ചെങ്കുത്തായ സ്ഥലത്തുള്ള വീടിന്റെ പിന്നിൽ 25 മീറ്റർ ഉയരത്തിൽനിന്ന് കല്ലുകൾ ഉരുണ്ടുവന്ന് വീടിന്റെ ഭിത്തിയിൽ അതിശക്തമായി ഇടിക്കുകയായിരുന്നു. ഇതിന്റെ ആഘാതത്തിൽ വീടിന്റെ ഭിത്തി നിർമിച്ചിരുന്ന കരിങ്കല്ലുകൾ തകർന്ന് പത്മകുമാരി അതിനുള്ളിൽ ഞെരിഞ്ഞമർന്നു. മുറികൾ മുഴുവൻ കല്ലുംകൂട്ടമാണ്. വീടിന്റെ ബാക്കി ഭാഗം ഏതുസമയവും നിലം പൊത്താവുന്ന അവസ്ഥയിലാണ്. തൊഴിലുറപ്പ് തൊഴിലാളിയാണ് പത്മകുമാരി. മൂത്തമകൾ: വൈഷ്ണ.
പത്മകുമാരിയുടെ വീട് എം.എൽ.എയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം സന്ദർശിച്ചു. കെ.യു ജനീഷ് കുമാർ എം.എൽ.എയും റവന്യൂ- പഞ്ചായത്ത് അധികൃതരുമാണ് ആങ്ങമൂഴി വാലുപാറ മംഗലത്ത് വിളയിൽ എത്തിയത്. അർഹമായ നഷ്ടപരിഹാരം സർക്കാരുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് ഇവർ പറഞ്ഞു.
അപകട സമയം ശക്തമായ കാറ്റും മഴയുമായിരുന്നു. പത്മകുമാരിയുടെ മകൾ വർഷയുടെ അലർച്ച കേട്ടാണ് അയൽവാസി കരുവാറ്റ ലെനിയും മകൻ അലനും ഓടി എത്തിയത്. നിമിഷങ്ങൾക്ക്മുമ്പ് ലെനിയുമായി വീടിനു സമീപം സംസാരിച്ചുനിന്ന പത്മകുമാരി കൽക്കൂനക്കുള്ളിൽ കിടക്കുന്നതാണ് ഇവർ കാണുന്നത്. എന്ത് ചെയ്യണമെന്നറിയാതെ പകച്ചുനിന്ന ഇരുവരും സമീപ വീടുകളിലെത്തി വിവരം അറിയിച്ചതോടെ നാട്ടുകാർ ഓടിക്കൂടി. പത്മകുമാരിയുടെ വീടിനു താഴെ താമസിക്കുന്ന വെള്ളാപ്പള്ളിൽ സലിം, അയൽവാസി ബിജു എന്നിവരാണ് ആദ്യമെത്തുന്നത്. പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. പ്രമോദ് അടക്കമുള്ളവർ സ്ഥല ത്തെത്തി.
കല്ലിൻ കൂട്ടത്തിൽനിന്ന് പത്മകുമാരിയെ പുറത്തെടുത്ത് ആശുപ ത്രിയിലേക്കു കൊണ്ടുപോകുകയായിരുന്നു. നാട്ടുകാർക്കൊപ്പം സീതത്തോട്ടിൽനിന്ന് അഗ്നിര ക്ഷാ സേനയും മൂഴിയാർ പൊലീസും രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളായി. നാട്ടുകാർ ചേർന്ന് വീട്ടിലുണ്ടായിരുന്ന പത്മകുമാരിയുടെ മാതാവ് പൊന്നമ്മയെയും മകൾ വർഷയെയും സുരക്ഷിത സ്ഥ ലത്തേക്കു മാറ്റിയിരുന്നു.
കനത്ത മഴയും ശക്തമായ കാറ്റും രക്ഷാപ്രവർത്തനത്തിന് തടസ്സമായി. ലൈനുകൾക്കു മുകളിൽ മരം വീണ കാരണം വൈദ്യുതിയും ഇല്ലായിരുന്നു. മഴ തുടർന്നപ്പോൾ വീണ്ടും കല്ല് ഉരുണ്ടുവരുമോയെന്ന ആശങ്കയിലായിരുന്നു രക്ഷാപ്രവർത്തനം. കല്ല് പതിച്ച വീടിന്റെ ബാക്കിഭാഗങ്ങളും ഏത് സമയവും നിലം പൊത്താവുന്ന നിലയിലാണ്.
മേൽക്കൂരയുടെ ഒരു ഭാഗം തകർന്നതോടെ ബാക്കി ഭാഗങ്ങൾ എങ്ങും ഉറക്കാതെയാണ് നിൽക്കുന്നത്. ചെങ്കുത്തായ സ്ഥലങ്ങളിലാണ് പ്രദേശത്തെ മിക്ക വീടുകളും. വീടുകൾക്കു ഭീഷണിയായി ചെറുതും വലുതുമായ പാറകളുണ്ട്. ഇവ പൊട്ടിച്ച് മാറ്റാനോ സുരക്ഷിതമായി അവിടെ ഉറപ്പിച്ച് വെക്കാനോ കഴിയാത്തതിനാൽ ഏതു സമയവും താഴേക്കു പതിക്കാം. ഇൗ പ്രദേശങ്ങളിൽ മഴക്കാലത്ത് മിക്ക കുടുംബങ്ങളും ഭീതിയുടെ നിഴലിലാണ് കഴിയുന്നത്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.