കോഴിക്കോട്: ക്രമക്കേടുകൾ നടത്തിയെന്ന ആരോപണത്തെ തുടർന്ന് മുൻ വൈസ് ചാൻസലർ ഡോ. എം. അബ്ദുൽ സലാമിനെതിരെ നടപടിക്ക് നിയമോപദേശം തേടാനൊരുങ്ങി കാലിക്കറ്റ് സർവകലാശാല. സലാമിനെതിരെ നടപടിയെടുക്കുന്നതുമായി ബന്ധപ്പെട്ട് നിയമോപദേശം തേടാൻ തിങ്കളാഴ്ച ചേർന്ന സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. 2011 മുതൽ 15 വരെ സലാം വി.സിയായിരുന്ന സമയത്തെ ചില ക്രമക്കേടുകളിലാണ് സിൻഡിക്കേറ്റ് നിയമോപദേശം തേടുക.
സിൻഡിക്കേറ്റിെൻറ അനുമതിയില്ലാതെ സ്വകാര്യ ആർകിടെക്ച്ചറൽ കൺസൾട്ടൻസിയെ നിയോഗിച്ചതിൽ ക്രമക്കേടുള്ളതായി സംസ്ഥാന ധനകാര്യ പരിശോധന വിഭാഗത്തിെൻറ അേന്വഷണ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് നടപടിക്കൊരുങ്ങുന്നത്.
കാസ് ലാബ് എന്നപേരിൽ പുതിയ കെട്ടിടം നിർമിക്കുന്നതിനാണ് കൺസൾട്ടൻസിയെ നിയോഗിച്ചത്. ടെൻഡർ ക്ഷണിക്കാതെ 39 ലക്ഷം ചെലവഴിച്ച് മണ്ണുമാന്തലടക്കമുള്ള ജോലികൾ അന്ന് തുടങ്ങിയിരുന്നു. ഇക്കാര്യത്തെക്കുറിച്ച് വകുപ്പുതലത്തിൽ കർശന അച്ചടക്ക നടപടി വേണമെന്ന് ധനകാര്യ പരിശോധന വിഭാഗം നിർദേശിച്ചിരുന്നു. സർവകലാശാല ജീവനക്കാരുടെ പരാതിയെ തുടർന്നായിരുന്നു അന്വേഷണം.
ഉത്തരക്കടലാസുകൾ സൂക്ഷിക്കാനും ആവശ്യമുള്ളപ്പോൾ കണ്ടെടുക്കാനുമുള്ള ഓട്ടോമേറ്റഡ് സ്റ്റോറേജ് ആൻഡ് റിട്രീവൽ സിസ്റ്റവുമായി മുന്നോട്ടു പോകാനും സിൻഡിക്കേറ്റ് യോഗത്തിൽ തീരുമാനമായി. ഇവ സ്ഥാപിക്കാൻ വൻതുക ചെലവാകുമെന്നും കൈകാര്യചെലവ് കൂടുതലാണെന്നും സർവകലാശാല ധനകാര്യ വിഭാഗം റിപ്പോർട്ട് നൽകിയിരുന്നു. ജീവനക്കാരുടെ എണ്ണം വെട്ടിക്കുറക്കാനിടയാക്കുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. 116 അധ്യാപക തസ്തികകളിലേക്ക് അപേക്ഷയുടെ വിജ്ഞാപനമിറക്കാനും തീരുമാനിച്ചു.
കോഴിക്കോട് പ്രോവിഡൻസ് വിമൻസ് കോളജിൽ ബോട്ടണി വിഷയത്തിലും വാഴക്കാട് ദാറുൽ ഉലൂം കോളജിലും വളവന്നൂർ അൻസാർ അറബിക് കോളജിലും അറബിയിലും ഗവേഷണകേന്ദ്രങ്ങൾ ആയി അംഗീകരിച്ചു. ഫാറൂഖ് കോളജ് (ഇക്കണോമിക്സ്), പാലക്കാട് മേഴ്സി കോളജ് (ഫിസിക്സ്), സുൽത്താൻ ബത്തേരി സെൻറ് മേരീസ് കോളജ് (പൊളിറ്റിക്കൽ സയൻസ്) എന്നിവയും ഗവേഷണകേന്ദ്രങ്ങളായി അംഗീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.