ചങ്ങനാശ്ശേരി: ബസിൽനിന്ന് ഇറങ്ങുന്നതിനിടെ സഹയാത്രികന്റെ ബാഗിൽ കൈ കുടുങ്ങി നിലത്ത് വീണയാളുടെ തലയിലൂടെ മറ്റൊരു സൂപ്പര്‍ഫാസ്റ്റ് ബസ് കയറി ദാരുണാന്ത്യം. ചങ്ങനാശ്ശേരി ചെത്തിപ്പുഴ മുട്ടത്തുപടി പുത്തന്‍പറമ്പില്‍ പരേതനായ പി.ജെ. തോമസിന്റെ മകന് ടോണി തോമസാണ് (57) മരിച്ചത്. ഞായറാഴ്ച വൈകീട്ട് മൂന്നോടെ ചങ്ങനാശ്ശേരി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലാണ് അപകടം.
കോഴിക്കോടുനിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന സൂപ്പര്‍ ഫാസ്റ്റ് ബസില്‍നിന്ന് ടോണി തോമസ് സ്റ്റാൻഡിൽ ഇറങ്ങുന്നതിനിടെയാണ് അപകടം. പിന്നിലുണ്ടായിരുന്ന യാത്രികന്റെ ബാഗില്‍ കൈ ഉടക്കി ബാലന്‍സ് തെറ്റി താഴെ വീഴുകയായിരുന്നു. യാത്രികരെ ഇറക്കി മുന്നോട്ട് എടുത്ത സൂപ്പര്‍ഫാസ്റ്റ് ബസിന്റെ പിന്നിലത്തെ ടയറിനടുത്തേക്കാണ് വീണത്. പിന്‍ചക്രം ടോണിയുടെ തലയിലൂടെ കയറി. മറ്റ് ബസ് ജീവനക്കാരും യാത്രികരും ചങ്ങനാശ്ശേരി പൊലീസിലും ഫയര്‍ഫോഴ്സിലും വിവരം അറിയിച്ചു.
ഫയര്‍ഫോഴ്സ് ആംബുലന്‍സിനായി അല്പനേരം കാത്തുനിന്നെങ്കിലും ലഭിച്ചില്ല. ഈ സമയം മറ്റൊരു ബസില്‍ എത്തിയ സി.പി .എം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറി കെ.സി. ജോസഫ് ആംബുലന്‍സ് വിളിച്ച് വരുത്തി മൃതദേഹം ചങ്ങനാശ്ശേരി താലൂക്ക് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. പഴ്സില്‍നിന്നും ലഭിച്ച ലൈസന്‍സില്‍ നിന്നുമാണ് ആളെ തിരിച്ചറിഞ്ഞത്. വര്‍ഷങ്ങളായി ചങ്ങനാശ്ശേരിയില്‍ എവര്‍ ഗ്രീന്‍ എന്ന സ്ഥാപനം നടത്തി ഡെക്കറേഷന് ജോലികള്‍ ചെയ്തുവരികയായിരുന്നു ടോണി.
വീട്ടിലേക്ക് മടങ്ങി വരുമ്പോഴാണ് അപകടം. മൃതദേഹം ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. തിങ്കളാഴ്ച കോട്ടയം മെഡിക്കല്‍ കോളജിലെ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. സംസ്കാരം പിന്നീട്. ഭാര്യ: റാണി ടോണി. മക്കള്‍: റൂണ ട്രീസ ടോണി, ട്രിജോ ടോം ടോണി (ഇരുവരും ദുബൈ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.