തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ ജീവനക്കാരുടെ വരവുംപോക്കും നിയന്ത്രിക്കാൻ നടപ്പാക്കിയ ആക്സസ് കണ്ട്രോൾ സിസ്റ്റം ആദ്യദിനം തന്നെ പണിമുടക്കി. ജീവനക്കാർ ഓഫിസിലേക്ക് പ്രവേശിക്കുമ്പോഴും പുറത്തേക്ക് ഇറങ്ങുമ്പോഴും ഐഡി കാണിച്ചാൽ യന്ത്രകവാടം തുറക്കുന്നതാണ് ആക്സസ് കൺട്രോൾ സിസ്റ്റം. ആദ്യദിനം ജീവനക്കാർ പലർക്കും ഐഡി കാർഡ് കാണിച്ചിട്ടും കവാടം തുറന്നുകിട്ടിയില്ല. സെക്യൂരിറ്റി ജീവനക്കാരുടെ കാർഡ് ഉപയോഗിച്ച് തുറന്നാണ് ജീവനക്കാർ പലരും അകത്ത് കടന്നത്.
ആക്സസ് കണ്ട്രോള്സിസ്റ്റം സ്ഥാപിച്ച കെൽട്രോണിലെ വിദഗ്ധർ എത്തി പരിശോധിച്ചിട്ടും തകരാർ പൂർണമായും പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. സെക്രട്ടേറിയറ്റിൽ പഞ്ച് ചെയ്ത് ഓഫിസിൽ കയറുന്ന ജീവനക്കാർ ഇരിപ്പിടം വിട്ട് കറങ്ങി നടക്കുന്നതായി സെക്രട്ടറിതല യോഗങ്ങളിലെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ആക്സസ് കൺട്രോൾ സിസ്റ്റം കൊണ്ടുവന്നത്. പഞ്ചിങ് നടത്തി മുങ്ങുന്ന ജീവനക്കാരെ പിടിക്കുകയാണ് ലക്ഷ്യം. ഇതുസംബന്ധിച്ച് പൊതുഭരണ സെക്രട്ടറി ജ്യോതിലാൽ ഉത്തരവിറക്കിയപ്പോൾത്തന്നെ ജീവനക്കാരുടെ സംഘടനകളിൽനിന്ന് ശക്തമായ എതിർപ്പുയർന്നു.
ഇതിനെത്തുടർന്ന് പൊതുഭരണ സെക്രട്ടറിയുടെ ഉത്തരവ് ഭേദഗതി ചെയ്തു. ബയോമെട്രിക് പഞ്ചിങ്ങുമായി ബന്ധിപ്പിക്കുമെന്ന ആദ്യ ഉത്തരവിലെ പരാമർശം നീക്കി. രണ്ട് മാസത്തെ പ്രവർത്തനത്തിന് ശേഷം ലഭിക്കുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ബയോമെട്രിക് പഞ്ചിങ്ങുമായി ബന്ധിപ്പിക്കുന്നത് സംബന്ധിച്ച് തീരുമാനിക്കാമെന്നാണ് തിരുത്ത്. ഇതനുസരിച്ചാണ് ശനിയാഴ്ച ആക്സസ് കണ്ട്രോൾ സിസ്റ്റം ആദ്യമായി പ്രവർത്തിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.