കൊച്ചി: വൻകിടക്കാരുടെ ഭൂമി ഏറ്റെടുക്കൽ വിഷയത്തിൽ ഉരുണ്ടുകളിച്ച് വയനാട് റവന്യൂവിഭാഗം. വെള്ളിയാഴ്ച കൊല്ലത്ത് ചേർന്ന കലക്ടർമാർ അടക്കമുള്ള റവന്യൂ ഉദ്യോഗസ്ഥരുടെ യോഗത്തിൽ ഭൂമി ഏറ്റെടുക്കുന്നതിന് ന്യായീകരണമായി വയനാട്ടിൽനിന്നുള്ള ഉദ്യോഗസ്ഥർ ഉന്നയിച്ച വാദങ്ങൾ എല്ലാം സർക്കാർ ഉത്തരവുകൾക്ക് വിരുദ്ധം. വൻകിടക്കാരുടെ ഭൂമി ഏറ്റെടുക്കാതിരിക്കാൻ ചെറുകിടക്കാരെ കവചമായി ഉപയോഗിക്കുന്നതിന് ഇവർ കൂട്ടുനിൽക്കുന്നതായി വാദങ്ങളിൽനിന്ന് വ്യക്തം.
വൻകിടക്കാരുടെ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കേസുകൾ ഫയൽ ചെയ്യേണ്ട ജില്ല വയനാടാണ്. 2022 ഒക്ടോബർ 26ന് തിരുവനന്തപുരത്ത് റവന്യൂ മന്ത്രി കെ. രാജൻ വിളിച്ച യോഗത്തിൽ വയനാട്ടിൽ 44 കേസ് ഫയൽ ചെയ്യാനാണ് നിർദേശിച്ചത്. 53,067.47 ഏക്കർ ഭൂമിയാണ് 44 കേസിലായി ഉൾപ്പെടുന്നത്. വെള്ളിയാഴ്ച കൊല്ലത്ത് ചേർന്ന അവലോകന യോഗത്തിലും ഒരു കേസുപോലും ഫയൽ ചെയ്തിട്ടില്ലെന്നാണ് വയനാട് കലക്ടർ അറിയിച്ചത്.
ഇതിന് കാരണമായി ചൂണ്ടിക്കാട്ടിയത് വൻകിടക്കാരിൽനിന്ന് ഭൂമി വിലയ്ക്ക് വാങ്ങിയ നൂറുകണക്കിന് കർഷകർ ഉണ്ടെന്നും അവ ഏറ്റെടുക്കുന്നതിന് കേസ് കൊടുത്താൽ ജില്ലയിൽ വൻ പ്രക്ഷോഭമുയരുമെന്നുമാണ്. വൻകിട കമ്പനികളിൽനിന്ന് നാല് ഏക്കർവരെ ഭൂമി വിലയ്ക്ക് വാങ്ങിയവരുടെ ഭൂനികുതി, പോക്കുവരവ്, മറ്റ് റവന്യൂ സർട്ടിഫിക്കറ്റുകൾ എന്നിവ നൽകേണ്ടതാണെന്ന് കാട്ടി 2018 മേയ് 24ന് നാല് സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. 2019 ജൂൺ 10ന് ഇറക്കിയ പുതിയ ഉത്തരവിൽ ക്രയസർട്ടിഫിക്കറ്റുകൾ നേടിയ 20 ഏക്കർവരെയുള്ളവരുടെ ഭൂമിക്ക് സാധൂകരണം നൽകി രേഖകൾ നൽകാനും നിർദേശിച്ചിരുന്നു.
ഈ ഉത്തരവ് റവന്യൂ അധികൃതർ നടപ്പാക്കിയില്ല. വൻകിടക്കാർക്കെതിരെ സിവിൽ കേസുകൾ ഫയൽ ചെയ്യാൻ നിർദേശിച്ച് ഉത്തരവ് ഇറങ്ങിയത് 2019 ജൂൺ ആറിനാണ് (GO(MS) 172/2019/RD). ഇതനുസരിച്ച് ഹാരിസൺസ് മലയാളം, ചന്ദ്രപ്രഭ ചാരിറ്റബിൾ ട്രസ്റ്റ്, ബ്രഹ്മഗിരി എസ്റ്റേറ്റ്, കുള്ളോട് എസ്റ്റേറ്റ്, ഒരു എം.പിയുടെ ഭാര്യ തുടങ്ങിയവർക്കെല്ലാമെതിരെയാണ് കേസെടുക്കേണ്ടത്. സർക്കാർ ഉത്തരവ് മറച്ചുവെച്ച് ചെറുകിട കർഷകരുടെ ഭൂമി സർക്കാർ ഏറ്റെടുക്കുന്നുവെന്ന് പ്രചരിപ്പിച്ച് കർഷകരെ സമരത്തിനിറക്കാൻ വൻകിടക്കാരെ അനുകൂലിക്കുന്ന രാഷ്ട്രീയപാർട്ടികൾ രംഗത്തുണ്ട്.
വൻകിടക്കാരുടെ സമ്മർദത്തിന് വഴങ്ങിയാണ് ചെറുകിടക്കാരുടെ രേഖകളുടെ വിതരണം റവന്യൂ വകുപ്പ് നിർത്തിവെച്ചിരിക്കുന്നതെന്ന് ഭൂസമരക്കാർ ആരോപിക്കുന്നുണ്ട്.കേസ് നൽകുമ്പോൾ ‘2019 ജൂൺ 10ന് ഇറക്കിയ സർക്കാർ ഉത്തരവിൽ പറയുന്ന ഇനം ഭൂമിയും സംരക്ഷിത വനഭൂമിയും മിച്ചഭൂമിയായി ഏറ്റെടുത്തതും വിതരണം ചെയ്തതുമായ ഭൂമിയും ഒഴികെയുള്ള ഭൂമികൾ’ എന്ന വാചകം രേഖപ്പെടുത്തിയാൽ മതിയെന്ന നിർദേശം കലക്ടർക്ക് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.