്ക് സർക്കാർ അനുമതിയായതോടെ സംസ്ഥാനത്ത് സെമി ഹൈസ്പീഡ് റെയിൽ പദ്ധതിക്ക് (സിൽവർ െലെൻ) വേഗംവെക്കുന്നു. ഒന്നാം പിണറായി സർക്കാർ കഴിഞ്ഞവർഷമാണ് പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചത്.
കഴിഞ്ഞദിവസം ചേർന്ന മന്ത്രിസഭ യോഗം ഭൂമി ഏറ്റെടുക്കൽ നടപടിയുടെ പ്രാഥമിക പ്രവർത്തനങ്ങൾക്ക് അനുമതി നൽകി. അതിെൻറ അടിസ്ഥാനത്തിൽ ഭൂമി ഏറ്റെടുക്കൽ ഒരുവർഷം കൊണ്ട് പൂർത്തിയാക്കാനാകുമെന്നാണ് പദ്ധതി നടത്തിപ്പ് കമ്പനിയായ കെ റെയിലിെൻറ കണക്കുകൂട്ടൽ. റെയിൽ നിലവിൽവന്നാൽ നാലരമണിക്കൂർ കൊണ്ട് തിരുവനന്തപുരത്തുനിന്ന് കാസർകോേട്ടക്ക് എത്താൻ സാധിക്കും. പദ്ധതിക്കായി നിരവധി കുടുംബങ്ങളെ കുടിയൊഴിപ്പിക്കേണ്ടിവരും. അത് പ്രതിഷേധങ്ങൾക്കിടയാക്കുമെന്ന ആശങ്കയുള്ളതിനാൽ കരുതലോടെ മാത്രമാകും സർക്കാറും കെ റെയിലും മുന്നോട്ടുപോകുക.
പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാൻ കഴിഞ്ഞദിവസം അനുമതി നൽകിയ മന്ത്രിസഭ സംസ്ഥാന വിഹിതമായി 2100 കോടി രൂപ കിഫ്ബിയിൽനിന്ന് വായ്പയെടുക്കാനും തീരുമാനിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുക്കലിനായി വലിയ തുക ചെലവാകുമെന്നാണ് വിലയിരുത്തൽ. അതിനായി 3000 കോടി ഹഡ്കോയിൽനിന്ന് വായ്പ ലഭ്യമാക്കിയിട്ടുണ്ട്. ബാക്കി തുക മറ്റ് ധനകാര്യ സ്ഥാപനങ്ങളിലൂടെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. കിഫ്ബിയിൽനിന്ന് കൂടുതൽ തുക ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കെ റെയിൽ അധികൃതർ വ്യക്തമാക്കുന്നു. പദ്ധതിക്കാവശ്യമായ നടപടികൾ വേഗത്തിൽ പൂർത്തിയാക്കണമെന്നാണ് കെ െറയിലിന് സർക്കാറിൽനിന്ന് ലഭിച്ചിട്ടുള്ള നിർദേശം.
സാമൂഹിക ആഘാത പഠനം നടത്തുകയാണ് പദ്ധതിയുടെ ആദ്യഘട്ടം. ഇതിനായി റവന്യൂ വകുപ്പ് ജില്ല കലക്ടർമാർ വഴി റിപ്പോർട്ട് തേടും. ശേഷമാണ് ഭൂമി ഏറ്റെടുക്കൽ നടപടിയിലേക്ക് നീങ്ങുക. 63,941 കോടി രൂപയാണ് പദ്ധതിക്ക് പ്രതീക്ഷിക്കുന്ന ആകെ ചെലവ്. ഇൗ സർക്കാറിെൻറ കാലാവധി അവസാനിക്കുന്നതിന് മുമ്പുതന്നെ പദ്ധതി യാഥാർഥ്യമാക്കാനാണ് നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.