കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ അന്തേവാസിയായ കൊലക്കേസ് പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. പെരിന്തൽമണ്ണ ദൃശ്യ വധക്കേസ് പ്രതി വിനേഷാണ് ഫോറൻസിക് സെല്ലിൽ ആത്മഹത്യ ശ്രമം നടത്തിയത്.
ഞായറാഴ്ച പകൽ 12ഓടെയാണ് സംഭവം. ഇയാൾ സെല്ലിൽ തൂങ്ങിമരിക്കാൻ ശ്രമിക്കുന്നത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഓഫിസർ എ.കെ. സിനീഷിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഉടൻ രക്ഷപ്പെടുത്തുകയും തുടർന്ന് പ്രഥമ ശുശ്രൂഷ നൽകി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
പ്രതിയുടെ ആരോഗ്യനില തൃപ്തികരമാണ്. കണ്ണൂർ സെൻട്രൽ ജയിലിൽ തടവിൽ കഴിയവേ മാനസികാസ്വാസ്ഥ്യം കാണിച്ചതിനെ തുടർന്നാണ് ഇദ്ദേഹത്തെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. ആത്മഹത്യക്ക് ശ്രമിച്ചതിൽ കേസ് രജിസ്റ്റർ ചെയ്തതായി മെഡിക്കൽ കോളജ് പൊലീസ് അറിയിച്ചു.
നേരത്തെയും ഇയാൾ ആത്മഹത്യശ്രമം നടത്തിയിരുന്നു. മഞ്ചേരി സബ് ജയിലിൽ കഴിയവേ ഇയാൾ കൊതുകുതിരി കഴിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്. പിന്നീട് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോകവേ പയ്യോളിയിലെത്തിയപ്പോൾ മൂത്രമൊഴിക്കണമെന്നാവശ്യപ്പെട്ട് വാഹനത്തിൽനിന്നിറങ്ങി റെയിൽവേ ട്രാക്കിലേക്ക് ഓടുകയും ചെയ്തിരുന്നു.
വിവാഹാഭ്യർഥന നിരസിച്ചതിന് 21കാരിയായ ദൃശ്യയെ 2021 ജൂണിലാണ് വിനീഷ് വീട്ടില്‍ കയറി കുത്തിക്കൊന്നത്. ആക്രമണം തടയാൻ ശ്രമിക്കവേ ദൃശ്യയുടെ സഹോദരി ദേവശ്രീക്കും കുത്തേറ്റിരുന്നു. ഇവരുടെ പിതാവിന്റെ കടക്ക് ഇയാൾ തീയിടുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.