വൻകിടക്കാരുടെ ഭൂമി ഏറ്റെടുക്കൽ; മന്ത്രിയുടെ നിർദേശത്തിന് പുല്ലുവില

കൊച്ചി: വൻകിടക്കാരുടെ ഭൂമി ഏറ്റെടുക്കൽ വിഷയത്തിൽ റവന്യൂ മന്ത്രിയുടെ അന്ത്യശാസനത്തിന് പുല്ലുവില കൽപിച്ച് കലക്ടർമാർ. 68 കേസ് ഉടൻ ഫയൽ ചെയ്യാൻ മന്ത്രി ഒക്ടോബറിൽ കർശന നിർദേശം നൽകിയെങ്കിലും പുതുതായി ഒരു കേസുപോലും ഒരു ജില്ലയിലും ഫയൽ ചെയ്തിട്ടില്ല. 13 ജില്ലകളിലായി 150 ലേറെ കേസുകളാണ് ഫയൽ ചെയ്യേണ്ടത്.

2019 ജൂൺ ആറിനാണ് മുൻസിഫ് കോടതികളിൽ കേസ് ഫയൽ ചെയ്യാൻ നിർദേശിച്ച് ജി.ഒ.എം.എസ് 172/2019/ആർ.ഡി നമ്പർ ഉത്തരവ് സർക്കാർ ഇറക്കിയത്. ഇതനുസരിച്ച് നടപടികളുണ്ടാകാതിരുന്നതിനെ തുടർന്ന് കഴിഞ്ഞ ഒക്ടോബർ 26ന് ജില്ല കലക്ടർമാരുടെ അവലോകന യോഗം ചേർന്നിരുന്നു. യോഗം നടക്കുമ്പോൾ ഒമ്പത് കേസുകൾ മാത്രമാണ് ഫയൽ ചെയ്തിരുന്നത്. നടപടികളുടെ പുരോഗതി വിലയിരുത്താൻ വെള്ളിയാഴ്ച കൊല്ലത്ത് വീണ്ടും കലക്ടർമാരുടെ യോഗം വിളിച്ചിരിക്കുകയാണ് മന്ത്രി.

ആലപ്പുഴ ഒഴികെ 13 ജില്ലകളിലായി അഞ്ചുലക്ഷം ഏക്കർ ഭൂമിക്ക് 150 ഓളം കമ്പനികൾക്കെതിരെയാണ് കേസ് നൽകേണ്ടത്. കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലായി ഇതുവരെ 26,000 ഏക്കറിന് മാത്രമാണ് കേസ് ഫയൽ ചെയ്തത്. തോട്ടം ഭൂമിയുമായി ബന്ധപ്പെട്ട രേഖകൾ സങ്കീർണമായതാണ് കേസുകൾ ഫയൽ ചെയ്യുന്നതിന് കാലതാമസമെന്നാണ് റവന്യൂ അധികൃതർ പറയുന്നത്. ദൈനംദിന സിവിൽ കേസുകളുടെ ഗണത്തിൽ വരുന്നവയല്ല തോട്ടങ്ങളുടെ ആധാരങ്ങളുമായി ബന്ധപ്പെട്ടവ. അതിനാൽ കേസുകൾ പഠിച്ച് ഫയൽ ചെയ്യുന്നതിന് കൂടുതൽ സമയം വേണ്ടിവരുന്നു. ഇതിനു പുറമെ വിഷയത്തിൽ പ്രാവീണ്യമുള്ള അഭിഭാഷകർ ജില്ല ഗവൺമെന്‍റ് കാര്യാലയങ്ങളിലില്ലാത്തതും കേസുകൾ നൽകുന്നതിലെ കാലതാമസത്തിന് കാരണമെന്നാണ് ഉന്നത റവന്യൂ ഉദ്യോഗസ്ഥർ പറയുന്നത്.

വൻകിടക്കാരുടെ കൈവശഭൂമിയായതിനാൽ ഭരണപക്ഷ പ്രാദേശിക നേതാക്കളുടെ കടുത്ത സമ്മർദം സർക്കാർ അഭിഭാഷകർക്കും ഉദ്യോഗസ്ഥർക്കും ഉണ്ടെന്ന് അധികൃതർ സമ്മതിക്കുന്നു. തെക്കൻ ജില്ലകളിൽ ഏറ്റവുമധികം കേസുകൾ ഫയൽ ചെയ്യേണ്ട ഇടുക്കിയിൽ സ്പെഷൽ ഗവ. പ്ലീഡറായി അഡ്വ. സജി കൊടുവത്തിനെ നിയമിച്ച് കഴിഞ്ഞ തിങ്കളാഴ്ച ഉത്തരവിറങ്ങി. ശബരിമല വിമാനത്താവളത്തിനായി ഏറ്റെടുക്കുന്ന ചെറുവള്ളി എസ്റ്റേറ്റിനെതിരെ പാലാ കോടതിയിൽ കേസ് ഫയൽ ചെയ്തത് ഇദ്ദേഹമാണ്. ഏറ്റവും കൂടുതൽ കേസുകൾ നൽകേണ്ടത് ഇടുക്കിയിലും വയനാട്ടിലുമാണ്. വയനാട്ടിൽ ഒരു കേസുപോലും ഫയൽ ചെയ്തിട്ടില്ല. ഇടുക്കിയിൽ ഒരുകേസ് മാത്രമാണ് ഫയൽ ചെയ്തത്.

Tags:    
News Summary - Acquisition of land by bigwigs; Collector's are not implementing ministers decision

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.